മലപ്പുറത്തിന് അഞ്ച് സന്തോഷം
text_fieldsമലപ്പുറം: 78ാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിലേക്ക് കാൽപന്തിന്റെ മക്കയിൽ നിന്നും അഞ്ച് താരങ്ങൾ. കിരീട പ്രതീക്ഷയുമായി മൈതാനത്തിറങ്ങുന്ന കേരള ടീമില്‍ അഞ്ച് മലപ്പുറം സ്വദേശികളാണ് ഇടം പിടിച്ചത്. ഗോള്‍ കീപ്പറായ കെ. മുഹമ്മദ് അസ്ഹര്‍, പ്രതിരോധ താരമായ ആദില്‍ അമല്‍, മധ്യനിര താരങ്ങളായ മുഹമ്മദ് അര്‍ഷാഫ്, സല്മാന് കള്ളിയത്ത്, മുഹമ്മദ് റിഷാദ് ഗഫൂര്‍ എന്നിവരാണ് കേരള സ്ക്വാഡിലെ മലപ്പുറം കരുത്ത്.
കേരള പൊലീസ് താരമായ കെ. മുഹമ്മദ് അസ്ഹര്‍ മൂന്നാം തവണയാണ് സന്തോഷ് ട്രോഫി ടീമിൽ ഇടം പിടിക്കുന്നത്. കഴിഞ്ഞ വർഷം മലപ്പുറം സീനിയര്‍ ടീമിനെ നയിച്ചതും അസ്ഹറായിരുന്നു. പെരിന്തല്‍മണ്ണ പാതാക്കര കരുനാകരത്ത് വീട്ടില്‍ അഷ്റഫ് സലീന ദമ്പതികളുടെ രണ്ടാമത്തെ മകനാണ് അസ്ഹര്‍.
ടീമിൽ കന്നിയവസരം തേടിയെത്തിയ ആദില്‍ അമല്‍ ഐ.എസ്.എല്ലിൽ ഈസ്റ്റ് ബംഗാളിന്റെ കരുത്തനായ പ്രതിരോധ താരമാണ്. മൂന്ന് വര്‍ഷത്തോളമായി ഈസ്റ്റ് ബംഗാളില്‍ കളിക്കുന്ന അമല്‍ മാറഞ്ചേരി കാഞ്ഞിരമുക്ക് റഫീഖ് നെടുശ്ശേരിവളപ്പില്-സജ്ന ദമ്പതികളുടെ മകനാണ്. മുത്തൂറ്റ്, ഗോകുലം എഫ്.സി എന്നിവക്ക് വേണ്ടിയും പന്ത് തട്ടിയിട്ടുണ്ട്.
കെ.പി.എല്ലിൽ എം.എ കോളജിന്റെ പകരം വെക്കാനില്ലാത്ത പ്രതിരോധ താരം കൂടിയായിരുന്നു ഈ 22കാരൻ. മലപ്പുറത്ത് നടന്ന സന്തോഷ് ട്രാഫി കിരീടം ചൂടിയ കേരള ടീമിലെ അംഗമായിരുന്ന സല്മാന് കള്ളിയത്തിന് സന്തോഷ് ട്രോഫിയിൽ ഇത് രണ്ടാമൂഴമാണ്. ഗോകുലം എഫ്.സി 2022ൽ ഐ ലീഗ് കിരീടം ചൂടിയപ്പോഴും ടീമിലുണ്ടായിരുന്നു. രണ്ട് പ്രമുഖ കിരീടങ്ങള്‍ കൈവശമുള്ള സല്മാന് മധ്യനിരയിലെ മികച്ച താരമാണ്. നിലവില്‍ ഭവാനിപൂര്‍ എഫ്.സി താരമാണ്. മലപ്പുറം എം.എസ്.പി സ്കൂളിലൂടെയാണ് താരത്തിന്റെ വരവ്. ടീമിന് വേണ്ടി ദേശീയ ടൂര്‍ണമെന്റായ സുപ്രതോമുഖര്ജി കപ്പില്‍ കാഴ്ച വെച്ച പ്രകടനം താരത്തെ മലപ്പുറം ജില്ല ടീമില്‍ എത്തിച്ചു. കേരള യുണൈറ്റഡ് എഫ്.സിയിലും കൊല്‍ക്കത്തന്‍ ക്ലബുകളായ ഡയമണ്ട് ഹാര്‍ബര്‍ എഫ്.സിയിലും യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബ്ബിലും സല്മാന് പന്ത് തട്ടി. തിരൂര്‍ ബി.പി അങ്ങാടി സ്വദേശിയായ ഗിയാസുദീന്റെയും താനൂര്‍ സ്വദേശിനി കദീജയുടെയും മകനാണ് സല്മാന്. ഷറഫിയയാണ് ജീവിതപങ്കാളി. രണ്ട് മാസം പ്രായമുള്ള റുവ സൈനബിന്റെ പിതാവ് കൂടിയാണ് സൽമാൻ.
കേരള സൂപ്പര്‍ ലീഗിന് തിരശ്ശീല വീണപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത പേരായിരുന്നു കാലിക്കറ്റ് എഫ്.സിയുടെ മുഹമ്മദ് അര്‍ഷാഫ്. ടൂർണമന്റിലുടെനീളം നടത്തിയ മികച്ച പ്രകടനം എമെർജിങ്ങ് പ്ലയർ അവാർഡിനും താരത്തെ അർഹനാക്കി.
വേങ്ങര പറമ്പില്‍പടി സ്വദേശിയായ ഈ ഇരുപതുകാരൻ പറപ്പൂര് എഫ്.സിയിലൂടെയാണ് കളത്തിലെത്തുന്നത്. ആദ്യമായാണ് സന്തോഷ് ട്രോഫിയിൽ പന്തുതട്ടാൻ അവസരം ലഭിക്കുന്നത്. ദേവഗിരി കോളജിന്റെ കരുത്തനായ താരമായ അര്‍ഷഫ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.
ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരം പ്ലസ് ടു വിദ്യാര്‍ഥിയായ മുഹമ്മദ് റിഷാദ് ഗഫൂറാണ്. പതിനേഴുകാരനായ റിഷാദ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് താരമാണ്. കേരള സൂപ്പര്‍ ലീഗില്‍ കണ്ണൂര്‍ വാരിയേഴ്സിന് വേണ്ടി പന്ത് തട്ടിയിട്ടുള്ള റിഷാദ് ഗഫൂര്‍ വെളിയംങ്കോട് സ്വദേശിയാണ്. മടപ്പാട്ടുപറമ്പിൽ ഗഫൂർ, ഷമീന ദമ്പതികളുടെ മകനായ റിഷാദ് എം.ഐ.സി അത്താണിക്കൽ സ്കൂളിൽ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.