വേഗം കുറക്കാതെ വണ്ടികൾ, സുരക്ഷിതമല്ല സീബ്ര ലൈൻ
text_fieldsമലപ്പുറം: നഗരത്തിലെ റോഡുകളിലെല്ലാം സീബ്രലൈനുകളുണ്ട്. കാൽനട യാത്രക്കാർക്കും വിദ്യാർഥികൾക്കും വാഹനങ്ങളെ പേടിക്കാതെ, സുരക്ഷിതമായി റോഡു മുറിച്ചുകടക്കാനാണ് റോഡിൽ വിലങ്ങനെ വെള്ള വര വരച്ചിരിക്കുന്നത്. എന്നാൽ, സീബ്രവരയിലൂടെ കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുമ്പോൾ വണ്ടി നിർത്തികൊടുക്കുകയോ വേഗം കുറക്കുകയോ ചെയ്യാറുണ്ടോ? ഇല്ലേയില്ല. മിക്ക ഡ്രൈവർമാരും വണ്ടി അമിതവേഗത്തിൽ ഓടിച്ചുപോകാറാണ് പതിവ്. വാഹനത്തിരക്ക് കുറഞ്ഞിട്ട് വേണം കാൽനടയാത്രക്കാരന് മറുവശം എത്താൻ.
കുന്നുമ്മൽ ജങ്ഷനിലടക്കം മലപ്പുറം നഗരത്തിൽ പ്രധാന കേന്ദ്രങ്ങളിലെല്ലാം തിരക്കുള്ള വേളകളിൽ ഇങ്ങനെ റോഡു മുറിച്ചുകടക്കാൻ കാത്തുനിൽക്കുന്ന നിരവധി ആളുകളെ കാണാം. സീബ്രാവരകളുള്ള ജങ്ഷനുകളിൽ അമിത വേഗതയിൽ വണ്ടിയോടിക്കുന്നത് മോട്ടോർ വാഹന നിയമത്തിന്റെ നഗ്നമായ ലംഘനമാണ്. സീബ്ര ക്രോസിങ്ങുകളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകണം. ഒരാൾ റോഡ് മുറിച്ചുകടക്കാനായി റോഡരികിൽ നിൽക്കുന്നത് കണ്ടാൽ വാഹനം സ്റ്റോപ്പ് ലൈനിനു മുന്നിലായി നിർത്തിക്കൊടുത്ത് അവരെ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ അനുവദിക്കണമെന്നാണ് ചട്ടം. റോഡ് മുറിച്ചുകടന്നുള്ള കാൽനടയാത്ര സുരക്ഷിതമാക്കാൻ സീബ്രലൈനുമായി ബന്ധപ്പെട്ട് നിരവധി ചട്ടങ്ങൾ മോട്ടോർ വാഹന വകുപ്പ് കൊണ്ടുവന്നിട്ടുണ്ട്. ഇതനുസരിച്ച് യാതൊരു കാരണവശാലും സീബ്രവരയുള്ളിടത്ത് മുമ്പിലെ വാഹനത്തെ ഓവർടേക്ക് ചെയ്യരുത്. ഇനി സീബ്രവരയില്ലെങ്കിൽകൂടി റോഡിൽ ‘ഗിവ് വേ’ സൈനോ ‘സ്റ്റോപ്പ്’ സൈനോ ഉണ്ടെങ്കിൽ അവിടേയും റോഡ് മുറിച്ച് കടക്കുന്ന കാൽനടയാത്രികന് മുൻഗണന നൽകണം. സീബ്ര ക്രോസിങ്ങിന് മുമ്പായി വരച്ചിരിക്കുന്ന റോഡിലെ സ്റ്റോപ്പ് ലൈനിൽ വാഹനം നിർത്തുമ്പോൾ യാതൊരു കാരണവശാലും വാഹനത്തിന്റെ മുമ്പിൽ തള്ളി നിൽക്കുന്ന യാതൊരു ഭാഗവും സീബ്രലൈനിലേക്ക് എത്താൻ പാടില്ലെന്നും ചട്ടത്തിലുണ്ട്. എന്നാൽ, ഇതൊന്നും ഡ്രൈവർമാർ പാലിക്കുന്നില്ല. കാൽനട യാത്രക്കാരെ ഗൗനിക്കാതെ, സീബ്ര ക്രോസിങ്ങിലൂടെ വാഹനങ്ങൾ ചീറിപ്പായുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.