പുലാമന്തോൾ-മേലാറ്റൂർ റോഡ് യാത്രാദുരിതത്തിന് മൂന്നാണ്ട്
text_fieldsപുലാമന്തോൾ: മേലാറ്റൂർ-പുലാമന്തോൾ റൂട്ടിലെ യാത്രാദുരിതത്തിന് സെപ്റ്റംബർ 29ന് മൂന്നാണ്ട് തികയുന്നു. നിലമ്പൂർ-പെരുമ്പിലാവ് റൂട്ടിൽ പുലാമന്തോൾ മുതൽ മേലാറ്റൂർ വരെയുള്ള 30 കിലോമീറ്റർ റോഡാണ് 140 കോടി ചെലവഴിച്ച് നവീകരിക്കാൻ കരാർ നൽകിയത്. 18 മാസമായിരുന്നു നിർമാണ കാലാവധി. 2020 സെപ്റ്റംബർ 29ന് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ച റോഡിന്റെ 50 ശതമാനം മാത്രമാണ് മൂന്നാണ്ട് തികഞ്ഞിട്ടും പൂർത്തിയാക്കാനായത്.
പെരിന്തൽമണ്ണ-പുലാമന്തോൾ റൂട്ടിലാണ് പൊതുജനങ്ങളും യാത്രക്കാരും ഏറെ ദുരിതം പേറുന്നത്. മുറവിളികൾക്കൊടുവിൽ ഏതാനും ഭാഗങ്ങൾ മാത്രമാണ് ഭാഗികമായി പണി നടത്തിയത്. റോഡിലെ കുഴികൾ കാരണം വാഹനാപകടങ്ങൾ നിത്യസംഭവമാണ്. വീടുകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും മുന്നിലുള്ള റോഡിലെ കുഴികൾ ഉടമകൾ തന്നെ മണ്ണും കല്ലും കൊണ്ടുവന്നിട്ട് അടക്കേണ്ട ഗതികേടിലാണ്.
നജീബ് കാന്തപുരം എം.എൽ.എ നിയമസഭയിൽ മൂന്നുതവണ സബ്മിഷനിലൂടെ പ്രശ്നം ഉന്നയിച്ചിരുന്നു. മൂന്നാമത്തെ സബ്മിഷനിൽ പെരിന്തൽമണ്ണ-പുലാമന്തോൾ റോഡ് സംസ്ഥാന പരിധിയിൽനിന്ന് നീക്കം ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചായിരുന്നു തുടക്കം. കരാറുകാരെക്കൊണ്ട് ജോലി ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കാവുന്നില്ലെന്നും ഇവരെ കരിമ്പട്ടികയിൾ ഉൾപ്പെടുത്തി പിരിച്ചുവിടാൻ സംസ്ഥാന സർക്കാറിനാവുന്നില്ലെന്നും പ്രദേശവാസികളുടെയും വാഹന ഉടമകളുടെയും സങ്കടം കേട്ട് മടുത്തെന്നും കഴിഞ്ഞദിവസം നിയമസഭയിൽ അദ്ദേഹം പരിതപിക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.