ഹൃദയം തൊട്ടുണർത്തി രാഹുൽ ഗാന്ധി മലപ്പുറം ജില്ലയിൽ
text_fieldsമലപ്പുറം: മൂവർണക്കടൽ ഒരുക്കി കാത്തുനിൽക്കുന്ന പ്രവർത്തകരിൽ ആവേശത്തിന്‍റെ ആരവങ്ങൾ തീർത്ത് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജില്ലയിൽ. കുന്തിപ്പുഴ കടന്ന് പുലാമന്തോൾ പാലം വഴി ജില്ലയിൽ പ്രവേശിച്ച യാത്ര ചൊവ്വാഴ്ച രാവിലെ 6.15 ഓടെയാണ് തുടങ്ങിയത്. രാഹുൽ ഗാന്ധി എത്തുന്നതിനുമുമ്പുതന്നെ മുദ്രവാക്യം വിളികളുമായി പ്രവർത്തകരുടെ നീണ്ട നിരയായിരുന്നു. കന്യാകുമാരിയിൽനിന്ന് തുടങ്ങി 20 ദിനം പിന്നിട്ട് മലപ്പുറത്തേക്ക് പ്രവേശിച്ച ജാഥക്ക് കോൺഗ്രസിന്‍റെ വലിയ പതാകകളുമായി ആയിരങ്ങളുടെ ആരവാവേശം നിറഞ്ഞ പ്രഭാതത്തിലാണ് സ്വീകരണം നൽകിയത്. രാവിലെ 6.30ന് തീരുമാനിച്ച ജാഥ പറഞ്ഞതിലും മിനിറ്റുകൾക്കുമുമ്പ് തുടങ്ങി. 'ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം' മുദ്രാവാക്യത്തിൽ വെറുപ്പിന്‍റെയും വർഗീയതയുടെയും സംഘ്പരിവാർ രാഷ്ട്രീയത്തെ തുറന്നുകാട്ടിയും രാജ്യത്തെ ഒന്നിപ്പിക്കാൻ ആഹ്വാനം ചെയ്യുന്ന യാത്രക്ക് ഗംഭീര സ്വീകരണമായിരുന്നു എല്ലായിടത്തും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, രമേശ് ചെന്നിത്തല, എം.പിമാരായ കെ. മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ ജാഥയുടെ മുൻനിരയിലുണ്ടായിരുന്നു. എം.പിമാരായ ഇംറാൻ പ്രതാപ് ഗർഹി, കൊടിക്കുന്നിൽ സുരേഷ്, ജെബി മേത്തർ, എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, അൻവർ സാദത്ത്, ഷാഫി പറമ്പിൽ, മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയ് എന്നിവരും രാവിലെ തുടക്കംമുതൽ കൂടെയുണ്ടായിരുന്നു. ജില്ലയിലേക്ക് പ്രവേശിച്ച ജാഥക്ക് അഭിവാദ്യങ്ങൾ അർപ്പിക്കാൻ മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, നജീബ് കാന്തപുരം എം.എൽ.എ എന്നിവർ പുലാമന്തോളിലെത്തി. എം.എൽ.എമാരായ പി. ഉബൈദുല്ല, ടി.വി. ഇബ്രാഹിം എന്നിവർ വിവിധയിടങ്ങളിൽ സംബന്ധിച്ചു.
പാതയോരങ്ങളിൽ അവർ കാത്തുനിന്നു...
യാത്രയുടെ തുടക്കം മുതൽ പെരിന്തൽമണ്ണയിലേക്ക് നീളുന്ന റോഡിന്‍റെ ഇരുവശത്തും ഫോട്ടോ എടുക്കാനും കൈ കൊടുക്കാനും രാഹുലിനെ കാത്തുനിൽക്കുന്ന ജനക്കൂട്ടമായിരുന്നു എങ്ങും. ജാഥ കടന്നുപോകുന്നയിടങ്ങളിലെ വീടുകളിൽനിന്നെല്ലാം അഭിവാദ്യങ്ങളുമായി സ്ത്രീകളും കുട്ടികളും ഇരുവശത്തും തടിച്ചുകൂടിയവരുമെല്ലാമായി ആവേശോജ്ജ്വലമായിരുന്നു ആദ്യദിനം. രാഹുലിന്‍റെ ഛായാചിത്രവുമായി കാത്തുനിന്നവരും നിരവധി. പാതയോരത്തുള്ളവർ പലപ്പോഴും നിയന്ത്രണംവിട്ട് അടുത്തേക്ക് വരാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അനൗൺസ് മെന്‍റ് വാഹനം, പിന്നാലെ സേവാദൾ പ്രവർത്തകർ, ജാഥ ക്യാപ്റ്റനും നേതാക്കളും പ്രവർത്തകരും എന്ന രീതിയിലായിരുന്നു ക്രമീകരണം.
