പാത കൈയടക്കി ടിപ്പര്‍ ലോറികള്‍; പുളിക്കലിൽ റോഡുകൾ പാടെ തകർന്നു
text_fieldsപുളിക്കല്‍: പകല്‍ മുഴുവന്‍ നിരത്തില്‍ നിറയുന്ന വലിയ ടിപ്പര്‍ ലോറികള്‍ പുളിക്കല്‍ പഞ്ചായത്തിലെ ചെറുമുറ്റം-മാക്കല്‍-ചെവിട്ടാണിക്കുന്ന് റോഡില്‍ തകര്‍ച്ച ഭീഷണി സൃഷ്ടിക്കുന്നു.
പ്രദേശത്തെ ക്വാറികളില്‍ നിന്നും ക്രഷറുകളില്‍ നിന്നും കല്ലുകളും മറ്റ് ഉൽപന്നങ്ങളും കയറ്റി വരുന്ന വലിയ വാഹനങ്ങളുടെ ഭാരം താങ്ങാനാകാതെ വീതി കുറഞ്ഞ പഞ്ചായത്ത് റോഡ് ഇടിഞ്ഞുതാഴ്ന്ന് തകരുകയാണ്. മാക്കല്‍, ചെവിട്ടാണിക്കുന്ന് മേഖലകളിലാണ് റോഡ് വ്യാപകമായി തകര്‍ന്നിരിക്കുന്നത്.
പകല്‍ മുഴുവന്‍ ഇടതടവില്ലാതെ പോകുന്ന ടോറസ് ഉള്‍പ്പെടെയുള്ള ലോറികള്‍ കാരണം സ്കൂള്‍ വാഹനങ്ങള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും റോഡിലൂടെ കടന്നു പോകാനാകാത്ത അവസ്ഥയുമുണ്ട്. സ്കൂള്‍ വിദ്യാര്‍ഥികളുടെ യാത്രാസമയത്ത് ടിപ്പര്‍ ലോറികള്‍ക്കുള്ള സഞ്ചാര വിലക്ക് ഇവിടെ പാലിക്കപ്പെടുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. രാവിലെ അഞ്ച് മുതല്‍ റോഡില്‍ നിറയുന്ന ലോറികള്‍ വൈകുന്നേരം വരെ ലോഡുമായി പോകുമ്പോള്‍ ഇടുങ്ങിയതും തകര്‍ന്നതുമായ റോഡില്‍ സ്കൂള്‍ ബസുകള്‍ കുടുങ്ങുന്നത് പതിവാണെന്നും രോഗികളുമായി പോകുന്ന വാഹനങ്ങള്‍ വരെ ഈ വെല്ലുവിളി നേരിടുകയാണെന്നും നാട്ടുകാർ പറഞ്ഞു.
മാക്കല്‍ മേഖലയിലെ സ്വകാര്യ ക്വാറി, ക്രഷര്‍ യൂനിറ്റുകളില്‍ നിന്ന് ആദ്യ കാലങ്ങളില്‍ ചെറിയ ടിപ്പര്‍ ലോറികളായിരുന്നു ലോഡെടുത്തിരുന്നതെങ്കില് ഇപ്പോള്‍ വലിയ വാഹനങ്ങള്‍ വന്നതോടെയാണ് റോഡ് ഭാരം താങ്ങാതെ ഇടിഞ്ഞു താഴുന്ന നിലയിലേക്കെത്തിയിരിക്കുന്നത്.
ഇടക്ക് റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നെങ്കിലും ബലം വര്‍ധിപ്പിക്കാനും വീതി കൂട്ടാനുമുള്ള നടപടികളുണ്ടായിട്ടില്ല. പാര്‍ശ്വഭിത്തികളില്ലാത്ത റോഡ് ഇടിയുന്നത് സമീപത്തെ വീടുകള്‍ക്കും ഭീഷണിയാകുന്നുണ്ട്. വിദ്യാര്‍ഥികളടക്കം നിരവധിപേര്‍ കാല്‍നട യാത്രക്കും ആശ്രയിക്കുന്ന റോഡിലാണ് ഈ ദുരവസ്ഥ. പരാതികള്‍ വ്യാപകമായിട്ടും വിഷയത്തില്‍ അധികൃതർ ഇടപെടാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.