വിത്ത് പാകിയ വയലുകൾ ഉഴുതു മറിച്ച് കാട്ടുപന്നികൾ
text_fieldsപുലാമന്തോൾ: ദിവസങ്ങൾക്ക് മുമ്പ് വിത്ത് പാകിയ വയൽ ഉഴുതു മറിച്ച് കാട്ടുപന്നികൾ. പാലൂർ പാടശേഖത്തിൽ വിത്തെറിഞ്ഞ വയലാണ് കാട്ടുപന്നികൾ ഉഴുതു മറിച്ചത്. കർക്കടകമാസത്തിൽ മഴ മാറി നിന്ന വേവലാതിക്കിടയിലാണ് കർഷകന്റെ നെഞ്ചിൽ ഇടിത്തീയായി കാട്ടുപന്നി വിളയാട്ടം. രണ്ടാം വിളക്കായി വിത്ത് പാകിയ സ്ഥലമാണ് ഉഴുതു മറിച്ചത്. ഇതോടെ രണ്ടാം വിളക്ക് ഞാറ് കിട്ടുമോ എന്ന ആശങ്കയിലാണ് കർഷകർ.
പാടശേഖരത്തിലെ വരമ്പുകൾ കുത്തിയിളക്കി നിരപ്പാക്കുന്നതും പതിവാണ്. പുലർച്ച പാടശേഖരത്തിൽ തനിച്ചെത്തുന്ന കർഷകരെ പന്നികൾ ഓടിക്കുന്നതായും പരാതിയുണ്ട്. ഊരങ്ങാട്ടുപറമ്പിൽ ശിവശങ്കരൻ, വേലായുധൻ, ചാത്തൻ തുടങ്ങിയ കർഷകരുടെ ഭൂമിയിലാണ് കൂടുതൽ നാശം വിതച്ചത്.
രാത്രി 12ന് ശേഷം കൂട്ടമായെത്തുന്ന കാട്ടുപന്നികൾ പാടശേഖത്തിലും വീട്ടുവളപ്പിലും കൃഷിചെയ്യുന്ന കപ്പ, വാഴ, ചേന, ചേമ്പ് തുടങ്ങിയ പച്ചക്കറി കൃഷികളും തെങ്ങ് ഇതര പഴവർഗങ്ങളും നശിപ്പിക്കുകയാണ്. പാടശേഖരത്തിനു തൊട്ടുള്ള തോടുകളും പുഴയോരങ്ങളും കാടുമൂടിയ അവസ്ഥയിലാണ്. പകൽ സമയങ്ങളിൽ കാട്ടുപന്നികൾ ഇവിടങ്ങളിൽ താവളമാക്കുകയാണ്.
മാസങ്ങൾക്ക് മുമ്പ് ഉച്ച സമയത്ത് കുന്തിപ്പുഴ സ്കൂൾ കടവിലെ പൊന്തക്കാട്ടിൽ നിന്ന് പന്നി പാലൂർ റോഡിലൂടെ ഓടിയതായി പറയപ്പെടുന്നു. പുലാമന്തോൾ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവിടങ്ങളിൽ പലതവണ പരാതി ബോധിപ്പിച്ചിരുന്നതായും പാടശേഖരസമിതി ഭാരവാഹി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.