‘മാധ്യമം’ പരമ്പരയോടുള്ള പ്രതികരണങ്ങൾ; കെ.എസ്.ആർ.ടി.സി മലപ്പുറം ബസ് ടെർമിനൽ ആറുമാസത്തിനകം -പി. ഉബൈദുല്ല എം.എൽ.എ
text_fieldsമലപ്പുറം: കെ.എസ്.ആർ.ടി.സി മലപ്പുറം ബസ് ടെർമിനൽ ആറുമാസത്തിനകം യാഥാർഥ്യമാക്കുമെന്ന് പി. ഉബൈദുല്ല എം.എൽ.എ അറിയിച്ചു. മണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച രണ്ട് കോടി രൂപയുടെ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും ടെൻഡർ നടപടി അന്തിമഘട്ടത്തിലാണെന്നും എം.എൽ.എ അറിയിച്ചു. ‘മാധ്യമം’ പരമ്പരയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ കടമുറികൾ, ശുചിമുറി, യാത്രക്കാർക്കുള്ള ഇരിപ്പിടം, യാർഡിൽ കട്ടപതിക്കൽ, പഴയ കെട്ടിടങ്ങൾ പൊളിക്കൽ, സൗന്ദര്യവത്കരണം തുടങ്ങിയ പണികളാണ് ബാക്കിയുള്ളത്.
കെ.എസ്.ആർ.ടി.സി ഫണ്ടുപയോഗിച്ചുള്ള 90 ലക്ഷം രൂപയുടെ സിവിൽ-ഇലക്ട്രിക്കൽ പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. 2016 ജനുവരിയിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ട് ആരംഭിച്ചെങ്കിലും ആദ്യഘട്ടമായി അനുവദിച്ച 7.90 കോടി ചെലവഴിച്ച് ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ നാലു നില കെട്ടിടത്തിന്റെയും ബസ് ബേയുടെയും പ്രവൃത്തി മാത്രമാണ് പൂർത്തീകരിച്ചത്. നാലു നിലകളിലുള്ള പ്രോജക്ടിന്റെ തുടർപ്രവൃത്തികൾക്ക് സർക്കാരോ കെ.എസ്.ആർ.ടി.സിയോ വർഷങ്ങളോളം ഫണ്ട് തന്നില്ല. പദ്ധതി പാതിവഴിയിൽ മുടങ്ങിയ സാഹചര്യത്തിലാണ് ടെർമിനൽ പൂർത്തീകരണത്തിന് എം.എൽ.എ ഫണ്ടിൽനിന്ന് രണ്ട് കോടി രൂപ അനുവദിച്ചത്.
ബസ്സ്റ്റാൻഡുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തിയും ഈ തുക ഉപയോഗിച്ച് പൂർത്തീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു. ഷോപ്പിങ് കോംപ്ലക്സിന്റെ രണ്ടാം ഘട്ട പ്രവൃത്തിക്ക് ഈ വര്‍ഷത്തെ ബജറ്റിൽ അഞ്ച് കോടി രൂപ അടങ്കൽ നിശ്ചയിച്ച് ടോക്കണ്‍ തുക വകയിരുത്തിയിട്ടുണ്ട്. ഫണ്ട് അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് മറുപടി പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ട്. ഡിപ്പോയോട് അനുബന്ധിച്ച ഷോപ്പിങ് കോംപ്ലക്സിന്റെ പണി പൂര്‍ത്തീകരിക്കുന്നതോടെ കോർപറേഷന് വരുമാനമാര്‍ഗമാവും. നിരന്തരമായി നിയമസഭയിൽ നടത്തിയ സബ്മിഷനുകളുടെയും ഭരണതലത്തിൽ നടത്തിയ ഇടപെടലുകളുടെയും ഫലമായാണ് നേട്ടമെന്നും എം.എൽ.എ പറഞ്ഞു.
‘തിരുവനന്തപുരം സിറ്റി സർവിസ് മാതൃകയിൽ ജില്ലയിൽ ഇലക്ട്രിക് ബസുകൾ’
തിരുവനന്തപുരം നഗരത്തിൽ ആരംഭിച്ച സിറ്റി സർക്കുലർ സർവിസുകളുടെ മാതൃകയിൽ ജില്ലയിലും ഇലക്ട്രിക് ബസുകൾ ഓടിക്കും.
