പുതുപൊന്നാനി അഴിമുഖത്തെ മണൽതിട്ട നീക്കൽ; വിശദ പഠനം വൈകുന്നു
text_fieldsപുതുപൊന്നാനി: പുതുപൊന്നാനി അഴിമുഖത്തിനോടുള്ള അധികൃതരുടെ അവഗണനക്ക് പരിഹാരമായില്ല. അപകടം പതിവായ അഴിമുഖത്തെ മണൽതിട്ട നീക്കാൻ വേണ്ടിയുള്ള വിശദ പഠന റിപ്പോർട്ട് തയാറാക്കൽ പ്രവൃത്തികളാണ് നീളുന്നത്. മണൽ തിട്ട നീക്കി പുലിമുട്ട് നിർമിക്കാനുള്ള വിശദ പദ്ധതി രേഖ തയാറാക്കാനുള്ള നടപടിക്ക് ഒക്ടോബറിൽ തുടക്കമാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ആരംഭിച്ചിട്ടില്ല. ഇതിന് മുന്നോടിയായി ചെന്നൈ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിലെ വിദഗ്ധ സംഘം സ്ഥലം സന്ദർശിച്ചിരുന്നു. പദ്ധതിയുടെ പ്രായോഗികത പരിശോധിച്ച് പ്രദേശത്തിന് അനുയോജ്യമായ രീതിയിൽ പദ്ധതി തയാറാക്കാനായിരുന്നു തീരുമാനം. കാറ്റിന്റെ ദിശ, കടൽ തിരമാലകളുടെ ഗതി എന്നിവ രണ്ടാഴ്ച കൊണ്ട് പഠന വിധേയമാക്കിയതിന് ശേഷം വിശദ പദ്ധതി രേഖ തയാറാക്കും. ഇതിനായി 14.4 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.
സംഘം തയാറാക്കുന്ന ഡി.പി.ആർ ഹാർബർ എൻജിനീയറിങ് വകുപ്പിന് സമർപ്പിക്കും. തുടർന്ന് ഹാർബർ എൻജിനീയറിങ് വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കി സർക്കാറിന് നൽകും. പുതുപൊന്നാനി മുനമ്പം ഭാഗത്തും വെളിയങ്കോട് ഭാഗത്തുമായി പുലിമുട്ട് നിർമിച്ച് അഴിമുഖത്തെ മണൽതിട്ട നീക്കം ചെയ്യുന്ന തരത്തിലുള്ള ഡി.പി.ആർ തയാറാക്കാനാണ് പ്രാഥമിക ധാരണയുള്ളത്.
നൂറിലേറെ ഫൈബർ വള്ളങ്ങളും ചെറുവള്ളങ്ങളും മീൻപിടിത്തം നടത്തുന്ന അഴിമുഖം ഇപ്പോൾ അപകട പാതയാണ്. മത്സ്യ ബന്ധനയാനങ്ങൾക്ക് സുഗമമായി കടന്ന് പോകാൻ വേണ്ടി അഴിമുഖത്തെ കല്ലുകൾ നീക്കം ചെയ്തെങ്കിലും അഴിമുഖത്തെ മണൽ തിട്ടകളും അഴിമുഖത്തിന്റെ വീതി കുറവും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. നിലവിൽ കല്ലുകൾക്കും മണൽതിട്ടകൾക്കുമിടയിലെ ചെറിയ ഭാഗത്ത് കൂടിയാണ് യാനങ്ങൾ കടന്ന് പോകുന്നത്. ശക്തമായ തിരയിൽ ചെറുവള്ളങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. മണൽതിട്ടകൾ മൂലം ചെറുവള്ളങ്ങൾക്കുൾപ്പെടെ ഇതുവഴി കടന്ന് പോകാൻ കഴിയുന്നില്ല. മണൽതിട്ട വീണ്ടും രൂപപ്പെട്ടത് കാരണം മത്സ്യ ബന്ധന തൊഴിലാളികൾക്കും തോണികൾക്കും കടലിൽ പോകാൻ കഴിയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.