പുനര്‍ഗേഹം പദ്ധതി: ജില്ലയിൽ പരിഗണനയിലുള്ളത് 1806 കുടുംബങ്ങൾ
text_fieldsമലപ്പുറം: മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പുനരധിവസിപ്പിക്കാനായി ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കിയ 'പുനര്‍ഗേഹം' പദ്ധതിയിൽ പരിഗണിക്കാനായി ജില്ലയിലാകെ കണ്ടെത്തിയത് 1806 കുടുംബങ്ങൾ. ഇവരില്‍ മാറി താമസിക്കാന്‍ സമ്മതം അറിയിച്ച 1143 ഗുണഭോക്താക്കളെ ജില്ലതല അപ്രൂവല്‍ കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. സ്വന്തം നിലയില്‍ ഭൂമി കണ്ടെത്തിയ 341 ഗുണഭോക്താക്കളുടെ ഭൂമിയുടെ വില നിര്‍ണയം ജില്ലതല മോണിറ്ററിങ് പൂര്‍ത്തിയായി. ഇതില്‍ 157 ഗുണഭോക്താക്കളാണ് രജിസ്ട്രേഷന് നടപടി പൂര്‍ത്തീകരിച്ച് ധനസഹായം കൈപ്പറ്റിയത്. 150 കുടുംബങ്ങള്‍ ഭവന നിര്‍മാണത്തിന്റെ ആദ്യഘട്ടവും 111 കുടുംബങ്ങള്‍ രണ്ടാം ഘട്ടവും 87 കുടുംബങ്ങള്‍ മൂന്നാംഘട്ടവും പ്രവൃത്തി പൂര്‍ത്തീകരിച്ചവരാണ്.
തീരദേശത്ത് സര്‍വേ നടത്തി വേലിയേറ്റ രേഖയില്‍നിന്ന് 50 മീറ്ററിനുള്ളില്‍ താമസിക്കുന്നവരെ കണ്ടെത്തി ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പൊന്നാനിയില്‍ 12.80 കോടി രൂപ വിനിയോഗിച്ച് 108 സുരക്ഷിത സ്നേഹഭവനങ്ങളാണ് (ഫ്ലാറ്റ് സമുച്ചയം) നിര്‍മിച്ചു നല്‍കിയത്. രണ്ട് ബെഡ് റൂം ലിവിങ് റൂം, അടുക്കള, ഡൈനിങ് ഹാള്‍, ബാത്ത് റൂം എന്നീ സൗകര്യങ്ങളാണ് ഓരോ ഫ്ലാറ്റിലും ഒരുക്കിയിട്ടുള്ളത്.
കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യവും മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധന ഉപകരണങ്ങള്‍ സൂക്ഷിക്കാനും സൗകര്യമുണ്ട്. ജില്ലതല അപ്രൂവല്‍ കമ്മിറ്റി അംഗീകരിച്ച 108 കുടുംബങ്ങളാണ് നിലവില്‍ പുനര്‍ഗേഹം പദ്ധതി പ്രകാരം പണിത പുതിയ ഭവനങ്ങളിലേക്ക് താമസം മാറിയത്. നിറമരുതൂരില്‍ ഭവന നിര്‍മാണം വിവിധ ഘട്ടങ്ങളിലാണ്. നിലവില്‍ തീരദേശ വേലിയേറ്റ രേഖയില്‍ 50 മീറ്ററിനുള്ളില്‍ താമസിക്കുന്നവരും ഫിഷറീസ് വകുപ്പ് തയാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരും ഉണ്ടെങ്കില്‍ ജില്ലതല അപ്രൂവല്‍ കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായി വ്യത്യസ്ത ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അംഗീകരിക്കാവുന്നതാണെന്ന് മാര്‍ഗരേഖയില്‍ പറയുന്നുണ്ട്. 2018-19 മുതല്‍ 2021-22 വരെയുള്ള മൂന്നുവര്‍ഷ കാലയളവിനുള്ളില്‍ സുരക്ഷിത മേഖലയിലേക്ക് മാറാന്‍ സന്നദ്ധത അറിയിച്ച മുഴുവന്‍ പേരെയും പുനരധിവസിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.