മലബാർ സമര പോരാളികളെ ഒഴിവാക്കിയതിനെതിരെ പ്രമേയം
text_fieldsമലപ്പുറം: മലബാറിലെ സ്വാതന്ത്ര്യ സമര സേനാനികളെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാളികളുടെ പട്ടികയില്‍ നിന്നു നീക്കം ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും ഇതിൽനിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും ജില്ല പഞ്ചായത്ത് യോഗം ഐകകണ്ഠ്യേന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 1921ല്‍ മലബാറില്‍ നടന്ന സമരം രാജ്യത്തിെൻറ സ്വാതന്ത്ര്യത്തിന് വേണ്ടി മാത്രമായിരുന്നു. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാര് തുടങ്ങി ആയിരക്കണക്കിന് പേരാണ് അന്ന് സമര പോരാട്ടത്തില്‍ വീരമൃത്യു വരിച്ചത്. അടിമുടി ബ്രിട്ടീഷ് വിരുദ്ധതയായിരുന്നു സമരത്തിലുടനീളം ജ്വലിച്ചു നിന്നത്. ജനിച്ച നാടിെൻറ സ്വാതന്ത്ര്യം മാത്രമായിരുന്നു അവരുടെ ലക്ഷ്യം.
പോരാട്ടങ്ങളുടെ ഓര്‍മകള്‍ക്ക് നൂറുവയസ്സ് പൂര്‍ത്തിയാകുമ്പോള്‍ അവരുടെ ഓര്‍മകളെ ആദരിച്ചില്ലെങ്കിലും അപമാനിക്കാതിരിക്കാനെങ്കിലും ഭരണകൂടങ്ങള്‍ക്ക് സാധ്യമാവണം. ബ്രിട്ടീഷുകാര്‍ എങ്ങനെയായിരുന്നോ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിച്ചിരുന്നത്, അതുപോലെ വര്‍ത്തമാന ഭരണകൂടവും ഭിന്നിപ്പിച്ച് ഭരിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രമേയത്തിലൂടെ പറഞ്ഞു. അഡ്വ. പി.വി. മനാഫ് പ്രമേയം അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എ. കരീം പിന്തുണച്ചു. സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ ഒരു മിനിറ്റുപോലും പങ്കെടുക്കാത്തവരാണ് അതില്‍ പങ്കെടുത്തവരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ തിടുക്കം കാട്ടുന്നതെന്നും ഇത് സംഘ്പരിവാറിെൻറ ആസൂത്രിത നീക്കത്തിെൻറ ഭാഗമാണെന്നും പ്രമേയത്തെ പിന്തുണച്ച് സംസാരിച്ച പ്രതിപക്ഷ കക്ഷി നേതാവ് അഡ്വ. പി.പി. മോഹന്‍ദാസ് പറഞ്ഞു. എ.പി. ഉണ്ണികൃഷ്ണന്, കെ.ടി. അഷ്റഫ്, സമീറ പുളിക്കല്‍, ഫൈസല്‍ എടശ്ശേരി, എ.കെ. സുബൈര്‍, ഇ. അഫ്സല്, അബ്ദുറഹിമാന് കാരാട്ട് എന്നിവര്‍ സംസാരിച്ചു.
ടോക്യോ ഒളിമ്പിക്സില്‍ മെഡല്‍ നേടിയ ഹോക്കി ടീമിലെ മലയാളി താരം പി.ആര്. ശ്രീജേഷ്, ജില്ലയില്‍ നിന്നുള്ള ഒളിമ്പിക്സ് താരങ്ങളായ കെ.ടി. ഇര്ഫാന്, എം.പി. ജാബിര്‍ എന്നിവര്‍ക്ക് ജില്ല പഞ്ചായത്ത് പ്രഖ്യാപിച്ച പാരിതോഷികങ്ങള്‍ സെപ്റ്റംബര്‍ നാലിന് കൈമാറും.
ജില്ല പഞ്ചായത്ത് ഹാളില്‍ വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ സ്പീക്കര്‍ എം.ബി. രാജേഷ് പാരിതോഷികങ്ങള്‍ കൈമാറുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ ഭരണസമിതി യോഗത്തില്‍ അറിയിച്ചു.
പി.ആര്. ശ്രീജേഷിന് ഒരു ലക്ഷം രൂപയും കെ.ടി. ഇര്ഫാന്, എം.പി. ജാബിര്‍ എന്നിവര്‍ക്ക് 50,000 രൂപ വീതവുമാണ് പാരിതോഷികമായി ജില്ല പഞ്ചായത്ത് നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.