പൊന്നാനിയിൽ അടച്ചിട്ട വീട്ടിൽ മോഷണം; നഷ്ടമായത് 350 പവൻ
text_fieldsപൊന്നാനി: പൊന്നാനി ഐശ്വര്യ തിയറ്ററിനു സമീപം പ്രവാസിയുടെ വീട്ടിലെ കവർച്ചയിൽ നഷ്ടമായത് 350 പവൻ സ്വർണം. വിദേശത്ത് കുടുംബസമേതം താമസിക്കുന്ന മണപ്പറമ്പിൽ രാജീവിന്റെ വീട്ടിൽനിന്നാണ് ഏകദേശം ഒന്നേമുക്കാൽ കോടി രൂപയുടെ സ്വർണാഭരണം കവർന്നത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ഉച്ചക്ക് വീട് വൃത്തിയാക്കാൻ ജോലിക്കാരി എത്തിയപ്പോഴാണ് പിൻഭാഗത്തെ വാതിൽ തകർത്തത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് നടന്ന പരിശോധനയിൽ സി.സി.ടി.വിയും തകർത്തതായി കണ്ടു. വീടിനകത്തുണ്ടായിരുന്ന അലമാരയുടെ ലോക്കർ തകർത്ത് ഇതിലുണ്ടായിരുന്ന സ്വർണാഭരണങ്ങളാണ് കവർന്നത്.
ലോക്കറിലുണ്ടായിരുന്ന ആഭരണങ്ങൾ മാത്രമാണ് നഷ്ടപ്പെട്ടതെന്ന് വീട്ടുടമ പറഞ്ഞു. നാലു മുറികളിലും മോഷ്ടാക്കൾ പരിശോധന നടത്തിയെങ്കിലും മറ്റു സാധനങ്ങളൊന്നും നഷ്ടമായിട്ടില്ല. ദിവസങ്ങൾക്കു മുമ്പാണ് രാജീവിന്റെ ഭാര്യ ദുബൈയിലേക്കു പോയത്. സംഭവമറിഞ്ഞ് കുടുംബം ഞായറാഴ്ച നാട്ടിലെത്തി. സമീപത്തെ സി.സി.ടി.വി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.
നഷ്ടമായത് ബാങ്ക് ലോക്കറിലേക്ക് മാറ്റാനിരുന്ന സ്വർണം
പൊന്നാനി: പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട്ടിലെ മോഷണത്തിൽ നഷ്ടമായ 350 പവൻ സ്വർണം ഒരാഴ്ചക്കകം ബാങ്ക് ലോക്കറിലേക്ക് മാറ്റാനിരുന്നവ. വർഷങ്ങളായി ദുബൈയിൽ ജോലിചെയ്യുന്ന പൊന്നാനി ഐശ്വര്യ തിയേറ്ററിന് സമീപം താമസിക്കുന്ന മണപ്പറമ്പിൽ രാജീവ് കുടുംബസമേതം വിദേശത്താണ്. മാർച്ചിൽ നാട്ടിലെത്തിയ രാജീവ് രണ്ട് ബാങ്കുകളിലായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ വീട്ടിൽ കൊണ്ടുവന്ന് ലോക്കറിൽ വെക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് നാട്ടിലെത്തുമ്പോൾ ഈ സ്വർണാഭരണങ്ങൾ തിരികെ ബാങ്ക് ലോക്കറിലേക്ക് തന്നെ മാറ്റാനായിരുന്നു തീരുമാനം. മാർച്ച് 31ന് രാജീവും മകളും ദുബൈയിലേക്ക് പോയിരുന്നു.
ഇക്കഴിഞ്ഞ ഒമ്പതിനാണ് ഭാര്യയും ഗൾഫിലേക്ക് പോയത്. ഭാര്യയോട് സ്വർണം ബാങ്ക് ലോക്കറിൽ സൂക്ഷിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇത്രയുമധികം സ്വർണം തനിച്ചുകൊണ്ടുപോകാനുള്ള പേടികാരണം വീട്ടിലെ ലോക്കറിൽ തന്നെ സൂക്ഷിക്കുകയായിരുന്നു. വോട്ടെടുപ്പിനായി നാട്ടിലെത്തി സ്വർണാഭരണങ്ങൾ ബാങ്കിലേക്ക് മാറ്റാമെന്നായിരുന്നു കുടുംബത്തിന്റെ തീരുമാനം. ഇതിനിടെയാണ് മോഷണം.
രാജീവിന്റെ മൊബൈലിൽ കണക്ട് ചെയ്ത സി.സി.ടി.വി ഞായറാഴ്ച രാവിലെ മുതൽ പണി മുടക്കിയിരുന്നെങ്കിലും സാധാരണ ഗതിയിലുള്ള കേടുപാടുകളാവുമെന്ന കണക്കുകൂട്ടലിലായിരുന്നു. എന്നാൽ വിഷു ആയതിനാൽ വീട് വൃത്തിയാക്കാനായി ശനിയാഴ്ച ഉച്ചയോടെ ജോലിക്കാരി എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വീട് അടച്ചിടുന്നതിനാൽ സാധാരണ ഗതിയിൽ ഇവിടെ സ്വർണവും പണവും സൂക്ഷിക്കാറില്ലെന്ന് രാജീവ് പറഞ്ഞു. എന്നാൽ ആഴ്ചകൾക്കകം തിരികെയെത്തുമെന്നതിനാൽ വീടിനകത്ത് തന്നെ സ്വർണാഭരണങ്ങൾ സൂക്ഷിക്കുകയായിരുന്നു. ദുബൈയിൽ കമ്പനി നടത്തുകയാണ് രാജീവ്. വലിയ കവർച്ചയായതിനാൽ തിരൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള അന്വേഷണമാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.