അഭിമാനമായി ദേശീയ സ്കൂൾ മീറ്റിലെ റഹൂഫിന്റെ സ്വർണ നേട്ടം
text_fieldsതാനൂർ: മധ്യപ്രദേശിലെ ദേശീയ സ്കൂൾ മീറ്റിൽ അണ്ടർ 19 വിഭാഗം 4 x 100 മീറ്റർ റിലേയിൽ കേരളത്തെ പ്രതിനിധീകരിച്ച് സ്വർണം നേടിയ റിലേ ടീമംഗം സി.പി. അബ്ദുറഹൂഫിന്റെ നേട്ടം നാടിനും സ്കൂളിനും അഭിമാനമായി. താനൂർ കെ.പുരം കുണ്ടുങ്ങലിലെ പ്രവാസിയായ ചേലൂപ്പാടത്ത് യൂനുസിന്റേയും ജംഷിയയുടെയും മകനായ അബ്ദുറഹൂഫ് താനൂർ ദേവധാർ ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയാണ്.
എട്ടാം ക്ലാസ് മുതൽ കായിക മത്സര രംഗത്തുള്ള റഹൂഫ് കഴിഞ്ഞ മൂന്നു വർഷമായി സ്പ്രിന്റ് ഇനങ്ങളിൽ ജില്ല, സംസ്ഥാന മീറ്റുകളിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്. കഴിഞ്ഞ തവണ സംസ്ഥാന തലത്തിൽ നാലാമതെത്തിയ റഹൂഫ് ഇത്തവണ രണ്ടാമതെത്തിയാണ് ദേശീയ മീറ്റിലേക്ക് യോഗ്യത നേടിയത്. മീറ്റിൽ പങ്കെടുക്കാൻ ഭോപ്പാലിലേക്ക് പോകവേ ട്രെയിനിൽ വെച്ച് മൊബൈലും ഐ.ഡി കാർഡുൾപ്പെടെ രേഖകളടങ്ങിയ പഴ്സും നഷ്ടപ്പെട്ടതിന്റെ നിരാശക്കിടയിലും മീറ്റിൽ കേരളത്തിനായി മിന്നുന്ന പ്രകടനം കാഴ്ച വെക്കാനായതിന്റെ ആഹ്ലാദത്തിലാണ് റഹൂഫ്. 4 x 100 മീറ്റർ റിലേയിൽ ആദ്യ ലാപ്പ് ഓടിയതും റഹൂഫായിരുന്നു.
താനൂർ സ്വദേശിയായ അർഷദിന് കീഴിൽ പരിശീലിക്കുന്ന റഹൂഫിന്റെ ഇനിയുള്ള ലക്ഷ്യം ദേശീയ അന്തർദേശീയ തലങ്ങളിലെ കൂടുതൽ നേട്ടങ്ങളാണ്. കുടുംബത്തിന്റെയും അധ്യാപകരുടെയും സഹപാഠികളുടേയും ഉറച്ച പിന്തുണക്ക് നന്ദി പറയുന്ന റഹൂഫിന് മെച്ചപ്പെട്ട പരിശീലനത്തിലൂടെ ഇനിയുമേറെ നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ്. വിദ്യാർഥികളായ മഹ്റൂഫും ഫാത്തിമ റിഫയുമാണ് സഹോദരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.