ചമ്രവട്ടം പാലത്തിലെ ചോർച്ച: കുടിവെള്ളത്തിന് ബണ്ട് കെട്ടിത്തുടങ്ങി
text_fieldsപുറത്തൂർ: ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിലൂടെയുള്ള ചോർച്ച കാരണം കുടിവെള്ളം വിതരണം ചെയ്യാൻ കഴിയാത്തതിനാൽ അധികൃതർ താൽക്കാലിക ബണ്ടൊരുക്കി തുടങ്ങി. പാലത്തിന്റെ ചുവട്ടിൽ നീരൊഴുക്ക് അവശേഷിക്കുന്ന ഭാഗത്താണ് മണൽച്ചാക്കുകൾ കൊണ്ട് ബണ്ട് കെട്ടുന്നത്. ചമ്രവട്ടം പദ്ധതിയിലൂടെ വെള്ളം ചോർന്നൊലിച്ചു പോകുന്നതിനാൽ പൊന്നാനി താലൂക്കിൽ ശുദ്ധജലം വിതരണത്തിൽ തടസ്സം നേരിട്ടിരുന്നു. ഭാരതപ്പുഴയിൽനിന്ന് നരിപ്പറമ്പിലുള്ള ശുദ്ധീകരണശാലയിലേക്ക് വെള്ളമെത്തിച്ചാണ് പൊന്നാനി താലൂക്കിലെ മുഴുവൻ ഭാഗത്തേക്കും കുടിവെള്ള വിതരണം നടത്തുന്നത്.
പുഴയിൽ ലഭ്യമായ വെള്ളം മുഴുവൻ ചോർന്നൊലിച്ചു പോവുകയും കടലിൽനിന്ന് വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം മറുവശത്തേക്ക് കടന്നുവരികയും ചെയ്യുന്നതിനാലാണ് താൽക്കാലിക സംവിധാനം ജല അതോറിറ്റി ഒരുക്കുന്നത്. ചമ്രവട്ടത്തുനിന്ന് തിരുനാവായ ഭാഗത്തേക്ക് ഏകദേശം ഒന്നര കീ.മീ വരെ ഉപ്പുവെള്ളം എത്താറുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയായ ചെകുത്താൻ കുണ്ടിനെയും ഇത് ബാധിക്കാറുണ്ട്. ഉപ്പുവെള്ളം കലരുന്നത് മൂലം പലപ്പോഴും ഇവിടെ നിന്നും വെള്ളം പമ്പ് ചെയ്യാറില്ല. ഇത് സമീപ പഞ്ചായത്തുകളായ തൃപ്രങ്ങോട്ടെയും മംഗലത്തെയും കർഷകരെയാണ് ബാധിക്കുക. 25,000 മണൽ ചാക്കുകൾ ഉപയോഗിച്ചാണ് ബണ്ട് നിർമാണം. 60 മീറ്റർ നീളത്തിലും മൂന്നു മീറ്റർ ഉയരത്തിലും രണ്ടര മീറ്റർ വീതിയിലുമാണ് ബണ്ട്. 15 ലക്ഷം രൂപയാണ് ബണ്ട് നിർമാണത്തിന് ചെലവഴിക്കുന്നത്.
2012ലാണ് ചമ്രവട്ടം പദ്ധതി കമീഷൻ ചെയ്യുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയാണിത്. തിരൂർ, പൊന്നാനി താലൂക്കുകളിലെ കുടിവെള്ള പ്രശ്ന പരിഹാരത്തിനും കാർഷിക ആവശ്യങ്ങൾക്ക് വെള്ളമെത്തിക്കാനുമായിരുന്നു റെഗുലേറ്ററിലൂടെ വിഭാവനം ചെയ്തിരുന്നത്. എന്നാൽ, ചോർച്ച മൂലം ഒരിക്കൽപോലും ഇവിടെ വെള്ളം സംഭരിക്കാൻ കഴിഞ്ഞിട്ടില്ല. ഏറെ നാളത്തെ മുറവിളിക്ക് ശേഷം ഈ വർഷം ചമ്രവട്ടം പാലത്തിന്റെ ചോർച്ചയടക്കാൻ തുടങ്ങിയിട്ടുണ്ട്. പൈലിങ് ഷീറ്റുകളുടെ കുറവ് കാരണം ചോർച്ചയടക്കലും നീളുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.