കരിങ്കൽ, ചെങ്കൽ ക്വാറികളിൽ പൊലീസ് പരിശോധന; 11 ലോറികൾ പിടികൂടി
text_fieldsപെരിന്തൽമണ്ണ: പെരിന്തൽമണ്ണ പൊലീസ് സബ് ഡിവിഷൻ പരിധിയിൽ കരിങ്കല്‍, ചെങ്കൽ ക്വാറികളിൽ എ.എസ്.പി എം. ഹേമലതയുടെ നേതൃത്വത്തിൽ പരിശോധ നടത്തി. വണ്ടൂരിലെ കരിങ്കൽ ക്വാറിയിൽനിന്ന് പാസില്ലാതെ ലോഡ് കയറ്റി വന്ന 11 ലോറികൾ പിടികൂടി. നിലമ്പൂർ, പെരിന്തൽമണ്ണ താലൂക്കുകളിൽ മലയോര മേഖലയില്‍ വ്യാപകമായി അനധികൃത ഖനനത്തിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് പരിശോധന.
നിയമം ലംഘിച്ചാൽ ക്വാറികളുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്ന് പെരിന്തൽമണ്ണ എ.എസ്.പി അറിയിച്ചു. അതേസമയം, ജില്ലയിലെ ജിയോളജി, റവന്യൂ വകുപ്പുകളുടെ വീഴ്ചയാണ് അനധികൃത ക്വാറികളുടെ പ്രവർത്തനത്തിന് കാരണം. പെരിന്തൽമണ്ണ താലൂക്കിൽ അനധികൃത ചെങ്കൽ, കരിങ്കൽ ക്വാറികൾ വില്ലേജുകൾ തിരിച്ച് റവന്യൂ വകുപ്പ് കണ്ടെത്തി വാഹനങ്ങൾ ഇടക്ക് പിടികൂടിയിരുന്നെങ്കിലും ക്വാറികൾ ഇപ്പോഴും പ്രവർത്തിക്കുകയാണ്.
പരിസ്ഥിതിലോല മേഖലകളിലെ ഖനന നിയന്ത്രണങ്ങളും പാലിക്കുന്നില്ല
പെരിന്തൽമണ്ണ: ഖനന മേഖലയിൽ സോണ്‍ മൂന്നില്‍ കര്‍ശന നിബന്ധനകളോടെ ഖനനം നിയന്ത്രിക്കണമെന്നും സോഷ്യല്‍ ഓഡിറ്റിങിന് വിധേയമാക്കണമെന്നുമുള്ള നിര്‍ദേശങ്ങൾ പാലിക്കുന്നില്ലെന്ന് പരാതി. കനത്ത മഴയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതിനു പിന്നില്‍ അനിയന്ത്രിതമായ ഖനനമാണെന്ന് പഠന റിപ്പോര്‍ട്ടുണ്ടായിരുന്നു.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോലപ്രദേശം സോണ്‍ ഒന്ന്, രണ്ട് മേഖലകളില്‍ ഖനനം നിരോധിക്കണമെന്നും ലൈസന്‍സുള്ള ക്വാറികളുടെ പ്രവര്‍ത്തനം അഞ്ചുവര്‍ഷം കൊണ്ട് അവസാനിപ്പിക്കണമെന്നും ഗാഡ്ഗില്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. സോൺ മൂന്നിലാണ് കർശന നിയന്ത്രണങ്ങളോടെ ഖനനം നടത്താമെന്നും എന്നാൽ സോഷ്യൽ ഒാഡിറ്റിങിന് വിധേയമാക്കണമെന്നും നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.