ചെമ്മാട് ഹജൂര്‍ കച്ചേരിയിലെ ബ്രിട്ടീഷ് ശവക്കല്ലറ നവീകരണം തുടങ്ങി
text_fieldsതിരൂരങ്ങാടി: ജില്ല പൈതൃക മ്യൂസിയമായ ചെമ്മാട് ഹജൂര്‍ കച്ചേരിയിലെ ബ്രിട്ടീഷ് ശവക്കല്ലറയുടെ നവീകരണം തുടങ്ങി. ഹജൂര്‍ കച്ചേരിയെ ജില്ല പൈതൃക മ്യൂസിയമാക്കുന്നതിന്റെ ഭാഗമായുള്ള ആദ്യഘട്ട നവീകരണ ഭാഗമായാണ് മലബാര്‍ സമരത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് സൈനികരുടെ ശവക്കല്ലറയും നവീകരിക്കുന്നത്. 1921 ആഗസ്റ്റ് 20ന് ബ്രിട്ടീഷ് ഭരണ സിരാകേന്ദ്രമായിരുന്ന ഹജൂര്‍ കച്ചേരി വളപ്പില്‍ മാപ്പിളമാരോടായി നടന്ന പോരാട്ടത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് സൈനികരായ ഡങ്കണ്‍ റൗളി, വില്ല്യം ജോണ്‍സ്റ്റണ്‍ എന്നിവരുടെ ശവക്കല്ലറകളാണ് നവീകരിക്കുന്നത്.
2013ലാണ് ഇതിന് മുമ്പ് ഇവ നവീകരിച്ചത്. അന്ന് അത് വിവാദമായിരുന്നു. ബ്രിട്ടീഷ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോമണ്‍വെല്‍ത്ത് വാര്‍ ഗ്രേവ്‌സ് കമീഷന്‍ എന്ന സംഘടന നവീകരിച്ചത് അന്ന് കലക്ടര്‍ തടഞ്ഞിരുന്നു. അതിന് ശേഷം ശനിയാഴ്ച മുതലാണ് ശവക്കല്ലറയുടെ നവീകരണം തുടങ്ങിയത്. 1921 മലബാര്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ മാപ്പിളമാരുടെ പങ്ക് വെളിവാക്കുന്ന ഏറ്റവും പ്രധാന തെളിവുകളിലൊന്നാണ് ഈ ശവകുടീരങ്ങള്‍. ഹജൂര്‍ കച്ചേരിയിലെ 58 ലക്ഷത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തിയില്‍ 90 ശതമാനം പൂര്‍ത്തിയായി. മാര്‍ച്ച് ആദ്യവാരത്തില്‍ ആദ്യഘട്ട ഉദ്ഘാടനം നിര്‍വഹിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.