ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിറ്റഴിച്ച് പൊതുമേഖല സ്ഥാപനങ്ങളും
text_fieldsമലപ്പുറം: ജൂണിൽ പരിശോധിച്ച ചില ആയുർവേദ മരുന്ന് ഫോർമുലേഷനുകൾ ഉൾപ്പെടെ 31 മരുന്നുകളുടെ സാമ്പിളുകൾ ഗുണനിലവാരമില്ലാത്തവയെന്ന് സെൻട്രൽ ഡ്രഗ്സ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ) റിപ്പോർട്ട്. വിവിധ സംസ്ഥാന-കേന്ദ്ര ലബോറട്ടറികളിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ഗുണനിലവാരമില്ലാത്ത മരുന്നുകളിൽ (നോട്ട് സ്റ്റാൻഡേഡ് ക്വാളിറ്റി-എൻ.എസ്.ക്യു) പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ആൻറിബയോട്ടിക്സ് ലിമിറ്റഡ് നിർമിച്ചതുമുൾപ്പെടും.
ഹിന്ദുസ്ഥാൻ ആൻറിബയോട്ടിക്സിന്റേതെന്ന് ലേബൽ ചെയ്ത, ലോസാർട്ടൻ പൊട്ടാസ്യം ഗുളികകൾ ഐ.പി 50 മില്ലിഗ്രാം, സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് റീപാക്ക് ചെയ്ത ലിക്വിഡ് പാരഫിൻ ഐ.പി എന്നിവ എൻ.എസ്.ക്യു ആണെന്ന് കണ്ടെത്തി. തിരുവനന്തപുരത്തെ ഡ്രഗ്സ് ടെസ്റ്റിങ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ഇവ എൻ.എസ്.ക്യു ആണെന്ന് കണ്ടെത്തിയത്. തിരുവനന്തപുരം ഭാസ്കരവിലാസം വൈദ്യശാല നിർമിച്ച ആയുർവേദ മരുന്നുകളായ ഹരിദ്രഖണ്ഡം, യോഗരാജഗുഗ്ഗുലു എന്നിവയും ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു.
മണാലി പെട്രോകെമിക്കൽസും ബാലാജി അമൈൻസ് ലിമിറ്റഡും നിർമിച്ച പ്രൊപിലീൻ ഗ്ലൈക്കോൾ ഐ.പിയുടെ സാമ്പിളുകൾ, യു.എസ്.വി പ്രൈവറ്റ് ലിമിറ്റഡിന്റെ ഗ്ലിപിസൈഡ്, മെറ്റ്ഫോർമിൻ ഗുളികകൾ ഐ.പി (ഗ്ലൈനേസ്-എം.എഫ്), വിഷൻ പാരൻറൽ നിർമിച്ച സംയുക്ത സോഡിയം ലാക്റ്റേറ്റ് ഇൻജക്ഷൻ ഐ.പി 500 മില്ലി (ഇൻജക്ഷനുള്ള റിംഗർ ലാക്റ്റേറ്റ് ലായനി), ഗ്ലെൻസ്മിത്ത് ലാബ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ എസോമെപ്രാസോൾ ഗ്യാസ്ട്രോ-റെസിസ്റ്റന്റ് ഗുളികകൾ 40 മില്ലിഗ്രാം (എസോമെഡ്ജ് 40), സീ ലബോറട്ടറീസിന്റെ ജെന്റാമൈസിൻ സൾഫേറ്റ് ഇസെഡ്, രണ്ട് മില്ലി ഇൻജക്ഷൻ എന്നിവക്കും സെൻട്രൽ ലാബിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലെന്ന് തെളിഞ്ഞു. മഹാരാഷ്ട്രയിലെ ലാബുകളിൽ നടത്തിയ പരിശോധനയിൽ പരാജയപ്പെട്ട സാമ്പിളുകളിൽ ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് നിർമിച്ചതായി ലേബൽ ചെയ്ത കാഡിട്രൽ 100 (ഇട്രാകോണസോൾ ക്യാപ്സ്യൂൾ ബി.പി100 മില്ലിഗ്രാം), ലിട്രാക്കോ 200 (ഇട്രാകോണസോൾ കാപ്സ്യൂൾസ് 200 മില്ലിഗ്രാം) എന്നിവ ഉൾപ്പെടുന്നു.
ടോർക്ക് ഫാർമസ്യൂട്ടിക്കൽസിന്റെ മോണ്ടെലുകാസ്റ്റ് സോഡിയം, ലെവോസെട്രിസൈൻ ഡൈഹൈഡ്രോക്ലോറൈഡ് ടാബ്ലറ്റ് ഐ.പി), ടികോമ ഫാർമസിയയുടെ മോണ്ടിസെറ്റ്-എൽ ഗുളികകൾ (മോണ്ടെലുകാസ്റ്റ്, ലെവോസിട്രിസൈൻ ഹൈഡ്രോക്ലോറൈഡ് ഗുളികകൾ), ബജാജ് ഫോർമുലേഷനിൽനിന്നുള്ള ലെവോസിട്രിസൈൻ ഹൈഡ്രോക്ലോറൈഡ് മോണ്ടെലുകാസ്റ്റ് സോഡിയം ഗുളികകൾ ഐ.പി എന്നിവയും ഗുണനിലവാരമില്ലാത്തവയാണെന്ന് കണ്ടെത്തി.
വിവരം മറച്ചുവെച്ച് സംസ്ഥാന ഡ്രഗ് റെഗുലേറ്റർമാർ
ഗുണനിലവാരമില്ലാത്ത മരുന്നുകളെക്കുറിച്ചുള്ള പ്രതിമാസ ഡേറ്റ, സെൻട്രൽ ഡ്രഗ് റെഗുലേറ്ററിന് സമർപ്പിക്കാത്ത സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പേരുകൾ സി.ഡി.എസ്.സി.ഒ പുറത്തുവിടും. ആവർത്തിച്ചാവശ്യപ്പെട്ടിട്ടും 22 സംസ്ഥാനങ്ങളും നാലു കേന്ദ്രഭരണപ്രദേശങ്ങളും ഡേറ്റ സമർപ്പിക്കാത്ത സാഹചര്യത്തിലാണിത്. കേരളവും മഹാരാഷ്ട്രയും മാത്രമാണ് ജൂണിൽ ഡേറ്റ സമർപ്പിച്ചത്. നിലവാരമില്ലാത്ത മരുന്നുകൾ ഉൽപാദിപ്പിക്കുന്ന കമ്പനികളുടെ പട്ടിക തയാറാക്കാനും അവയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും ഡ്രഗ്സ് കൺസൽട്ടേറ്റിവ് കമ്മിറ്റി (ഡി.സി.സി) യോഗം നേരത്തേ ശിപാർശചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.