റോഡുകളിൽ വെള്ളക്കെട്ട്; യാത്ര ദുഷ്കരം
text_fieldsവളാഞ്ചേരി: വേനൽ മഴ തുടങ്ങിയതോടെ റോഡുകളിൽ വെള്ളക്കെട്ടും യാത്രാദുരിതവും. വൈക്കത്തൂർ - മീമ്പാറ റോഡിലും കുളമംഗലം ബാവപ്പടി -മാവണ്ടിയൂർ റോഡിലുമാണ് വെള്ളക്കെട്ട് രൂപംകൊണ്ടത്. പെരിന്തൽമണ്ണ -കോഴിക്കോട് റോഡിനെ ബന്ധിപ്പിക്കുന്ന വൈക്കത്തൂർ - മീമ്പാറ ബൈപാസിൽ വൈക്കത്തൂരിലെ പ്രധാന വളവിലാണ് വെള്ളക്കെട്ടുള്ളത്. വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള നൂറുകണക്കിന് വിദ്യാർഥികൾ നടന്നുപോകുന്ന വഴിയാണിത്. സ്കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളും ഇതുവഴി പോവുന്നുണ്ട്. സ്കൂൾ തുറക്കുന്നതിന് മുമ്പായി വെള്ളക്കെട്ടിനുള്ള സാധ്യത ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്. കാലവർഷം ആരംഭിച്ചാൽ ഇതുവഴി കാൽനടയാത്ര പോലും ദുഷ്കരമാകും.
കുളമംഗലം ബാവപ്പടി -മാവണ്ടിയൂർ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. റോഡിന്റെ പല ഭാഗത്തും ടാറും മെറ്റലും ഇളകി കുഴികൾ രൂപപ്പെട്ടു. വേനൽ മഴയെ തുടർന്ന് റോഡിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും ചളിയുമുണ്ട്. വളാഞ്ചേരി - പെരിന്തൽമണ്ണ റോഡിൽ കമ്മുട്ടിപ്പാലം പുതുക്കിപ്പണിയുന്ന പ്രവൃത്തിയുടെ ഭാഗമായി റോഡ് അടച്ചതിനെ തുടർന്ന് പെരിന്തൽമണ്ണ, എടയൂർ, പടപ്പറമ്പ് ഭാഗത്തേക്കുള്ള ഒട്ടനവധി വാഹനങ്ങൾ ഇതുവഴിയാണ് പോയിരുന്നത്. വളാഞ്ചേരി നഗരസഭ, എടയൂർ ഗ്രാമ പഞ്ചായത്ത് തുടങ്ങിയ പ്രദേശത്തുകാർ കൂടി ഉപയോഗിക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
അപകടം വിളിച്ചുവരുത്തി സംസ്ഥാനപാതയിലെ വാരിക്കുഴികൾ
ചങ്ങരംകുളം: സംസ്ഥാന പാതയോരത്തെ വിവിധ പ്രവൃത്തികൾക്കായി എടുത്ത കുഴികളും മൺകൂനകളും അപകടം ക്ഷണിച്ചുവരുത്തുന്നു. മഴ തുടങ്ങിയതോടെ പാതയിൽ അപകട സാധ്യത ഏറി. ചൂണ്ടൽ-കുറ്റിപ്പുറം സംസ്ഥാന പാതയാണ് വലിയ ദുരന്തങ്ങൾക്ക് കാതോർക്കുന്നത്. ജില്ല അതിർത്തിയായ കോലിക്കര മുതൽ ചങ്ങരംകുളം വരെ ഗ്യാസ് പൈപ്പിടുന്നതിനും ജൽജീവൻ പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കാനുമായി റോഡ് പൊളിച്ചിരുന്നു. എന്നാൽ പൂർവ സ്ഥിതിയിലാക്കാതെ മണ്ണിട്ട് മൂടിയതോടെ ഇവിടെ മൺതിട്ടകളും കുഴികളും രൂപപ്പെട്ടിട്ടുണ്ട്.
മഴ പെയ്തതോടെ വാഹനങ്ങൾ കുഴിയിലകപ്പെടുന്നത് പതിവായി. പലയിടത്തും റോഡിലാണ് മണ്ണ് കൂടിക്കിടക്കുന്നത്. മഴയിൽ മണ്ണ് കുഴികളിലേക്ക് ഇറങ്ങി കുഴികൾ രൂപപ്പെട്ടിട്ടുമുണ്ട്. മണ്ണ് ഇടിഞ്ഞു താഴ്ന്ന് വലിയ കുഴികൾ രൂപപ്പെട്ടതോടെയാണ് തിരക്കേറിയ പാതയിൽ അപകട സാധ്യത വർധിച്ചത്. തിരക്കേറിയ പാതയിൽ രാത്രി സമയങ്ങളിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് അടക്കം എത്തുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവ് കാഴ്ചയാണ്.
ചിയ്യാനൂർ പാടത്തും വളയംകുളത്തുമായി അപകടങ്ങൾ കുറക്കാൻ സ്ഥാപിച്ച സെമി ഹംമ്പിന് മുകളിൽ വാഹനങ്ങൾ കൂട്ടിയിടിക്കാത്ത ദിവസങ്ങളില്ല. സെമി ഹമ്പ് ദീർഘദൂര വാഹനങ്ങൾക്ക് തിരിച്ചറിയാനുള്ള സംവിധാനങ്ങൾ പാതയിൽ ഒരുക്കാത്തതാണ് കാരണം. ജൽജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പിടാൻ കീറി മുറിച്ച ഉൾപ്രദേശങ്ങളിലേക്കുള്ള റോഡുകളുടെയും അവസ്ഥയും പരിതാപകരമാണ്. വേനൽ മഴ പെയ്തതോടെ പല റോഡുകളിലും വലിയ കുഴികൾ രൂപപ്പെട്ടു തുടങ്ങി. മഴക്കാലം തുടങ്ങുന്നതോടെ പലയിടത്തും കാൽനടയാത്ര പോലും ദുഷ്കരമാവുമെന്നാണ്നാട്ടുകാരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.