സർക്കാർ ഫണ്ടിന് കാത്തുനിന്നില്ല, കൂട്ടായ്മയുടെ തണലിൽ വിദ്യാർഥികൾക്ക് സുരക്ഷിത നടപ്പാത ഒരുങ്ങി
text_fieldsആനക്കയം: പെരിമ്പലം പടിഞ്ഞാറെതല ചിറക്കൽ ഭാഗത്ത് തോടിനരികിലൂടെയുള്ള തകർന്ന നടപ്പാത നവീകരിച്ച് മാതൃകയായിരിക്കുകയാണ് ജനകീയ കൂട്ടായ്മ. പെരിമ്പലം പടിഞ്ഞാറെതലയിൽനിന്ന് ഇരുമ്പുഴി ഹൈസ്കൂൾപടിയിലേക്കുള്ള നടപ്പാതയിലെ തോടിന്റെ ചിറയുടെ ഭാഗത്താണ് കുഴികൾ മൂടിയും കിടങ്ങുകൾ നികത്തിയും തോടിന് കുറുകെയുള്ള ഇടുങ്ങിയ പാലത്തിന് കൈവരി സ്ഥാപിച്ചും നാട്ടുകാർ സുരക്ഷിത വഴി ഒരുക്കിയത്. വാട്സ്ആപ് ഗ്രൂപ്പുകൾ മുഖേന ശ്രദ്ധയിൽപെട്ട വിഷയത്തിലാണ് നാട്ടുകാർ സർക്കാർ ഫണ്ടിനു കാത്തു നിൽക്കാതെ അടിയന്തര പരിഹാരം കണ്ടെത്തിയത്.
മൂന്ന് ദിവസം നീണ്ട പ്രയത്നങ്ങൾകൊടുവിലാണ് ഈ പാത താൽക്കാലികമായി നവീകരിച്ചത്. ഇരുമ്പുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള വിദ്യാർഥികൾ അടക്കം നിരവധി പേർ നിത്യേന സഞ്ചരിക്കുന്ന ഈ നടപ്പാത വർഷങ്ങളായി തകർന്ന് കിടക്കുകയായിരുന്നു. 30-40 വർഷം മുമ്പ് പണിത ബണ്ട് ഉൾപ്പെടെയുള്ള തോടിന്റെ ഭിത്തികളും അരികിലൂടെയുള്ള കെട്ടുകളുമെല്ലാം കാലപ്പഴക്കത്താൽ തകർന്നിട്ടുണ്ട്. വലിയ കുഴികളും ചാലുകളും ഉള്ളതിനാൽ കാൽനടക്കാർക്ക് അപകടഭീഷണി ആയിരുന്നു ഈ പാത. വിദ്യാർഥികൾ ഉൾപ്പെടെ പലരും അപകടത്തിൽപ്പെട്ടിട്ടുമുണ്ട്. മഴക്കാലം വരുന്നതോടെ ദുരിതം ഇരട്ടിയാകാറാണ് പതിവ്. ഇതിന് ശാശ്വത പരിഹാരം കാണാൻ ഇതുവഴി പുതിയ റോഡ് നിർമിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട് ഏറെ നാളായി.
നാട്ടുകാരുടെ മുൻകൈയിൽ ഭൂമി ഏറ്റെടുക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഏറ്റെടുത്ത ഭൂമി ഇരുവശവും കെട്ടി മണ്ണിട്ട് പഞ്ചായത്തിന് കൈമാറിയാൽ കൃഷിക്ക് ഉപകരിക്കുന്ന രീതിയിൽ പുതിയ ബണ്ട്, പാലം, റോഡ് ഉൾപ്പെടുന്ന സമഗ്ര പദ്ധതിക്ക് അനുമതിയും ഫണ്ടും ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ, ഇത് യാഥാർഥ്യമാകാൻ കാലതാമസമെടുക്കുമെന്നതിനാലാണ് അടിയന്തര പരിഹാരം എന്ന നിലക്ക് കനാൽ ഭാഗത്തെ അപകടക്കുഴികൾ അടക്കാനും ഇരുമ്പ് പൈപ്പുകൾ കൊണ്ട് കൈവരി കെട്ടാനും നാട്ടുകാർ തന്നെ മുൻകൈ എടുത്തത്. ചിറയുടെ ഭാഗത്ത് വലിയ മരങ്ങളുടെ മറവും കാടുമൂടി കിടക്കുന്ന ഭാഗങ്ങളും ഏറെ ഉള്ളത് മുതലെടുത്ത് രാത്രി കാലങ്ങളിൽ സാമൂഹിക വിരുദ്ധർ ഇവിടെ തമ്പാടിക്കാറുണ്ടെന്ന് സമീപവാസികൾ പറയുന്നുണ്ട്. ഇത് അവസാനിപ്പിക്കാൻ ഇവിടെത്തെ കാട് വെട്ടാനും വലിയ മരങ്ങളുടെ ചില്ലകൾ വെട്ടാനും നാട്ടുകാർ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.