ശമ്പളം മുടങ്ങൽ; മെഡിക്കൽ കോളജ് ജീവനക്കാർ വീണ്ടും പ്രക്ഷോഭത്തിന്
text_fieldsമലപ്പുറം: മെഡിക്കൽ കോളജ് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്നത് പതിവായതോടെ വീണ്ടും പ്രതിഷേധം. ചൊവ്വാഴ്ച രാവിലെ 10 മുതൽ 12 വരെ സൂചന പണിമുടക്ക് നടത്തും. ബുധനാഴ്ച പി.പി.ഇ കിറ്റ് ധരിച്ചുചെയ്യേണ്ട ജോലികളിൽനിന്ന് വിട്ടുനിൽക്കുമെന്നും ഡിസംബർ ഏഴിന് സൂപ്രണ്ട് ഓഫിസിലേക്ക് മാർച്ച് നടത്തുമെന്നും ജീവനക്കാർ അറിയിച്ചു.
തുടർന്നും നടപടിയില്ലെങ്കിൽ 12 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങാനാണ് തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി സൂപ്രണ്ടിന് കത്തുനൽകി. ആഗസ്റ്റ് മാസത്തിലെ പകുതി ശമ്പളവും ഒക്ടോബർ മാസത്തിലെ മുഴുവൻ ശമ്പളവുമാണ് ലഭിക്കാത്തത്. പ്രിൻസിപ്പൽ, എം.എൽ.എ, ജില്ല മെഡിക്കൽ ഓഫിസർ, ഡി.പി.എം, ജില്ല കലക്ടർ, ആശുപത്രി വികസന സമിതി അംഗങ്ങൾ എന്നിവർക്ക് പുറമെ ആരോഗ്യമന്ത്രി, മുഖ്യമന്ത്രി എന്നിവരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിലും നടപടി ആയില്ലെന്ന് ജീവനക്കാർ പറഞ്ഞു.
500ലധികം ജീവനക്കാരാണ് ആശുപത്രിയിൽ താൽക്കാലികജോലി ചെയ്യുന്നത്. ശമ്പളം നൽകാൻ പ്രതിമാസം ഒരുകോടിയോളം രൂപ വേണം. കോവിഡ് പ്രത്യേക ചികിത്സ കേന്ദ്രമാക്കിയതോടെ ആശുപത്രിയുടെ വരുമാനം നിലച്ചതാണ് പ്രതിസന്ധിക്ക് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.