തിരികെ, ജീവിതത്തിലേക്ക്
text_fieldsപുലാമന്തോൾ: ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തൂതപ്പുഴ കരകവിഞ്ഞൊഴുകി മലിനമായ കിണറുകളുടെ സൂപ്പർ ക്ലോറിനേഷൻ, ശുചീകരണം എന്നിവ പൂർത്തിയായി. കട്ടുപ്പാറ തുരുത്ത്, പാലൂർ, ചെമ്മല, വളപുരം ഭാഗങ്ങളിലാണ് പുഴവെളളം വീടുകളിൽ കയറിയത്. ഈ പ്രദേശങ്ങളിലെ 160 കിണറുകൾ സൂപ്പർ ക്ലോറിനേഷൻ ചെയ്തു.
മലിനജലവുമായി സമ്പർക്കം വന്ന 296 പേർക്ക് എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ വിതരണം ചെയ്തു. കൂടാതെ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുന്നതുൾപ്പെടെ ആരോഗ്യ നിർദേശങ്ങളും പ്രദേശവാസികൾക്ക് നൽകി. തുരുത്ത്, പുലാമന്തോൾ യു.പി എന്നിവിടങ്ങളിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പ്രത്യക മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ, മെഡിക്കൽ ഓഫിസർ ഡോ. ഫൈസൽ, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ, ആരോഗ്യ പ്രവർത്തകർ, ആശ, അംഗൻവാടി പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. പനി, മറ്റ് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ ചെമ്മലശ്ശേരി കുടുംബാരോഗ്യ കേന്ദ്രമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.