പെരിന്തൽമണ്ണ-പട്ടാമ്പി റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്
text_fieldsപുലാമന്തോൾ: പെരിന്തൽമണ്ണ-പട്ടാമ്പി റൂട്ടിൽ സ്വകാര്യബസുകളുടെ മിന്നൽ പണിമുടക്ക്. പുലാമന്തോൾ ബസ് സ്റ്റാൻഡ് കോംപ്ലക്സിൽ ബസുകൾ കയറുന്നത് നിരീക്ഷിക്കാൻ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽനിന്ന് ഹോം ഗാർഡിനെ നിയമിച്ചതിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് പെരിന്തൽമണ്ണ എസ്.ഐയുടെ നിർദേശപ്രകാരം ബസ് സ്റ്റാൻഡ് കവാടത്തിൽ ഹോം ഗാർഡ് നിരീക്ഷണത്തിനെത്തിയത്. ചില ബസുകൾ സ്റ്റാൻഡിൽ കയറുകയും മിക്ക ബസുകളും സമയമില്ലെന്ന് പറഞ്ഞ് നിരസിക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു. പിന്നീട് 10 മണിയോടെ ബസ് ഗതാഗതം നിർത്തി. അപ്രതീക്ഷിത പണിമുടക്കിൽ പെരിന്തൽമണ്ണ, പട്ടാമ്പി ബസ് സ്റ്റാൻഡുകളിലടക്കം നൂറുകണക്കിന് യാത്രക്കാർ വാഹനത്തിന് കാത്തിരിപ്പ് തുടർന്നു. വിദ്യാർഥികളുൾപ്പെടെ നിരവധി യാത്രികർ വലഞ്ഞു. എന്നാൽ, പണിമുടക്ക് അപ്രതീക്ഷിതമല്ലെന്നും അപാകതകൾ പരിഹരിക്കാതെ പുലാമന്തോൾ ബസ് സ്റ്റാൻഡിൽ കയറാൻ നിർബന്ധിച്ചാൽ തൊഴിൽതന്നെ ഒഴിവാക്കുമെന്നും ബന്ധപ്പെട്ടവരോട് രേഖാമൂലം അറിയിച്ചതാണെന്ന് ബസ് തൊഴിലാളികൾ പറയുന്നു.
സ്റ്റാൻഡിൽ ബസുകൾ കയറാത്തത് യാത്രികർക്ക് ബുദ്ധിമുട്ട് -പഞ്ചായത്ത് പ്രസിഡന്റ്
പുലാമന്തോൾ: പഞ്ചായത്തിന്റെ നേതൃത്വത്തിൽ 2007ൽ നിർമാണം പൂർത്തിയാക്കിയ ബസ് സ്റ്റാൻഡിൽ ബസുകൾ കയറുന്നതിന് ബന്ധപ്പെട്ടവർ സഹകരിക്കണമെന്ന് പ്രസിഡന്റ് പി. സൗമ്യ. ബസുകൾ പ്രവേശിക്കാത്തതുകൊണ്ട് സാധാരണജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്. ഇതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പെരിന്തൽമണ്ണ സർക്കിൾ ഇൻസ്പെക്ടർ, പെരിന്തൽമണ്ണ ജോയന്റ് ആർ.ടി.ഒ എന്നിവരുടെ നേതൃത്വത്തിൽ വിളിച്ച യോഗത്തിൽ സ്വകാര്യബസ് ഉടമകളുടെ പ്രതിനിധികളും ബസ് തൊഴിലാളി സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. പോസ്റ്റ് ഓഫിസ്, ഗ്രാമീണ ബാങ്ക്, സബ് ട്രഷറി, മാവേലി സ്റ്റോർ, ത്രിവേണി സ്റ്റോർ തുടങ്ങി നിരവധി സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും മത്സ്യ-മാംസ മാർക്കറ്റും പ്രവർത്തിക്കുന്ന ബസ് സ്റ്റാൻഡിൽ ബസുകൾ കയറാതിരിക്കുന്നത് യാത്രക്കാർക്ക് വിഷമം ഉണ്ടാക്കുന്നുണ്ട്. യോഗ തീരുമാനപ്രകാരം ഈ മാസം 25 മുതൽ ബസുകൾ കയറാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി അന്യ വാഹനങ്ങൾ ബസ് സ്റ്റാൻഡിൽ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുകയാണ്.
ഈ തൊഴിൽ മടുത്തെന്ന് ബസ് ജീവനക്കാർ
പുലാമന്തോൾ: സമയത്തിന് ഓടിയെത്താനാവാതെ റോഡിൽ തമ്മിൽ തല്ലിയുള്ള തൊഴിൽ മടുത്തെന്ന് ബസ് ജീവനക്കാർ. പെരിന്തൽമണ്ണ-പട്ടാമ്പി റൂട്ടിൽ നടത്തിയ മിന്നൽ പണിമുടക്കിന്റെ കാരണം വിവരിക്കുകയായിരുന്നു ബസ് തൊഴിലാളി യൂനിയൻ പെരിന്തൽമണ്ണ ഏരിയ സെക്രട്ടറി മുഹമ്മദലി മാടാല. പുലാമന്തോൾ ബസ് സ്റ്റാൻഡിൽ കയറുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ അധികൃതരുടെ മുന്നിൽ കാരണം വ്യക്തമാക്കിയതാണ്. പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ സ്റ്റാൻഡിൽ കയറാനാവില്ലെന്നും നിർബന്ധിച്ചാൽ തൊഴിൽ ഒഴിവാക്കുമെന്നും ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. പെരിന്തൽമണ്ണയിൽനിന്ന് പട്ടാമ്പിയിലേക്ക് 50 മിനിറ്റാണ് അനുവദിച്ചത്. ഇതിൽ മൂസ്സക്കുട്ടി സ്റ്റാൻഡിൽനിന്ന് മെയിൽ റോഡിലെത്താൻ ഒന്നര കി.മീ. അധികം സഞ്ചരിക്കണം. കൂടാതെ കുന്നപ്പള്ളി വളയം മൂച്ചി മുതൽ വിളയൂർ പുളിഞ്ചോട് വരെ 10 കി.മീ. തകർന്ന റോഡിലൂടെയാണ് യാത്ര. ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. സ്റ്റാൻഡിൽ കയറിയാൽ യാത്രക്കാരെ ഇറക്കി പുറത്തിറങ്ങാൻ നാലോ അഞ്ചോ മിനിറ്റ് വേണം. വൈകിയാൽ വളാഞ്ചേരി-പട്ടാമ്പി റൂട്ടിലോടുന്ന ബസുകളുമായി കൊപ്പം മുതൽ പട്ടാമ്പി വരെ മത്സരിക്കണം. ബസ് ഉടമകളുമായോ തൊഴിലാളികളുമായോ ചർച്ചക്ക് ആരും സന്നദ്ധമായിട്ടില്ല.
തീരുമാനത്തിലെത്തുന്നതുവരെ പണിമുടക്ക് തുടരുമെന്നും അദ്ദേഹം പറഞ്ഞു. അപാകതകൾ പരിഹരിക്കാതെ ബസുകൾ കയറാനാവില്ലെന്നും നിർബന്ധിച്ചാൽ ജോലി ഒഴിവാക്കുമെന്നും ബസ് ഉടമ സംഘം ജില്ല സെക്രട്ടറി മുഹമ്മദ് അലി ഹാജി വെട്ടത്തൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.