ഫുജൈറ ജയിലിൽനിന്ന് മോചനം: സഹായം തേടി കൊടുവള്ളി സ്വദേശിയുടെ കുടുംബം പാണക്കാട്ട്
text_fieldsമലപ്പുറം: ഒരു വർഷം മുമ്പ് നടന്ന തമിഴ്നാട് സ്വദേശിയുടെ മരണവുമായി ബന്ധപ്പെട്ട് യു.എ.ഇയിലെ ഫുജൈറ ഖൽബ ജയിലിൽ കഴിയുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശിയുടെ കുടുംബം മോചനത്തിന് സഹായം തേടി പാണക്കാട്ട്. കരീറ്റിപ്പറമ്പ് സ്വദേശി ഷിജുവിന്റെ ഭാര്യ ലിഷയും നാലു കുട്ടികളും പിതാവ് ശങ്കരനും മാതാവ് പത്മിനിയും സഹോദരിമാരുമാണ് എത്തിയത്.
ആറ് വർഷമായി ദുബൈയിൽ അൽ സുൽത്താൻ ഇലക്ട്രോ മെക്കാനിക്കലിൽ എ.സി മെക്കാനിക്കായിരുന്നു ഷിജു. സംഭവത്തെക്കുറിച്ച് കുടുംബം പറയുന്നത് ഇങ്ങനെ: 2021 മാർച്ച് 20 നായിരുന്നു സംഭവം.
ജോലിക്കിടെയാണ് തമിഴ്നാട് റാണിപ്പേട്ട് സ്വദേശി അരവിന്ദനെ മരിച്ച നിലയിൽ ഷിജു കാണുന്നത്. ഉടൻ മറ്റുള്ളവരെ വിവരമറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് രേഖപ്പെടുത്തിയെങ്കിലും പിന്നീട് ഷിജുവിന്റെ കാരണത്താൽ ഷോക്കേറ്റ് മരിച്ചതാണെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു മാസത്തോളമായി ജയിലിലാണ്. കമ്പനിക്ക് ഇൻഷൂറന്‍സ് ഇല്ലാത്തതിനാല്‍ രക്ഷപ്പെടുത്താനെന്ന വ്യാജേനെ കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് ആരോപണം. കേസിൽ യു.എ.ഇ കോടതി രണ്ടു ലക്ഷം ദിര്‍ഹമാണ് ബ്ലഡ് മണി (നഷ്ടപരിഹാരം) വിധിച്ചത്.
കമ്പനിയുമായി കെ.എം.സി.സി നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും ബന്ധപ്പെട്ടപ്പോള്‍ ഈ തുക വഹിക്കാമെന്നേറ്റു. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുമായി സംസാരിച്ച് തുക കുറക്കാൻ ഷിജുവിന്റെ കുടുംബത്തോട് കമ്പനി ആവശ്യപ്പെട്ടു. അതുപ്രകാരം 20,000 ദിർഹം കുടുംബം കുറച്ചു നൽകി. ഈ നടപടികൾ വൈകിയതോടെയാണ് ജയിലിലായത്.
പിന്നീട് കമ്പനിക്ക് ഇന്‍ഷൂറന്‍സില്ലെന്ന് മനസ്സിലാക്കിയ മരിച്ചയാളുടെ അഭിഭാഷകര്‍ നഷ്ടപരിഹാരം കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ ബന്ധുക്കള്‍ പവര്‍ ഓഫ് അറ്റോണി പിന്‍വലിച്ചെങ്കില്‍ മാത്രമേ നേരത്തെ പറഞ്ഞ തുക നല്കുകയുള്ളൂവെന്ന് കമ്പനിയും പുതിയ നിര്‍ദേശം വെച്ചതോടെയാണ് മോചനം പ്രതിസന്ധിയിലായത്.
മരിച്ചയാളുടെ കുടുംബവുമായി വിഷയം സംസാരിക്കും. മുസ്ലിം ലീഗ് തമിഴ്നാട് ഘടകവുമായും കെ.എം.സി.സിയുമായും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഷിജുവിന്റെ കുടുംബത്തിന് ആശ്വാസകരമായ തീരുമാനമുണ്ടാകാന്‍ ശ്രമം നടത്തുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
കരീറ്റിപ്പറമ്പ് ടൗൺ ലീഗ് പ്രസിഡന്റ് കെ.വി. അബ്ദുൽ ബാസിത്ത്, മുൻ കൗൺസിലർ യു.വി. ഷാഹിദ്, യൂത്ത് ലീഗ് കൊടുവള്ളി മണ്ഡലം സെക്രട്ടറി പി.കെ. ജാബിർ, യൂത്ത് ലീഗ് പ്രസിഡന്റ് ടി.പി. ഷംസീർ തുടങ്ങിയവരോടൊപ്പമായിരുന്നു ബന്ധുക്കൾ പാണക്കാട്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.