പ്രഭാതഭക്ഷണം എട്ട് കിലോമീറ്ററിനുശേഷം
യാത്ര എട്ട് കിലോമീറ്ററോളം പിന്നിട്ടശേഷം കുന്നപ്പള്ളി വളയംമൂച്ചിയിലെ ഹോട്ടലിലായിരുന്നു പ്രഭാതഭക്ഷണം. അൽപനേരത്തിനകം ഇവിടെനിന്ന് പുനരാരംഭിച്ച യാത്ര 9.15 ഓടെ പെരിന്തൽമണ്ണ നഗരത്തിലെത്തി. പെരിന്തൽമണ്ണയിൽനിന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും യാത്രയുടെ ഭാഗമായി. പട്ടാമ്പി റോഡിൽനിന്ന് പെരിന്തൽമണ്ണ നഗരത്തിലേക്ക് പ്രവേശിച്ച ജാഥക്ക് അഭിവാദ്യങ്ങൾ അർപ്പിക്കാൻ ഇരുവശവും പ്രവർത്തകരും അല്ലാത്തവരും.
എല്ലാവർക്കും കൈവീശി നന്ദി അറിയിച്ച് രാഹുൽ. തുടക്കം മുതൽ വിവിധ മേഖലകളിൽനിന്നുള്ളവരുമായി സംസാരം. റോഡരികിൽ കാത്തുനിൽക്കുന്നവർക്ക് അഭിവാദ്യം അർപ്പിക്കുന്നതിനൊപ്പം ഇവർ ഉന്നയിക്കുന്ന വിഷയങ്ങളും കേട്ട് മുന്നോട്ട്. ഇതിനിടെ, കാത്തുനിൽക്കുന്ന കുട്ടികളെ ചേർത്തുനിർത്തി. കുട്ടിയുമായി കാണാനെത്തിയവരും ഇടയിൽ രാഹുലിനൊപ്പം.
പത്തോടെ രാവിലത്തെ വിശ്രമകേന്ദ്രത്തിൽ
14.3 കി.മീ. പിന്നിട്ട് രാവിലെ 10ഓടെയാണ് രാവിലെ നിശ്ചയിച്ച വിശ്രമകേന്ദ്രത്തിൽ രാഹുലും സംഘവും എത്തിയത്. പൂപ്പലം എം.എസ്.ടി.എം ആർട്സ് ആൻഡ് സയൻസ് കോളജിലാണ് രാഹുലിനും കൂടെയുള്ള യാത്രികർക്കുമായി വിശ്രമം അനുവദിച്ചത്. ഇവിടെ വിവിധ മേഖലകളിലുള്ളവരുമായി കൂടിക്കാഴ്ച നടത്തി. ഉച്ചക്കുശേഷം മുസ്‍ലിം ലീഗ് നേതാക്കളുമായി ചർച്ചകൾ നടന്നു. ഉച്ചക്ക് ശേഷം സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്കെതിരെ ഉച്ചക്ക് ശേഷമുള്ള യാത്ര സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെയായിരുന്നു. സ്ത്രീകൾക്കെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദേശവുമായി പദയാത്ര ഒന്നാം ദിവസം സമാപിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനാണ് പട്ടിക്കാട് നിന്ന് യാത്ര ആരംഭിച്ചത്. യാത്ര തുടങ്ങി ഒന്നര കിലോമീറ്റർ പിന്നിട്ട ശേഷമാണ് അമ്പതോളം വരുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം കറുത്ത റിബ്ബണുമായി യാത്രയുടെ ഭാഗമായത്. വനിത സംരക്ഷണം അടക്കമുള്ള സന്ദേശങ്ങളുള്ള പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചാണ് ഇവർ അണിനിരന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.