ഇനി സലീന പറയും 'തളരാത്ത' കഥകൾ; 'സുറുമിയുടെ സ്വന്തം ഇബ്നു' പ്രകാശനം ചെയ്തു
text_fieldsമലപ്പുറം: ജീവിതത്തിന് ഒരുപാട് സങ്കടക്കഥകൾ പറയാനുണ്ടെങ്കിലും ഭിന്നശേഷിക്കാരിയായ സലീനക്ക് നിങ്ങളോട് പറയാനുള്ളത് വേറൊരു കഥ... ശരീരം തളർന്ന് ജീവിതം വഴിമുട്ടിയെങ്കിലും അതിജീവനത്തിെൻറ വഴിയിൽ എഴുതി മുന്നേറുകയാണ് കൂട്ടിലങ്ങാടി ഒട്ടുമ്മൽ സലീന. സ്പൈനൽ മസ്കുലർ ഡിസ്ട്രോഫി ബാധിച്ച് ശരീരം തളർന്ന് ചക്രക്കസേരയിലാണെങ്കിലും മൊബൈലിൽ എഴുതിയെടുത്ത് പുസ്തകമാക്കിയ തെൻറ ആദ്യ നോവൽ പുറത്തിറക്കിയിരിക്കുകയാണ് ഇൗ 38കാരി. മലപ്പുറം മച്ചിങ്ങൽ എം.എസ്.എം ഒാഡിറ്റോറിയത്തിൽ ലൈഫ് കെയർ ചാരിറ്റബ്ൾ ട്രസ്റ്റിെൻറ നാലാം വാർഷിക ചടങ്ങിൽ പി. ഉബൈദുല്ല എം.എൽ.എയാണ് 'സുറുമിയുടെ സ്വന്തം ഇബ്നു' എന്ന സലീനയുടെ ആദ്യ പുസ്തകം പ്രകാശനം ചെയ്തത്.
തെൻറ ആദ്യത്തെ നോവൽ സലീന എഴുതിയെടുത്തത് ഒന്നര വർഷത്തോളം കാത്തിരുന്നിട്ടാണ്. വിറയുന്ന കൈകളിൽ നേരെച്ചൊവ്വെ ഒരു പേന പോലും പിടിക്കാനാവാതെ തളർന്നപ്പോൾ സൗഹൃദങ്ങളുെട പ്രോത്സാഹനത്തിൽ തളരാത്ത മനസ്സുമായി സലീന തെൻറ കഥ തുടരുകയായിരുന്നു. പേന പിടിക്കാൻ സാധിക്കാത്തതിനാൽ മൊബൈലിൽ കുറിച്ചാണ് കഥ പൂർത്തിയാക്കിയത്. 114 പേജുള്ള ഇൗ പ്രണയ നോവലിന് ഹനീഫ ഇരുമ്പുഴിയാണ് അവതാരിക എഴുതിയത്.
ജീവിതത്തിെൻറ കയ്പേറിയ അനുഭവങ്ങളിലൂടെ 25 വർഷത്തോളം ജീവിച്ചു തീർത്ത സലീനക്ക് ഇനി മുന്നോട്ടുള്ള വഴിയിൽ കരുത്തായിരിക്കും ഇൗ എഴുത്തുകൾ. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്പൈനൽ മസ്കുലർ ഡിസ്ട്രോഫി ബാധിച്ച് ശരീരം തളർന്ന് കിടപ്പിലായി വീടിനുള്ളിലേക്ക് ചുരുങ്ങിയ ജീവിതം സുമനസ്സുകളുടെ പ്രോത്സാഹനത്തിലും പിന്തുണയിലുമാണ് അതിജീനത്തിെൻറ പാതയിലായത്.
13 വയസ്സു വരെ പുഴയിൽ നീന്തിയും കായിക മത്സരങ്ങളിൽ പെങ്കടുത്തും ജീവിതത്തിൽ സജീവമായിരുന്ന സലീനയെ അപ്രതീക്ഷിതമായെത്തിയ രോഗം നാലു ചുമരുകൾക്കുള്ളിൽ തളക്കുകയായിരുന്നു. സാമ്പത്തികമായി കടുത്ത പ്രയാസത്തിലായ കുടുംബത്തോടൊപ്പം ഏറെ പ്രായസങ്ങൾ സഹിച്ചായിരുന്നു സലീനയും ജീവിച്ചത്. ആദ്യമൊക്കെ പരസഹായത്തോടെ നടക്കാൻ കഴിഞ്ഞിരുന്നുവെങ്കിലും ഏഴ് വർഷമായി വീൽചെയറിെൻറ സഹായത്തോടെയാണ് ജീവിക്കുന്നത്.
തെൻറ ജീവിതത്തിൽ വലിയ സ്വപ്നങ്ങളൊന്നുമില്ലെന്ന് കരുതി ജീവിച്ച് പുറംലോകവുമായി ഒരുബന്ധവും ഇല്ലാതിരിക്കുമ്പോഴാണ് 'ചേർത്തുനിർത്താൻ വളൻറിയർ' എന്ന വാട്സ്ആപ് കൂട്ടായ്മയിൽ അംഗമാകുന്നത്. ഈ കൂട്ടായ്മയിലൂടെ മൂന്നു വർഷം മുമ്പ് ആദ്യമായി വയനാട്ടിലേക്ക് നടത്തിയ വിനോദയാത്രയാണ് സലീനയുടെ ജീവിതത്തിലെ വഴിത്തിരിവ്. യാത്രക്കുശേഷം കൂട്ടായ്മയിലെ അംഗങ്ങളുടെ നിർബന്ധപ്രകാരം യാത്രാനുഭവങ്ങളെക്കുറിച്ച് എഴുതാൻ തുടങ്ങിയതാണ് സലീന. പിന്നീട് പല സ്ഥലങ്ങളിലേക്കും വിനോദയാത്ര നടത്തി അനുഭവക്കുറിപ്പ് തയാറാക്കൽ പതിവായി. ഇവ വാട്സ്ആപ് ഗ്രൂപ്പിൽ ഷെയർ ചെയ്തു. പിന്നീട് സൗഹൃദങ്ങളുടെ പ്രചോദനം ഉൾക്കൊണ്ട് കഥയെഴുത്തിലേക്ക് പ്രവേശിക്കുകയായിന്നു. രണ്ട് നോവൽ കൂടി എഴുതുന്നുണ്ടെന്നും അധികം വൈകാതെ പ്രസിദ്ധീകരിക്കുമെന്നും സലീന 'മാധ്യമ'ത്തോട് പറഞ്ഞു. കൂട്ടിലങ്ങാടി വാഴക്കാട്ടിരി പുല്ലേങ്ങൽ ചക്കാലക്കുന്നിലെ പരേതനായ ഒട്ടുമ്മൽ സെയ്തലവിയുടെയും കൗലത്തിെൻറയും മകളാണ് സലീന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.