കോട്ടപ്പടി വലിയതോട് നവീകരണം; സെപ്റ്റംബറിൽ ജനകീയ ആക്ഷൻ കമ്മിറ്റി പദ്ധതി പ്രദേശം സന്ദർശിക്കും
text_fieldsമലപ്പുറം: കോട്ടപ്പടി വലിയതോട് നവീകരണ പ്രവൃത്തി പുനരാരംഭിക്കാൻ മുന്നോടിയായി സെപ്റ്റംബർ ആദ്യവാരം ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പദ്ധതി പ്രദേശം സന്ദർശിക്കും. തുടർന്ന് പദ്ധതി ആരംഭിക്കാൻ നടപടികൾ തുടങ്ങും. വലിയതോട് കടന്നുപോകുന്ന പാണക്കാട്-മലപ്പുറം വില്ലേജുകളിൽ ഉൾപ്പെട്ട സ്ഥലത്തെ റീസർവേ അധികൃതർ പൂർത്തിയാക്കിയിട്ടുണ്ട്. ഈ ഭാഗത്താകും നിർമാണ പ്രവൃത്തികൾ പുനരാരംഭിക്കുക. ഈ ഭാഗങ്ങളിൽ തോടിന്റെ കരകൾ സ്വകാര്യ വ്യക്തികൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഇവ കണ്ടെത്തി ഇവരുമായി ജനകീയ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ചർച്ച നടത്തും.
മേൽമുറി ഭാഗത്തെ തോടിന്റെ റീസർവേ പൂർത്തീകരിച്ചിട്ടില്ല. മേൽമുറിയിൽ റീസർവേ പൂർത്തിയാക്കിയാൽ നവീകരണ പ്രവൃത്തികൾ അവിടെയും ആരംഭിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പദ്ധതി അവലോകനത്തിന്റെ ഭാഗമായി ആഗസ്റ്റ് 29ന് നഗരസഭാധ്യക്ഷൻ മുജീബ് കാടേരിയുടെ നേതൃത്വത്തിൽ നഗരസഭയിൽ പ്രത്യേക യോഗം ചേർന്നിരുന്നു. തോട് കടന്നുപോകുന്ന ഭാഗത്തെ നഗരസഭ കൗൺസിലർമാർ, മലപ്പുറം-പാണക്കാട്-മേൽമുറി വില്ലേജ് ഓഫിസർമാർ, ജനകീയ ആക്ഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
മഴ പെയ്താൽ വലിയതോടും പരിസരവും വെള്ളക്കെട്ട് രൂക്ഷമായതോടെയാണ് തോട് നവീകരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യവുമായി ജനകീയ ആക്ഷൻ കമ്മിറ്റി രംഗത്ത് വന്നത്. നവീകരണ പ്രവൃത്തികൾക്ക് 2022-‘23 വർഷത്തെ കേന്ദ്ര നഗരസഞ്ചയം പദ്ധതി ഫണ്ടിലാണ് തുക വകയിരുത്തുക. പൂക്കോട്ടൂർ പിലാക്കൽ മുതൽ വലിയങ്ങാടി കല്ലാപാറ വരെ 8.45 കിലോ മീറ്റർ നീളത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്.
കൂടാതെ തോടിന് വശങ്ങളിലായി സൈക്കിൾ പാത, നടപ്പാത, ഇരിപ്പിടങ്ങൾ, മിനി പാർക്കുകൾ എന്നിവയും നടപ്പിലാക്കാൻ അധികൃതർ തീരുമാനിച്ചു. നേരത്തേ ഈ ആവശ്യം ചൂണ്ടിക്കാട്ടി നഗരസഭ താലൂക്ക് സർവേക്ക് കത്ത് നൽകിയിരുന്നു.
എന്നാൽ സർവേ വിഭാഗത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടിയുണ്ടായിരുന്നില്ല. ജനകീയ ആക്ഷൻ കമ്മിറ്റി കൂടി രംഗത്ത് വന്നതോടെ പ്രവർത്തനങ്ങൾ വേഗത്തിലായേക്കും. നിലവിൽ തോടിന്റെ അരിക് ഇടിഞ്ഞതും കൈയേറ്റവും കാരണം വ്യത്യസ്ത വീതിയിലാണ് ഒഴുകുന്നത്. ചിലയിടത്ത് ഏഴ് മീറ്ററും മറ്റിടങ്ങളിൽ 12 മീറ്ററുമാണ് വീതിയുള്ളത്. കിഴക്കേത്തല ചെത്ത് പാലം മുതൽ വലിയങ്ങാടി കല്ലാപാറ വരെ ഏറ്റവും കൂടുതൽ വീതിയുള്ള ഭാഗങ്ങളിലൊന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.