നൂറിന്റെ തിളക്കത്തിൽ പൊതു വിദ്യാലയങ്ങൾ
text_fieldsവളാഞ്ചേരി: നഗരസഭ പരിധിയിലെ പൊതുവിദ്യാലയങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി. വളാഞ്ചേരി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളുമാണ് നൂറു ശതമാനം വിജയം നേടിയത്.
ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 122 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ പത്ത് കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. തുടർച്ചയായി മൂന്ന് വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ ഇവിടെ നൂറു ശതമാനം ഉണ്ട്. വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിൽ 194 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ ഒമ്പത് കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി വിദ്യാർഥികൾക്കായി നടപ്പാക്കുന്ന വിജയതീരം പദ്ധതിയും വിജയശതമാനം വർധിപ്പിക്കാൻ സഹായകമായി. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂൾ അധ്യാപകരോടൊപ്പം തന്നെ മെൻറർമാരുടെ ഇടപെടലും ഉണ്ടായി.
ഇരു സ്കൂളുകളിലെയും വിദ്യാർഥികളെയും അധ്യാപകരെയും നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലും വിദ്യാഭ്യാസ കലാ-കായിക സ്ഥിരംസമിതി അധ്യക്ഷൻ മുജീബ് വാലാസിയും അഭിനന്ദിച്ചു. തുടർന്നും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിജയതീരം പദ്ധതി നടപ്പാക്കുന്നുണ്ടെന്നും ഈ അധ്യയന വർഷം മുതൽ ഹയർസെക്കൻഡറിയിലും വിജയതീരം പദ്ധതി നടപ്പാക്കാൻ നഗരസഭ തുക വകയിരുത്തിയിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചു.
ഇരിമ്പിളിയം: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിച്ചു. 250 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 37 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും 15 പേർക്ക് ഒമ്പത് വിഷയങ്ങളിലും എ പ്ലസ് ഉണ്ട് . തുടർച്ചയായി രണ്ടാം തവണയാണ് ഈ സർക്കാർ സ്കൂൾ നൂറു ശതമാനം വിജയം കരസ്ഥമാക്കുന്നത്. അധ്യാപകരുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ സ്കൂളിൽ നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയിരുന്നതായി പ്രധാനാധ്യാപിക കെ. ജീജയും പി.ടി.എ പ്രസിഡൻറ് വി.ടി. അമീറും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.