രണ്ടാംഘട്ടത്തിൽ കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽകൂടി ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കാൻ കോർപറേഷൻ തീരുമാനമുണ്ട്. ജനസംഖ്യ കൂടുതലുള്ള ജില്ലയെന്ന നിലക്കാണ് മലപ്പുറം പരിഗണിക്കപ്പെട്ടത്.
ബസുകൾ ലഭ്യമാവുന്ന മുറക്ക് സർവിസ് ആരംഭിക്കും. തുടക്കത്തിൽ, ഇലക്ട്രിക് ബസുകൾ തിരൂർ-മഞ്ചേരി റൂട്ടിൽ ഓടിക്കുന്നതാണ് ആലോചനയിൽ.
പിന്നീട് മറ്റു റൂട്ടുകളിലേക്കും പരിഗണിക്കും. കരിപ്പൂർ വിമാനത്താവളത്തെ ബന്ധിപ്പിച്ച് ഭാവിയിൽ മലപ്പുറം-കോഴിക്കോട് റൂട്ടിൽ കൂടുതൽ ബസുകൾ ഓടിക്കും. ബസുകൾ കുറവായ കോഴിക്കോട്-മഞ്ചേരി-പാണ്ടിക്കാട്-മണ്ണാർക്കാട് റൂട്ടിലും പുതിയ ഷെഡ്യൂളുകൾ പരിഗണനയിലുണ്ട്.
ബസുകളുടെയും ജീവനക്കാരുടെയും ലഭ്യതക്ക് അനുസരിച്ച്, പെരിന്തൽമണ്ണ-വളാഞ്ചേരി ഓർഡിനറി, വഴിക്കടവ്-കോഴിക്കോട് ടൗൺ ടു ടൗൺ സർവിസുകൾ പുനഃസ്ഥാപിക്കും. മലപ്പുറം ബസ് ടെർമിനൽ ആറു മാസത്തിനകം യാഥാർഥ്യമാക്കും.
ഫിനിഷിങ് ഉടൻ ആരംഭിക്കും. കൂടുതൽ കേന്ദ്രങ്ങളിലേക്ക് ഉല്ലാസയാത്ര പാക്കേജ് ആസൂത്രണം ചെയ്യും. യാത്ര ഫ്യൂവൽസ് എന്ന പേരിൽ പൊതുജനങ്ങൾക്ക് കൂടി ഇന്ധനം നിറക്കാവുന്ന പമ്പുകൾ എടപ്പാൾ, മലപ്പുറം, പെരിന്തൽമണ്ണ, പൊന്നാനി എന്നിവിടങ്ങളിൽ ആരംഭിക്കും.
വി. മുഹമ്മദ് അബ്ദുൽ നാസർ (ക്ലസ്റ്റർ ഓഫിസർ, കെ.എസ്.ആർ.ടി.സി മലപ്പുറം)
ജില്ലയിലെ പ്രധാന ടൗണുകളിലേക്ക് പകൽപോലും ബസില്ല ’
ജില്ല ആസ്ഥാനത്തെ ഡിപോ ആയിട്ടും മലപ്പുറത്തുനിന്ന് ജില്ലയിലെ പ്രധാന ടൗണുകളിലേക്ക് പകൽ പോലും ഇപ്പോഴും ബസ് സർവിസുകളില്ല. രാത്രി ഒമ്പതിനുശേഷം മലപ്പുറത്ത് നിന്നും പാലക്കാട്-കോഴിക്കോട് റൂട്ടിലൊഴിച്ച് സർവിസുകൾ ഇല്ലാത്തതിനാൽ പുലരുംവരെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ സ്റ്റാൻഡിൽ കാത്തിരിക്കണ്ട ഗതികേടാണ്. മലപ്പുറത്തുനിന്നും മറ്റു ജില്ലകളിലെ നഗരങ്ങളിലേക്കും പരിമിതമായേ സർവിസുകളുളളൂ. ജില്ലയിലെ പ്രധാന റെയിൽവെ സ്റ്റേഷനുളള തിരൂരിലേക്കും തിരിച്ചുമുളള യാത്രക്കാരോടും കടുത്ത അവഗണനയാണ്. മലപ്പുറത്തുനിന്നും മൈസൂരുവിലേക്കും ബംഗളൂരുവിലേക്കും പുതിയ സർവിസ് തുടങ്ങണം.
-യൂനുസ് കളത്തിങ്ങൽ, മറ്റത്തൂർ (യാത്രക്കാരൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.