കെ. റെയിൽ: കണ്ണീരുമായി തങ്ക; ജില്ലയിൽ 24 കിലോമീറ്റർ കല്ല് നാട്ടി
text_fieldsതവനൂർ: പുറത്ത് പ്രതിഷേധം കനക്കവേ തവനൂർ കാർഷിക എൻജിനീയറിങ് കോളജ് പരിധിയിൽ സിൽവർ ലൈൻ സർവേ തുടങ്ങി. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് ഭാരതപ്പുഴക്ക് സമീപം സർക്കാർ ഭൂമിയിൽ ആദ്യ കല്ല് നാട്ടിയത്. തുടർന്ന് സാങ്കേതിക പ്രശ്നം നേരിട്ടതോടെ നിർത്തി വെച്ചു.
പ്രശ്നം പരിഹരിച്ച് ഉച്ചക്ക് ശേഷം കല്ലിടൽ പുനരാരംഭിച്ചു. 15 മീറ്റർ ഇടവിട്ട് ഇരുപതോളം സർവേ കല്ലുകളാണ് കാമ്പസിനകത്ത് നാട്ടിയത്. വിവരമറിഞ്ഞ് രാവിലെ 9.30 മുതൽ തന്നെ സമരസമിതി ഭാരവാഹികളും നാട്ടുകാരും പുറത്ത് മുവ്വാങ്കര ജങ്ഷനിൽ പ്രതിഷേധിച്ചു. ഇവരെ നിയന്ത്രിക്കാൻ എം.എസ്.പിയും കുറ്റിപ്പുറം, ചങ്ങരംകുളം സ്റ്റേഷനിലെ പൊലീസുകാരും സ്ഥലത്തുണ്ടായിരുന്നു. സിഗ്നൽ സംവിധാനം ലഭിക്കാത്തതിനെതുടർന്നാണ് ഉച്ചവരെ കല്ലിടൽ പ്രവൃത്തികൾ നിർത്തിവെച്ചത്. കിടപ്പാടം വിട്ടു ഇറങ്ങേണ്ടിവരുമെന്ന ആകുലതകൾ സ്ത്രീകൾ കണ്ണീരോടെ അധികൃതരോടും മാധ്യമങ്ങളോടും പങ്കുവച്ചു. ഉച്ചക്ക് ഒരു മണിയോടെ കൂടുതൽ പ്രദേശവാസികളും യു.ഡി.എഫ് നേതാക്കളും കാർഷിക കോളജിന് പുറത്ത് എത്തി. തുടർന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധ പ്രകടനവുമായി എത്തിയ സംഘം അകത്തേക്ക് കയറാൻ ശ്രമിച്ചതോടെ പൊലീസ് ഗേറ്റ് പൂട്ടി തടഞ്ഞു. എ.എം. രോഹിത്ത്, സിറാജ് പത്തിൽ, രാമകൃഷ്ണൻ, ഷമീം തുടങ്ങിയവർ നേതൃത്വം നൽകി. വ്യാഴാഴ്ച മുതൽ സ്വകാര്യ ഭൂമിയിലാണ് കല്ല് നാട്ടുന്നത്. ഇതോടെ പ്രതിഷേധം ഇനിയും കനത്തേക്കും.
