കർഷക ദമ്പതികളുടെ വിവാഹവാർഷികം വയൽവരമ്പിൽ
text_fieldsപുലാമന്തോൾ: കർഷകദമ്പതികളുടെ 40ാമത് വിവാഹവാർഷികം വയൽവരമ്പിൽ ചേറിൽ പുതഞ്ഞ് ആഘോഷിച്ചു. പുലാമന്തോൾ ഗ്രാമപഞ്ചായത്തിലെ മികച്ച കർഷക ദമ്പതികളായ വളപുരം കല്ലേതൊടി ഖാലിദ്-ഖദീജ ദമ്പതികളാണ് വയൽ വരമ്പിൽ കപ്പയും മീനും കഞ്ഞിയും വിളമ്പി ആഘോഷിച്ചത്.
20 വർഷത്തെ പ്രവാസജീവിതം കൊണ്ട് പച്ചപിടിക്കാതെ കടം കയറിയപ്പോൾ വീടും പുരയിടവും വിറ്റ് കടം വീട്ടുകയായിരുന്നു. ഭൂമി പാട്ടത്തിനെടുത്ത് നെൽകൃഷിയിറക്കിയായിരുന്നു തുടക്കം. മുമ്പ് 27 ഏക്കറോളം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്നു. 16 വർഷമായി 14 ഏക്കറിലാണ് കൃഷിയിറക്കുന്നത്. ഒന്നര ഏക്കർ ഭൂമിയിലും 1000ത്തോളം ഗ്രോബാഗുകളിലും വിവിധ പച്ചക്കറിയിനങ്ങളും കൃഷി ചെയ്യുന്നുണ്ട്. ഇപ്പോൾ മത്സ്യകൃഷിയും ആട് ഫാമും തുടങ്ങുന്നതിനുള്ള തയാറെടുപ്പിലാണ്.
തമിഴ്നാട്, ബംഗാൾ എന്നിവിടങ്ങളിൽനിന്നുള്ള അതിഥിതൊഴിലാളികളും നാട്ടുകാരും കൃഷിയിടങ്ങളിൽ ജോലിചെയ്യുന്നുണ്ടെങ്കിലും എല്ലാ പ്രവൃത്തിയിലും ഈ ദമ്പതികൾ മുന്നിലുണ്ടാവും.
സപ്ലൈകോക്ക് സ്ഥിരമായി നെല്ല് നൽകുന്നുണ്ട്. വളപുരം കുന്തിപ്പുഴ തീരനിവാസികളായ ഇവരുടെ വീട് കഴിഞ്ഞ രണ്ട് പ്രളയത്തിലും പൂർണമായി വെള്ളത്തിനടിയിലായി. കൃഷിയിടവും വെള്ളം കയറിയിരുന്നു. പുലാമന്തോൾ പഞ്ചായത്ത് കാർഷിക വികസന സമിതിയംഗവും നാഷനലിസ്റ്റ് കിസാൻ സഭ (എൻ.സി.പി) പെരിന്തൽമണ്ണ ബ്ലോക്ക് പ്രസിഡൻറുമാണ് ഈ 66കാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.