ഭക്ഷണശാലകളിൽ പരിശോധന: പഴകിയ ഭക്ഷണം പിടിച്ചെടുത്തു
text_fieldsനഗരസഭ പബ്ലിക് ഹെൽത്ത് ആൻഡ് എൻവയൺമെന്റ് മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധന
മലപ്പുറം: നഗരസഭയിലെ വിവിധ ഭക്ഷണ വിൽപന ശാലകളിലും കാറ്ററിങ് യൂനിറ്റുകളിലും വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ ശുചിത്വ നിലവാരമില്ലാതെ സൂക്ഷിച്ചതും പഴകിയതുമായ വിവിധതരത്തിലുള്ള ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. നഗരസഭ പബ്ലിക് ഹെൽത്ത് ആൻഡ് എൻവയൺമെന്റ് മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കാവുങ്ങൽ ബൈപ്പാസ്, മച്ചിങ്ങൽ ബൈപ്പാസ്, വാറങ്കോട് തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. മലിനജലം തോട്ടിലേക്കും ഓടയിലേക്കും ഒഴുക്കി ജലസ്രോതസ്സുകൾ മലിനീകരണം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെയും തുടർനടപടികൾ സ്വീകരിച്ചു. ജലസ്രോതസ്സുകൾ മലിനമാക്കുന്നത് ആറുമാസം വരെ തടവും 50,000 രൂപ പിഴയും കിട്ടാവുന്ന കുറ്റമാണ്.
ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ ക്ലീൻ സിറ്റി മാനേജർ അറിയിച്ചു. പരിശോധനക്ക് സിറ്റി മാനേജർ കെ. മധുസൂദനൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എ. മോഹൻദാസ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.കെ. മുനീർ, പി.പി. അനുകൂൽ, ടി. അബ്ദുൽ റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി. വരുംദിവസങ്ങളിലും തുടർപരിശോധന ഉണ്ടാകുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.