കൗതുകമായി ഇരട്ട സഹോദരിമാർ; പരീക്ഷയിലും ഒരേ മാർക്ക്
text_fieldsതിരൂരങ്ങാടി: ജനിച്ചുവീണത് ഒരുമിച്ചാണെന്നതു പോലെ മനസ്സും ജീവിതവും ഒരുപോലെയുള്ള ഇരട്ട സഹോദരിമാർ കൗതുകമാകുന്നു. തിരൂരങ്ങാടി സ്വദേശി പറമ്പിൽ സക്കീറിെൻറയും ആയിഷയുടെയും മക്കളായ റനയും റിനുവുമാണ് ഇരുമെയ്യാണെങ്കിലും മനമൊന്നാണെന്ന വിശേഷണത്തെ യാഥാർഥ്യമാക്കുന്നത്. ഒരാൾ സന്തോഷിക്കുമ്പോൾ മറ്റെയാൾക്കും സന്തോഷം വരും.
രണ്ടുപേരും ഒരുപോലെയിരിക്കുന്നത് കാഴ്ചയിൽ മാത്രമല്ല. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും പരീക്ഷയിലും ഒരേപോലെ മികവ് തെളിയിക്കുന്നു. ഹയർ സെക്കൻഡറി പരീക്ഷയിൽ 1200ൽ 1185 മാർക്ക് ഒരുപോലെ ഇവർക്ക് ലഭിച്ചു. ഗണിതമാണ് ഇരുവർക്കും ഏറെ ഇഷ്ടം. ഈ അപൂർവപ്രതിഭാസത്തെ ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത് മോണോസൈക്കോട്ടിക് ട്വിൻസ് എന്നാണ്.
ഇവരുടെ ഈ സാമ്യതകൾ ശ്രദ്ധിച്ചു തുടങ്ങിയ സ്കൂളിലെ സൈക്കോളജി വിഭാഗം മേധാവി ഇവരെ സംബന്ധിച്ചുള്ള ഗവേഷണത്തിലാണ്. ഹൈദരാബാദ്, അമേരിക്കൻ സൈക്യാട്രി അസോസിയേഷൻ എന്നിവിടങ്ങളിലേക്ക് വിവരങ്ങൾ അയച്ചിട്ടുണ്ട്. സൗദിയിൽ ജോലിചെയ്യുന്ന പിതാവിനൊപ്പം താമസിച്ചിരുന്ന ഇവർ അഞ്ച് മുതൽ പത്താം ക്ലാസുവരെ സൗദിയിലായിരുന്നു പഠനം.
കോട്ടക്കൽ സൈത്തൂൺ ഇൻറർനാഷനൽ കാമ്പസിലാണ് ഹയർ സെക്കൻഡറി പൂർത്തിയാക്കിയത്. ഇരുവർക്കും എൻജിനീയറിങ്ങിലാണ് താൽപര്യം. ഹിശാമാണ് ഏക സഹോദരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.