വിവരാവകാശ മറുപടി: പരാതികളേറെയും റവന്യൂ, തദ്ദേശ ഭരണ വകുപ്പുകൾക്കെതിരെ
text_fieldsമലപ്പുറം: ഒരു സർക്കാർ ഓഫിസിൽ ഒന്നിലധികം സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർമാർ (എസ്.പി.ഇ.ഒ) ഉണ്ടെന്ന് കരുതി അത് വിവരാവകാശ അപേക്ഷക്ക് മറുപടി വൈകിപ്പിക്കാൻ കാരണമായിക്കൂടെന്ന് സംസ്ഥാന വിവരാവകാശ കമീഷണർ ഡോ. കെ.എം. ദിലീപ്. വിവരാവകാശ കമീഷൻ സിറ്റിങിൽ, അപ്പീൽ ഹരജികൾ തീർപ്പാക്കുകയായിരുന്നു അദ്ദേഹം. ഒരു സർക്കാർ ഓഫിസിനെ ഒരു പബ്ലിക് അതോറിറ്റി ആയിട്ടേ കണക്കാൻ പറ്റു. ഓഫിസിൽ ഭരണസൗകര്യത്തിന് എത്ര ഇൻഫർമേഷൻ ഓഫിസറേയും മേധാവിക്ക് നിയമിക്കാം. എന്നാൽ, അപേക്ഷ ഒരാളിൽനിന്നും മറ്റൊരാളിലേക്ക് കൈമാറി വിവരം നൽകുന്നത് വൈകിപ്പിക്കരുത്. തൃക്കണാപുരം സൗത്തിലെ രാരൻ കണ്ടത്ത് അബൂബക്കറിന്റെ അപേക്ഷയിൽ 30 ദിവസത്തിനകം വിവരം നൽകുന്നതിൽ പൊന്നാനി താലൂക്ക് ഓഫിസിലെ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതായി കമീഷൻ കണ്ടെത്തി. അപേക്ഷകന് ഏഴ് ദിവസത്തിനകം ആവശ്യപ്പെട്ട രേഖകളുടെ പകർപ്പും മറുപടിയും നൽകണം. വിവരാവകാശ അപേക്ഷയിൽ മറുപടി വെച്ചുതാമസിപ്പിച്ച കൊണ്ടോട്ടി നഗരസഭക്കെതിരെ നാട്ടൊരുമ പൗരാവകാശ സമിതി പ്രതിനിധി അബ്ദുൽ അസീസ് നൽകിയ ഹരജി കമീഷൻ പരിഗണിച്ചു. ഒന്നിലധികം എസ്.പി.ഇ.ഒമാരുള്ള നഗരസഭയിൽ ഇതിന്റെ പേരിൽ ആശയകുഴപ്പം സൃഷ്ടിച്ച് മനപൂർവം മറുപടി വൈകിപ്പിക്കുകയിരുന്നുവെന്ന് അബ്ദുൽ അസീസ് ചൂണ്ടിക്കാട്ടി.
വിവരാവകാശ അപേക്ഷക്ക് മറുപടി നൽകിയ എസ്.പി.ഇ.ഒ ഹാജരായില്ല. ഇദ്ദേഹത്തെ സ്വന്തം ചെലവിൽ തിരുവനന്തപുരത്തേക്ക് വിളിപ്പിക്കാമെന്ന് കമീഷൻ അറിയിച്ചു. പുളിക്കൽ ആന്തിയൂർകുന്നിലെ മിച്ചഭൂമി അന്യാധീനമായതുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയിൽ കൊണ്ടോട്ടി താലൂക്ക് ഓഫിസ് കൃത്യമായ മറുപടി നൽകിയില്ലെന്ന ഹരജിയും കമീഷൻ മുമ്പിൽ വന്നു. എസ്.പി.ഇ.ഒയ്ക്കും അപ്പീൽ അധികാരിക്കും വീഴ്ച സംഭവിച്ചതായി കമീഷൻ നിരീക്ഷിച്ചു. സിറ്റിങിൽ 37 പരാതികൾ തീർപ്പാക്കി. 15 അപ്പീൽ പരാതികളടക്കം 39 പരാതികൾ ആണ് ലഭിച്ചത്. റവന്യൂ, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായി എത്തിയത്.
ഉദ്യോഗസ്ഥർ പേര് മറച്ചുവെച്ച് മറുപടി നൽകരുത്
മലപ്പുറം: സ്വന്തം പേര് എഴുതാതെ, തസ്തിക മാത്രം എഴുതി വിവരാവകാശ അപേക്ഷക്ക് മറുപടി നൽകരുതെന്നും ഇതിന് നിയമത്തിന്റെ സംരക്ഷണം ലഭിക്കില്ലെന്നും സംസ്ഥാന വിവരാവകാശ കമീഷണർ ഡോ. കെ.എം. ദിലീപ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.