പുലി ഭീതി മാറാതെ പുലാമന്തോൾ
text_fieldsപുലി ഭീതിയുള്ള പുലാമന്തോളിലെത്തിയ വനംവകുപ്പ് അധികൃതർ പഞ്ചായത്ത് പ്രസിഡന്റ്
പി. സൗമ്യയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുന്നു
പുലാമന്തോൾ: പുലി ഭീതി ഒഴിയാത്ത പുലാമന്തോളിൽ വനംവകുപ്പ് അധികൃതർ സന്ദർശനം നടത്തി. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ നിലമ്പൂർ റേഞ്ചിൽ നിന്നുള്ള അധികൃതരാണ് സ്ഥലം സന്ദർശിക്കാനെത്തിയത്.
പഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ, വാർഡ് മെംബർമാരായ കെ.ടി. അഷ്കർ, സി. മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിൽ പുലിയെ കണ്ടെന്ന് പറയുന്ന വ്യക്തിയെ സന്ദർശിച്ച് വിവര ശേഖരണം നടത്തി. പുലാമന്തോൾ യു.പി തിരുത്ത് ബൈപ്പാസ് ജങ്ഷനടുത്ത് വാടക വീട്ടിൽ താമസിക്കുന്ന ചാവക്കാട് സ്വദേശി കിരൺ ആണ് ബുധനാഴ്ച രാത്രി ഏഴിന് ശേഷം പുലിയെ കണ്ടതായി പറയുന്നത്.
പുലാമന്തോൾ യു.പിയിൽനിന്ന് വരുമ്പോൾ തിരുത്ത് ജങ്ഷനടുത്ത് വെച്ച് പുലിയെ കണ്ടെന്നും തൊട്ടടുത്ത തോട്ടത്തിലേക്ക് കയറിപ്പോയതായും കിരൺ പറയുന്നു. ഇതിനിടെ ബൈപ്പാസ് റോഡിലൂടെ ബൈക്കിലെത്തിയ അപരിചിത യാത്രക്കാരാണ് ആദ്യം പുലിയെ കണ്ടതെന്നും അവർ കിരണിന് കാണിച്ചു കൊടുക്കുകയായിരുന്നെന്നും പറയുന്നുണ്ട്.
പുലി വാർത്ത പരന്നതോടെ പെരിന്തൽമണ്ണ പൊലീസ്, പുലാമന്തോൾ പഞ്ചായത്ത് അധികൃതർ എന്നിവർ സംഭവസ്ഥലത്തെത്തി. നാട്ടുകാരും സംഭവസ്ഥലത്ത് ഒത്തുകൂടി. തൊട്ടടുത്ത തോട്ടത്തിൽ രാത്രി പുലിയെ അന്വേഷിച്ച് പോയവർ 150 മീറ്റർ അകലെ ടോർച്ച് വെളിച്ചത്തിൽ തിളങ്ങുന്ന കണ്ണുകൾ കണ്ടെന്ന് പറഞ്ഞ് തിരികെ പോരുകയായിരുന്നു.
സംഭവസ്ഥലത്ത് പുലി സാന്നിധ്യമുണ്ടായാൽ വളർത്തുമൃഗങ്ങളെയും നായ്ക്കളെയും അവ ആക്രമിക്കുമെന്ന് ഫോറസ്റ്റ് അധികൃതർ വ്യക്തമാക്കി. അത്തരം സംഭവങ്ങൾ അറിയപ്പെടാത്ത സ്ഥിതിക്ക് ഒന്നും തീർത്ത് പറയാനാവില്ലെന്നതാണ് ഫോറസ്റ്റ് അധികൃതർ പറയുന്നത്.
പുലി ഭീതിയകറ്റാൻ കൃത്യമായ നടപടി സ്വീകരിക്കാമെന്ന് ഫോറസ്റ്റ് അധികൃതർ ഉറപ്പ് നൽകിയതായി പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.