വിലയിൽ പൊള്ളി റമദാൻ
text_fieldsമലപ്പുറം: റമദാൻ ആരംഭിച്ചതോടെ നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കുന്നത് ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നു. പച്ചക്കറി, അരി, പഴവർഗങ്ങൾ, ഇറച്ചി എന്നിവക്ക് ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്. പാചകവാതകം, പെട്രോൾ, ഡീസൽ, ബസ് ചാർജ്, ഓട്ടോ ചാർജ് എന്നിവയുടെ വിലയിൽ കഴിഞ്ഞയാഴ്ചയുണ്ടായ വർധന കച്ചവടക്കാരെ വില വർധിപ്പിക്കാൻ പ്രേരിപ്പിക്കുകയാണ്. പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും അയൽ സംസ്ഥാനങ്ങളെയാണ് പ്രധാനമായും ജില്ല ആശ്രയിക്കുന്നത്. അവിടെനിന്ന് ലോറികളിലും മറ്റും സാധനങ്ങൾ ഇവിടെ എത്തിക്കാനുള്ള ചെലവ് ഇന്ധന വിലവർധന കാരണം കൂടിയിട്ടുണ്ട്.
തക്കാളി പത്തിൽനിന്ന് 16ലേക്ക്
തക്കാളിയുടെ വില കിലോക്ക് മാസങ്ങളായി 10 മുതൽ 12 രൂപയായിരുന്നു. രണ്ട് ദിവസം മുമ്പ് തക്കാളിയുടെ വില 16 രൂപയായി. വെണ്ടക്കക്ക് 40ൽനിന്ന് 60 രൂപയായി. 100 രൂപയുണ്ടായിരുന്ന ചെറുനാരങ്ങ 180 രൂപയായി. വലിയ ഉള്ളി, പച്ചമുളക് എന്നിവക്ക് കുറഞ്ഞിട്ടുണ്ട്.
വിപണിയിലെത്തി സിന്ദൂരവും ബംഗനപ്പള്ളിയും
റമദാനോടനുബന്ധിച്ച് തമിഴ്നാട്ടിൽനിന്നുള്ള സിന്ദൂരം, ആന്ധ്രയിൽനിന്നുള്ള ബംഗനപ്പള്ളി മാങ്ങകൾ വിപണിയിൽ എത്തിയിട്ടുണ്ട്. ഇവക്ക് രണ്ടിനും കിലോക്ക് 90 രൂപയാണ് വില. മൂവാണ്ടന് 80 രൂപയുമാണ്. ഓറഞ്ചിന് 80ഉം ബുർത്തുകാലിന് 110ഉം ആപ്പിളിന് 160 രൂപയുമാണ് വില. ഗ്രീൻ ആപ്പിളിന് 200ന് മുകളിലുമാണ്. കഴിഞ്ഞ ആഴ്ചയിലെ വിലയേക്കാൾ 10-30 വരെ വില കൂടിയിട്ടുണ്ട്. ജ്യൂസ് മുന്തിരിക്ക് 60, കറുത്ത കുരുവില്ലാത്ത മുന്തിരിക്ക് 120, പച്ചമുന്തിരിക്ക് 80 രൂപ എന്നിങ്ങനെയാണ് വില.
നേന്ത്രപ്പഴത്തിന് വില കുതിക്കുന്നു
നേന്ത്രപ്പഴത്തിന് വില കുതിച്ചുയരുകയാണ്. 40-50 രൂപ വിലയുണ്ടായിരുന്ന നേന്ത്രപ്പഴം 65ൽ എത്തിയിരിക്കുകയാണ്. റമദാനിലെ പ്രധാന ഫലവർഗമായ തണ്ണിമത്തന് 20 രൂപയും ഇറാനി തണ്ണിമത്തന് 18 രൂപയുമാണ് വില. കഴിഞ്ഞയാഴ്ചയിലെ വിലയേക്കാൾ മൂന്ന് മുതൽ അഞ്ചുരൂപ വരെ വർധിച്ചു.
രണ്ടാഴ്ചയായി കോഴിയിറച്ചിയുടെ വില വർധിച്ചിരുന്നു. കിലോക്ക് 140 രൂപയുണ്ടായിരുന്നിടത്ത് 240 രൂപ വരെ എത്തി. എന്നാൽ, കുറച്ച് ദിവസങ്ങളായി വില കുറയുകയാണ്. 220 രൂപയാണ് വില. പോത്തിറച്ചിക്ക് 250-300 വരെയും മട്ടന് 580-650 രൂപ വരെയുമാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.