കരുതണം, കുന്തിപ്പുഴയുടെ ആഴങ്ങളിലെ അപകടക്കുഴികളെ
text_fieldsപുലാമന്തോൾ: വേനൽ വരവായതോടെ പുറമെ ശാന്തമെന്നുതോന്നുന്ന കുന്തിപ്പുഴയിൽ കുളിക്കാനെത്തുന്നവർ കരുതിയിരിക്കുക. ശാന്തതക്ക് താഴെയുള്ള ആഴങ്ങളിൽ പതിയിരിക്കുന്നത് അപകട കുഴികൾ.
വേനൽക്കാലമാവുന്നതോടെ കുന്തിപ്പുഴയിൽ വെള്ളമിറങ്ങി നീരൊഴുക്ക് കുറയുന്ന കാലത്താണ് കുളിക്കാനും മറ്റുമായി പലരും പുഴയിലെത്തുന്നത്.
അവധിക്കാലമാകുന്നതോടെ വിദ്യാർഥികൾ പുഴയിൽ കുളിക്കാനെത്തുന്നത് സാധാരണമാണ്. പുറമെ ശാന്തമായൊഴുകുന്ന പുഴയെന്നു കരുതി ചാടിയിറങ്ങുന്നവർ തിരിച്ചുകയറാനാവാതെ ആഴങ്ങളിലെത്തിപ്പെടുന്നതാണ് പതിവ്.
ഏലംകുളം എളാട് ചെക്ക്ഡാം, പുലാമന്തോൾ തടയണ എന്നിവക്ക് താഴെയാണ് പലരും അപകടത്തിൽപെടുന്നത്. കടുത്ത വേനലിൽ പോലും ഇവിടങ്ങളിൽ 20 അടിയിലധികം ആഴമുള്ള കുഴികളുണ്ടെന്നാണ് മുങ്ങൽ വിദഗ്ധർ പറയുന്നത്. പുഴയുടെ ആഴങ്ങളിൽ കുന്നുപോലെ ഉയർന്നുനിൽക്കുന്ന പൂഴിമണലിൽ അകപ്പെടുന്നവരാണ് ഒരിക്കലും രക്ഷപ്പെടാനാവാതെ ജീവൻ ബലിയർപ്പിക്കേണ്ടി വരുന്നതെന്നും അവർ പറയുന്നു.
കഴിഞ്ഞ വേനലുകളിലെല്ലാം ജോലി കഴിഞ്ഞ് കുളിക്കാനെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളടക്കം നിരവധി പേരുടെ ജീവനാണ് ഇവിടെ നഷ്ടപ്പെട്ടത്. വേനൽ കാലങ്ങളിൽ അപകട മരണങ്ങൾ നിത്യസംഭവമായ ഏലംകുളം എളാട് ചെക്ക്ഡാം, പുലാമന്തോൾ തോണിക്കടവ് തടയണ പരിസരങ്ങളിൽ പൊതുജന ശ്രദ്ധയാകർഷിക്കുന്ന മുന്നറിയിപ്പ് സംവിധാനങ്ങളൊരുക്കേണ്ടത് അത്യാവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.