കണ്ണീരുമായി തങ്ക
തവനൂർ: കാർഷിക കോളജ് ഹോസ്റ്റലിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് വയോധികയായ കുണ്ടപ്പറമ്പിൽ തങ്ക സർവേ നടക്കുന്ന വിവരമറിയുന്നത്. തന്റെ കിടപ്പാടം നഷ്ടപ്പെടുമെന്ന് അറിഞ്ഞ നിമിഷം ഇവർ വീട്ടിലേക്ക് ഓടി. അവിടെ കല്ല് നാട്ടൻ ഉദ്യോഗസ്ഥർ എത്തിയില്ലെന്ന് അറിഞ്ഞതോടെ തിരിച്ച് കാർഷിക കോളജിന് മുന്നിലെത്തി. കാവടത്തിന് മുന്നിലെ പൊലീസുകാരെ കണ്ടതോടെ സങ്കട ഭാരം തുറന്നു. കൂലിപ്പണിയും വീട്ടുവേലയും ചെയ്ത് ഉണ്ടാക്കിയ കിടപ്പാടം തരില്ലെന്ന് തങ്ക കരഞ്ഞുകൊണ്ട് പറഞ്ഞു. ഇതോടെ മാധ്യമങ്ങളും വളഞ്ഞു. നാട്ടുകാർ ആശ്വാസ വാക്കുകളുമായി എത്തി. എന്തു വന്നാലും കിടപ്പാടം വിട്ടു കൊടുക്കാൻ സമതിക്കില്ലെന്ന് സമരസമിതി പ്രവർത്തകർ തങ്കക്ക് ഉറപ്പു നൽകി. എന്നിട്ടും വേവലാതി മാറാത്ത വയോധിക കാർഷിക കോളജിന് അകത്ത് കയറി അധികൃതരോട് പ്രയാസങ്ങൾ വിവരിച്ചു. കാർഷിക കോളജിനകത്തെ സർവേ പൂർത്തിയാകുന്നത് വരെ തങ്ക കരഞ്ഞ് കൊണ്ട് ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്നു.
ജില്ലയിൽ 24 കിലോമീറ്റർ കല്ല് നാട്ടി
കുറ്റിപ്പുറം: ജില്ലയിൽ 24 കിലോമീറ്റർ സിൽവർ ലൈൻ സർവേ കല്ല് നാട്ടൽ പൂർത്തിയായി. ആകെ 54 കിലോമീറ്ററിലൂടെയാണ് റെയിൽ കടന്ന് പോകുന്നത്. ഇനി 30 കിലോമീറ്റർ ബാക്കിയുണ്ട്. കടലുണ്ടി, വള്ളിക്കുന്ന്, ചെട്ടിപ്പടി, പരപ്പനങ്ങാടി, താനൂർ, തിരൂർ, തിരുനാവായ എന്നിവിടങ്ങളിലാണ് സർവേ നടന്നത്. നിലവിൽ തവനൂർ ഭാഗത്ത് പുരോഗമിക്കുകയാണ്. കാലടി, വട്ടംകുളം, ആലങ്കോട് എന്നിവിടങ്ങളിൽ സർവേ നടത്താനുണ്ട്. ഏപ്രിൽ 30നകം നടപടികൾ പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്.
15നും 25നും മീറ്ററിന് ഇടയിലായാണ് കല്ല് നാട്ടൽ. ശക്തമായ പ്രതിഷേധവും സിഗ്നൽ സംവിധാനത്തിന്റെ തകരാറും കാരണം നടപടികൾ വൈകുന്നു. പല സ്ഥലത്തും പ്രതിഷേധക്കാർ കല്ലുകൾ പറിച്ചിട്ടുണ്ട്. ആദ്യഘട്ടം പൂർത്തിയായാലുടൻ പറിച്ചിട്ട കല്ലുകൾ വീണ്ടും നാട്ടുന്ന പ്രവൃത്തികൾ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. തിരുനാവായയിൽ ചില സ്ഥലങ്ങളിൽ പ്രതിഷേധം കാരണം കല്ലുകൾ നാട്ടാൻ സാധിച്ചിട്ടില്ല. ഈ സ്ഥലങ്ങളിൽ അടുത്ത ദിവസങ്ങളിൽ ചെയ്യാനാണ് ശ്രമം. സാമൂഹികാഘാത പഠനത്തിന് ഏൽപ്പിച്ച ഏജൻസികൾ സർവേ ആരംഭിച്ചിട്ടുണ്ട്. നിലവിൽ പരപ്പനങ്ങാടി ഭാഗത്താണ് ഇത് നടക്കുന്നത്. കല്ലുകൾ കൃത്യമായി നാട്ടിയാൽ മാത്രമേ സർവേ പൂർത്തിയാക്കാൻ സാധിക്കൂവെന്ന് ഏജൻസി അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.