കുടുംബശ്രീയിൽ വിവരാവകാശം; 13 വർഷത്തെ പോരാട്ടവിജയം
text_fieldsമലപ്പുറം: കുടുംബശ്രീ മിഷനിൽ വിവരാവകാശ നിയമം സമ്പൂർണമായി നടപ്പായതോടെ വിജയം കാണുന്നത് ജില്ലയിലെ സി.ഡി.എസ് പ്രവർത്തകർ നടത്തിയ 13 വർഷത്തെ പോരാട്ടം. സംസ്ഥാന വിവരാവകാശ കമീഷനും ഹൈകോടതിയും ആർ.ടി.ഐ നിയമത്തിനു വേണ്ടി ശക്തമായ നിലപാട് എടുത്തതോടെ നിയമം താഴെത്തട്ടിൽവരെ നടപ്പാക്കാൻ കുടുംബശ്രീ നിർബന്ധിതരായി. ഗ്രാന്റുകളടക്കം കോടികളുടെ സർക്കാർ ഫണ്ട് കൈകാര്യം ചെയ്യുന്ന കുടുംബശ്രീ, വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് മാറിനടന്നത് ഒരു വ്യാഴവട്ടക്കാലമാണ്.
കുടുംബശ്രീയുടെ ആദ്യരൂപമായ കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി (സി.ഡി.എസ്) മൂർക്കനാട് പഞ്ചായത്ത് കോഓഡിനേറ്ററായിരുന്ന മൊയ്തീൻകുട്ടി മാസ്റ്റർ 2010ൽ കുടുംബശ്രീയുടെ സ്ഥാപകരേഖകൾ ആവശ്യപ്പെട്ട് സംസ്ഥാന മിഷൻ ആസ്ഥാനത്ത് വിവരാവകാശ അപേക്ഷ നൽകിയതോടെയാണ് പോരാട്ടത്തിന് തുടക്കം. രേഖകളുടെ പകർപ്പിന് 1214 രൂപ ഈടാക്കിയ ശേഷം കുടുംബശ്രീ വിവരം നൽകാൻ തയാറായില്ല. ആവശ്യപ്പെട്ട രേഖ കാണാനില്ലെന്നായിരുന്നു അധികൃതർ പറഞ്ഞത്.
2011 മാർച്ചിൽ, പകർപ്പ് നൽകണമെന്ന് അന്നത്തെ വിവരാവകാശ കമീഷണർ എം.എൻ. ഗുണവർധനൻ ഉത്തരവിട്ടെങ്കിലും ഹരജിക്കാരനെതിരെ ചില ആരോപണങ്ങൾ നിരത്തി രേഖ നൽകാതിരിക്കാൻ അധികൃതർ ശ്രമിച്ചു. വിവരം നൽകാൻ വീണ്ടും കമീഷൻ നിർദേശിച്ചതോടെ കുടുംബശ്രീ, ഹൈകോടതിയെ സമീപിച്ച് ഉത്തരവ് മരവിപ്പിക്കണമെന്നാവശ്യപ്പെട്ടു. കമീഷൻ വീണ്ടും ഇടപെട്ടെങ്കിലും കുടുംബശ്രീ, ഹൈകോടതിയിൽ തടസ്സവാദം തുടർന്നു.
2022 മേയ് 30ന് കേസ് ഒന്നുകൂടി പരിഗണിക്കാൻ ഹൈകോടതി കമീഷനോട് ആവശ്യപ്പെട്ടു. വിവരാവകാശ കമീഷണർ ഡോ. എ. അബ്ദുൽ ഹകീം ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വീണ്ടും തെളിവെടുത്തു. അപ്പോഴും ആവശ്യപ്പെട്ട രേഖ കാണാനില്ലെന്ന വാദം ഉദ്യോഗസ്ഥർ ആവർത്തിച്ചു. സർക്കാറിന്റെ മാന്വൽ ഓഫ് ഓഫിസ് പ്രൊസീജർ (എം.ഒ.പി) പ്രകാരം ഏത് സ്ഥാപനത്തിന്റെയും സ്ഥാപക രേഖ എക്കാലവും സൂക്ഷിക്കേണ്ടവയാണെന്നും ഇവ കാണാനില്ലെന്ന് പറയാൻ കുടുംബശ്രീക്കാവില്ലെന്നും കമീഷൻ, ഇടക്കാല ഉത്തരവിൽ പറഞ്ഞു. മൊയ്തീൻകുട്ടിയുടെ അപേക്ഷയേ കാണാനില്ലെന്നായി കുടുംബശ്രീയുടെ പുതിയ നിലപാട്. അപേക്ഷയുടെ പകർപ്പ്, വിവരാവകാശ കമീഷനിൽനിന്ന് ലഭ്യമാക്കിയ കമീഷണർ, ഹരജിക്കാരൻ ആവശ്യപ്പെട്ട രേഖകളുടെ പകർപ്പ് സാക്ഷ്യപ്പെടുത്തി സൗജന്യമായി നൽകാനും ഫീസിനത്തിൽ വാങ്ങിയ തുക തിരികെ കൊടുക്കാനും ഉത്തരവിട്ടു.
രേഖകൾ കാണാതായതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരുവിവരം കമീഷൻ നേരത്തേ ആരാഞ്ഞിരുന്നു. എന്നാൽ, കുടുംബശ്രീ നൽകിയ പേരിലുള്ള ജീവനക്കാർ ആ വർഷങ്ങളിൽ അവിടെ ജോലിയിൽ ഉണ്ടായിരുന്നവരല്ലെന്ന് കമീഷന് ബോധ്യമായി. തുടർന്ന്, നിജസ്ഥിതി അറിയാൻ സ്റ്റേറ്റ് മിഷൻ ആസ്ഥാനത്ത് കമീഷൻ പരിശോധന നടത്തി. വിവരാവകാശ സംവിധാനം കുടുംബശ്രീ ഓഫിസുകളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് പരിശോധനയിൽ കമീഷന് ബോധ്യമായി. അഡ്മിനിസ്ട്രേറ്റിവ് യൂനിറ്റുള്ള കുടുംബശ്രീയുടെ എല്ലാ ശാഖകളിലും വിവരാവകാശ നിയമം ഉടൻ നടപ്പാക്കാൻ കമീഷണർ ഡോ. എ. അബ്ദുൽ ഹക്കിം അന്തിമ വിധി പുറപ്പെടുവിച്ചു.
എ.ഡി.എസ് മുതൽ വിവരാവകാശ ഓഫിസർ വേണം
ഉത്തരവിന്റെ വെളിച്ചത്തിൽ എ.ഡി.എസ് മുതൽ സ്റ്റേറ്റ് മിഷൻ വരെയുള്ള ഓഫിസുകളിൽ വിവരാവകാശ ഓഫിസർമാരെ നിയമിക്കാൻ കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ ജാഫർ മാലിക് കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകി. അതുപ്രകാരം വിവരാവകാശ സംവിധാനം ഫലപ്രദമായി പ്രവർത്തിക്കാതിരുന്ന കുടുംബശ്രീ ഓഫിസുകളിലെല്ലാം മേയ് മാസത്തോടെ, വിവരാവകാശ ഓഫിസർമാരും അപ്പലറ്റ് അതോറിറ്റിയും ചുമതലയേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.