കുണ്ടംപാടത്തെ തോടിന് ഇനി പുതുജീവൻ നവീകരണം ആരംഭിച്ചു
text_fieldsവള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ കുണ്ടംപാടത്തെ നെൽകർഷകർക്ക് ആശ്വാസം പകർന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ. കൃഷിയിറക്കാൻ വെള്ളമില്ലാത്ത സാഹചര്യത്തിലാണ് തോടുകൾ നവീകരിക്കാൻ പഞ്ചായത്ത് തയാറായത്. ഗ്രാമപഞ്ചായത്തിന്റെ നെല്ല് ഉൽപാദന കേന്ദ്രമാണ് ഈ പ്രദേശം.
100 ഏക്കർ പാടത്താണ് നെല്ലും വാഴയും കൃഷി ചെയ്യുന്നത്. ജലക്ഷാമം രൂക്ഷമായതോടെ കർഷകർ ഏറെ പ്രതിസന്ധിയിലായി. കൽപ്പാലം, കുണ്ടപ്പാടം എന്നീ രണ്ട് പാടശേഖര കമ്മറ്റികളാണ് പ്രധാനമായും ഈ പ്രദേശത്തുള്ളത്. പഞ്ചായത്ത് നേതൃത്വത്തിൽ കർഷകരുടെ യോഗം വിളിച്ച് ജനകീയ കമ്മിറ്റിക്ക് രൂപം നൽകുകയും തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, കർഷകർ എന്നിവർ സംയുക്തമായി തോട്ടിലെ പായലും, കുളവാഴയും നീക്കം ചെയ്യൽ ആരംഭിക്കുകയും ചെയ്തു.
മൂന്ന് കിലോമീറ്ററോളം വരുന്ന തോട്ടിലെ പായലും കുളവാഴയും ചെളിയും നീക്കം ചെയ്താൽ നീരൊഴുക്ക് പഴയ രീതിയിലാകും. കർഷകരായ അവറാൻകുട്ടി കരുത്തേടത്ത്, പി.വി ഭാസി, ചട്ടിക്കൽ ശിവദാസൻ, കെ. റസാഖ്, രാജൻ പറമ്പിൽ, ചന്ദ്രൻ , കെ. സൈനുദ്ദീൻ, കെ. ബഷീർ എന്നിവർ പ്രവൃത്തിക്ക് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. ഷൈലജ , വൈസ് പ്രസിഡൻറ് മനോജ് കോട്ടാശ്ശേരി, മെമ്പർമാരായ രാജി കൽപ്പാലത്തിങ്ങൽ, എ. കെ രാധ, നിസാർ കുന്നുമ്മൽ, കൃഷി ഓഫിസർ അമൃത എന്നിവർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.