പുലാമന്തോളിൽ വിദ്യാർഥികൾ തമ്മിൽ വീണ്ടും പോർവിളി
text_fieldsപുലാമന്തോൾ: കഴിഞ്ഞ ദിവസം പൊലീസ് നൽകിയ താക്കീത് വകവെക്കാതെ പുലാമന്തോളിൽ വീണ്ടും വിദ്യാർഥികളുടെ പോർവിളി. പുലാമന്തോൾ ജി.എച്ച്.എസ്.എസിലെ വിദ്യാർഥികളാണ് ബുധനാഴ്ച വൈകുന്നേരവും സ്കൂൾ വിട്ട് റോഡിലിറങ്ങി പോർവിളി നടത്തിയത്.
തക്കസമയത്ത് സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് ഇരുവിഭാഗവും പിന്തിരിഞ്ഞെങ്കിലും സ്ഥലം വിട്ടുപോവാനുള്ള നിർദേശത്തിന് വഴങ്ങിയില്ല. തുടർന്ന് പൊലീസ് കർശന നിലപാടെടുത്ത് ഓടിക്കാൻ തുടങ്ങിയതോടെ ഒരു വിഭാഗം താവുള്ളിപ്പാലത്തിനരികിലേക്കും മറ്റൊരു വിഭാഗം ആലഞ്ചേരി മൈതാനിയിലേക്കും ഓടിപ്പോവുകയായിരുന്നു.
കോവിഡ് അടച്ചുപൂട്ടലിനുശേഷം സ്കൂൾ പൂർണമായും തുറന്ന തിങ്കളാഴ്ച വൈകുന്നേരം സ്കൂൾ വിട്ട് റോഡിലേക്കിറങ്ങിയ ഹയർ സെക്കൻഡറി-ഹൈസ്കൂൾ വിദ്യാർഥികൾ ചേരിതിരിഞ്ഞ് പോർവിളിയുമായി കൈയാങ്കളിക്ക് തുടക്കമിടുകയായിരുന്നു. സ്കൂൾ അധികൃതരുടെ അഭ്യർഥന പ്രകാരം തൊട്ടടുത്ത ദിവസം വൈകുന്നേരം നാലിന് നിരീക്ഷണത്തിനെത്തിയ പെരിന്തൽമണ്ണ പൊലീസ് കൺട്രോൾ റൂം അധികൃതർ സ്കൂളിനു മുന്നിൽ കൂട്ടംകൂടി നിന്ന വിദ്യാർഥികളെ താക്കീത് നൽകി പറഞ്ഞയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.