നാടുകടത്തിയിട്ടും നാടുവിടാതെ ഗുണ്ടകൾ
text_fieldsമലപ്പുറം: ഗുണ്ടാപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കാപ്പ നിയമം കർശനമാക്കിയിട്ടും പൊലീസിനെ വെട്ടിച്ച് പ്രതികൾ വിലസുന്നു. കാപ്പ നിയമപ്രകാരം ജില്ലക്ക് പുറത്തേക്ക് നാടുകടത്തുന്ന പ്രതികളിൽ അധികവും സ്വന്തം തട്ടകത്തിലെത്തി വീണ്ടും വിഹരിക്കുന്നതായി കണ്ടെത്തി. കഴിഞ്ഞവർഷം ജില്ലയിൽനിന്ന് നാടുകടത്തിയ ഗുണ്ടകളിൽ പകുതിയിലധികം പേരും വീണ്ടും ജില്ലയിൽ പ്രവേശിച്ച് അറസ്റ്റിലായി. കാപ്പ നിയമപ്രകാരം ജില്ലയിൽനിന്ന് നാടുകടത്തപ്പെട്ട മേലാറ്റൂർ സ്വദേശിയെ കഴിഞ്ഞദിവസം കുറ്റിപ്പുറം പൊലീസ് പിടികൂടിയിരുന്നു. മേലാറ്റൂർ സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപെട്ടതിനെ തുടർന്ന് ഒരുവർഷത്തേക്ക് ജില്ലയിൽ പ്രവേശന അനുമതി നിഷേധിക്കപ്പെട്ട പ്രതിയെയാണ് പൊലീസ് പിടികൂടിയത്.
സമാനരീതിയിൽ നിരവധി പ്രതികൾ നിയമംലംഘിച്ച് നാടുവിടാതെ ജില്ലയിൽതന്നെ തങ്ങുന്നതായി പൊലീസിന് രഹസ്യവിവരം ലഭിക്കുന്നുണ്ട്. ചിലർ ഒളിത്താവളങ്ങളിലും മറ്റു ചിലർ പരസ്യമായി തന്നെ ജില്ലയിൽ വിഹരിക്കുന്നു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും കാപ്പ നിയമപ്രകാരം ജില്ലയില്‍നിന്ന് നാടുകടത്തിയ പ്രതിയുമായ പെരുമ്പടപ്പ് പാലപ്പെട്ടി സ്വദേശിയെയും ദിവസങ്ങൾക്ക് മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. 2022 ഏപ്രില്‍ ഏഴിന് ജില്ലയില്‍നിന്ന് നാടുകടത്തിയ ഇയാൾക്കെതിരെ വധശ്രമമടക്കമുള്ള കേസുണ്ടായിരുന്നു.
ജില്ലയിൽ പ്രവേശനവിലക്ക് ഉണ്ടായിരുന്ന ക്രിമിനൽ കേസ് പ്രതികളായ മമ്പാട് പുളിക്കലൊടി സ്വദേശിയെ വണ്ടൂരിൽ വെച്ചും കരുവാരകുണ്ട് കേരള എസ്റ്റേറ്റ് സ്വദേശിയെ പെരിന്തല്‍മണ്ണയില്‍ വെച്ചും പൊലീസ് പിടികൂടിയിട്ടും അധികസമയമായിട്ടില്ല.രണ്ടുമാസം മുമ്പ് ഇതേ നിയമപ്രകാരം ജില്ലയില്‍നിന്ന് നാടുകത്തിയ പ്രതിയായ മേലാറ്റൂർ എടപ്പറ്റ സ്വദേശിയും പൊലീസിനെയടക്കം ആക്രമിച്ച കേസിലെ പ്രതിയായ കുറ്റിപ്പുറം പേരശ്ശനൂർ സ്വദേശിയെയും പിടികൂടിയിരുന്നു.
ഇതിൽ മേലാറ്റൂർ സ്വദേശി അരീക്കോട്, കരുവാരകുണ്ട്, മേലാറ്റൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സംസ്ഥാനത്ത് ജനുവരി 30 വരെ കാപ്പ നിയമപ്രകാരം 339 പേരെ പൊലീസ് കരുതൽ തടങ്കലിലാക്കി. സംസ്ഥാനത്ത് ഗുണ്ടകൾ, ലഹരിമരുന്ന് സംഘങ്ങൾ എന്നിവയുടെ സംഘടിത പ്രവർത്തനം ഉന്മൂലനം ചെയ്യാൻ വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടും നിരന്തരം കുറ്റവാളികളാകുന്ന പ്രതികൾ നിയമംലംഘിച്ച് പ്രവർത്തനം തുടരുകയാണ്.
നാടുകടത്തിയത് 19 ഗുണ്ടകളെ; തിരിച്ചെത്തിയത് 15 പേർ
2022ല്‍ കാപ്പ നിയമപ്രകാരം 19 പേരെയാണ് ഒരുവർഷത്തേക്ക് ജില്ലയിൽനിന്ന് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തിയത്. കൂടാതെ രണ്ടുപേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തു. ഇതില്‍ ജില്ല പൊലീസ് മേധാവിയുടെ മുൻകൂർ അനുമതി ഇല്ലാതെ ജില്ലയിൽ പ്രവേശിച്ചതിന് ഒരുവര്‍ഷത്തിനിടെ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പുതുവര്‍ഷ ആഘോഷത്തിന്റെ മറവില്‍ പ്രവേശന വിലക്ക് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചവരെയടക്കം ഇത്തരത്തിൽ വീണ്ടും പിടികൂടി. 2007ലെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനം തടയൽ (കാപ്പ) പ്രകാരം ഒരു വർഷത്തേക്കാണ് പ്രതികളെ ജില്ലയിൽ പ്രവേശിക്കുന്നതില്‍നിന്ന് വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഇത്തരത്തിൽ നാടുകടത്തുന്നവർ ജില്ല പൊലീസ് മേധാവിയുടെ മുൻകൂർ അനുമതി ഇല്ലാതെ ജില്ലയിൽ പ്രവേശിച്ചാൽ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് ഉത്തരവുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.