റമിൽ യാത്രയായി; മെസിയെ ‘തനിച്ചാക്കി’
text_fieldsതുവ്വൂർ: വെള്ളിയാഴ്ച രാവിലെ ലോകകപ്പ് ഫുട്ബാൾ യോഗ്യത റൗണ്ടിൽ ലയണൽ മെസി എക്വഡോറിന്റെ വല കുലുക്കുമ്പോൾ റമിൽ സേവ്യർ തുവ്വൂരിലെ വീട്ടിൽ നിത്യനിദ്രയിലായിരുന്നു; അർജന്റീനയുടെ നീലയും വെള്ളയും പതാക പുതച്ച്. തുവ്വൂർ ചെമ്മന്തിട്ട പയ്യപ്പിള്ളിൽ സേവ്യറിന്റെ മകൻ റമിൽ സേവ്യർ കരൾരോഗബാധിതനായപ്പോൾ സുഹൃത്തുക്കളുമായി പങ്കുവെച്ച അവസാന ആഗ്രഹമായിരുന്നു അത്. മൃതദേഹം സംസ്കാരത്തിനെടുക്കും മുമ്പ് സുഹൃത്തുക്കൾ ആ ആഗ്രഹം നിറവേറ്റുകയും ചെയ്തു. മെസിയെ അത്രമേൽ ഹൃദയത്തിൽ കൊണ്ടുനടന്നിരുന്നു ഈ 42കാരൻ.
മെസി ഖത്തർ ലോകകപ്പുയർത്തിയ അന്ന് റമിൽ പറഞ്ഞത് ഇങ്ങനെ: ‘എന്റെ ജീവിതം പൂർണമായി. ഇനി മരിച്ചാലും എനിക്ക് സങ്കടമില്ല’. ഈ വാക്കുകളാണ് ഇന്നലെ അറംപറ്റിയത്. തുവ്വൂരിലെ ഫുട്ബാൾ ആരാധകരെ മുഴുവൻ സങ്കടപ്പെടുത്തി വെള്ളിയാഴ്ച പുലർച്ചെ റമിൽ യാത്രയായി; മെസിയും ഫുട്ബാൾ ആരവങ്ങളുമില്ലാത്ത ലോകത്തേക്ക്. മെസിയെ ശരിക്കും ജീവിതത്തിൽ കൊണ്ടുനടക്കുകയായിരുന്നു റമിൽ. വാഹനത്തിൽ മെസിയുടെ ചിത്രം, കൊച്ചുവീടിന്റെ ചുമരിലും ചിരിച്ചുനിൽക്കുന്ന മെസി ചിത്രം. ലോകകപ്പ് കഴിയും വരെ അണിഞ്ഞത് അർജന്റീനിയൻ ജഴ്സി. വീട്ടിൽ വളർത്തിയത് പോലും വെള്ളയും നീലയും നിറമുള്ള ഇണപക്ഷികളെ. റിട്ട. അധ്യാപിക സാറാമ്മയാണ് മാതാവ്. ഏക സഹോദരൻ കോവിഡ് ബാധിച്ച് അയർലൻഡിൽ വെച്ച് മരിച്ചു. അവിവാഹിതനായ റമിൽ സ്വകാര്യ ബസ് ജീവനക്കാരനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.