തടവുകാരുടെ പുനരധിവാസം: മലപ്പുറം ജില്ല പ്രബേഷൻ ഓഫിസ് മുഖേന നൽകിയത് നാല് ലക്ഷത്തോളം രൂപ
text_fieldsമഞ്ചേരി: മലപ്പുറം ജില്ലയിലെ വിവിധ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് പ്രബേഷൻ ഓഫിസ് മുഖേന നൽകുന്ന വിവിധ പദ്ധതികളിലൂടെ നാല് ലക്ഷത്തോളം രൂപയുടെ സഹായം നൽകി.
മുൻ തടവുകാർക്കും ആശ്രിതർക്കും സ്വയംതൊഴിൽ ധനസഹായം, പ്രബേഷണർമാർക്കുള്ള ധനസഹായം, ജയിലിൽ കിടക്കുന്നവരുടെ മക്കളുടെ വിവാഹത്തിനുള്ള ധനസഹായം തുടങ്ങി വിവിധ പദ്ധതികളിലൂടെയാണ് ഇവർക്ക് പണം നൽകുന്നത്.
തടവുകാരുടെയും കുടുംബത്തിെൻറയും പുനരധിവാസം ഉറപ്പുവരുത്തുകയാണ് പദ്ധതികളുടെ ലക്ഷ്യം.
കുറ്റകൃത്യത്തെ അതിജീവിച്ച ഗുരുതരമായി പരിക്കേറ്റവർ, കുറ്റകൃത്യത്തിന് ഇരയായി മരിച്ചവരുടെ ആശ്രിതർ എന്നിവർക്ക് 'ജീവനം' പദ്ധതി വഴിയും സഹായം നൽകുന്നുണ്ട്. ജയിലിൽനിന്ന് ശിക്ഷാകാലാവധി പൂർത്തിയാക്കിയ മുൻ തടവുകാരായ 12 പേർക്ക് 15,000 രൂപ വീതം സഹായം നൽകി.
സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനാണിത്. ഇത്തരത്തിൽ പണം ലഭിച്ചവർ ടൈലറിങ് യൂനിറ്റ്, മാസ്ക് നിർമാണം, പശു, കോഴി, ആട് വളർത്തൽ, മത്സ്യകൃഷി എന്നിവ തുടങ്ങി ഉപജീവനം നടത്തുന്നു.
ഇത് പ്രബേഷൻ ഓഫിസിലെ ജീവനക്കാർ പരിശോധിച്ച് ഉറപ്പുവരുത്തും. നല്ലനടപ്പ് നിയമപ്രകാരം വിട്ട ആറ് പേർക്കും 15,000 രൂപ വീതം സഹായം നൽകി. കാലാവധിയുടെ പകുതി പൂർത്തിയാക്കിയവർക്കാണ് സഹായം ലഭിക്കുക.
ദീർഘകാലം ജയിൽ ശിക്ഷ അനുഭവിക്കുന്ന ആറ് തടവുകാരുടെ ആശ്രിതർക്ക് സ്വയംതൊഴിൽ തുടങ്ങാൻ 15,000 രൂപ സഹായം നൽകി.
അഞ്ച് വർഷത്തിൽ കൂടുതൽ ശിക്ഷ അനുഭവിച്ചവർക്കാണ് സഹായം ലഭിക്കുക. ഇതിന് പുറമെ ജയിലിൽ കിടക്കുന്ന വ്യക്തിയുടെ മകളുടെ വിവാഹത്തിന് 30,000 രൂപയും പദ്ധതി വഴി നൽകി.
തടവുകാരുടെ മക്കൾക്ക് വിഭ്യാഭ്യാസ ധനസഹായം നൽകാനും സാമൂഹികനീതി വകുപ്പ് പണം നൽകുന്നു. ജില്ല പ്രബേഷൻ ഓഫിസർക്കും ജയിൽ സൂപ്രണ്ടിനും അപേക്ഷ നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.