ലക്ഷങ്ങൾ മുടക്കി ചെക്ക്ഡാം നിർമിച്ചു;വരണ്ടുണങ്ങി എടത്തറച്ചോല
text_fieldsപുലാമന്തോൾ: ചെക്ക്ഡാം നിർമിച്ച എടത്തറച്ചോല നാമാവശേഷമാവുന്നു. ചോലയിലെ നീരുറവ സംരക്ഷിക്കാനെന്ന പേരിൽ ചെറുകിട ജലസേചന പദ്ധതിക്കുവേണ്ടിയാണ് ചെക്ക്ഡാം നിർമിച്ചത്. 36 ലക്ഷം രൂപ ചെലവഴിച്ച് 2016 മാർച്ചിലായിരുന്നു നിർമാണം. പാഴായിപ്പോവുന്ന ശുദ്ധജലം എടത്തറച്ചോലയിലെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുമെന്നായിരുന്നു അന്നത്തെ അവകാശവാദം. എന്നാൽ മാലാപറമ്പും എടത്തറച്ചോലയും ഉണ്ടായ കാലം മുതൽ കൊടുംവേനലിൽ പോലും തെളിനീരൊഴുകിയ എടത്തറച്ചോല വേനൽ കനക്കുന്നതോടെ ഉണങ്ങി വരളുകയാണ്.
പതിറ്റാണ്ടുകൾക്ക് മുമ്പ് രൂക്ഷമായ വരൾച്ച കാലത്ത് പോലും ദൂരദിക്കുകളിൽനിന്ന് കാൽനടയായി എത്തി വസ്ത്രങ്ങൾ അലക്കാനും കുളിക്കാനും ജനങ്ങൾ എടത്തറച്ചോലയെ ആശ്രയിച്ചിരുന്നു. എടത്തറച്ചോലയിൽ നിന്നും ഉൽഭവിക്കുന്ന നീരുറവയുടെ ജലകണങ്ങൾ താഴ്ന്ന പ്രദേശമായ കോരങ്ങാട്, കുരുവമ്പലം, നീലുകാവിൽകുളമ്പ്, വളപുരം വഴി കുന്തിപ്പുഴയിൽ ചെന്നുചേരുന്ന തോട്ടിൽ അനുഭവപ്പെട്ടിരുന്നു. ഈ തോടിനെ ആശ്രയിച്ച് മുമ്പ് പലരും കൃഷിയും ചെയ്തിരുന്നു.
ഇപ്പോൾ പ്രസ്തുത തോടും വരണ്ട അവസ്ഥയിലാണ്. എടത്തറച്ചോലയിലെ ജലസമൃദ്ധി കാരണം മുമ്പ് ആദിവാസി വിഭാഗത്തിലെ ആളർ വിഭാഗം ഇവിടെ കുടിൽ കെട്ടിയും ഗുഹക്കുള്ളിലുമായി താമസിച്ചിരുന്നു. എടത്തറച്ചോലക്ക് ചെക്ക്ഡാം നിർമിച്ച തൊട്ടടുത്ത വർഷം മുതൽ നീരുറവ വരൾച്ചയിലേക്ക് നീങ്ങാൻ തുടങ്ങി. ഇതിനിടെ മഴക്കാലത്ത് എടത്തറച്ചോലയിലെ ചെക്ക്ഡാം നിറയുമ്പോൾ കുളിസങ്കേതമാവുന്നത് നിയന്ത്രിക്കാൻ അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് 2018 മാർച്ചിൽ ഇവിടെ ബാരിക്കേഡും നിർമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.