സന്തോഷ് ട്രോഫി: ഫൈനൽ മേയ് മൂന്നിലേക്ക് മാറ്റാൻ ശ്രമം
text_fieldsമലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബാൾ ഫൈനൽ മത്സരം മേയ് മൂന്നിലേക്ക് മാറ്റാൻ ശ്രമം. കലാശക്കളി രണ്ടിനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ചെറിയ പെരുന്നാളിന്‍റെ മാസപ്പിറവി കാണാൻ സാധ്യതയുള്ള രാത്രിയായതിനാൽ കാണികൾ കുറഞ്ഞേക്കുമെന്നതും ഒഫീഷ്യൽസിന്‍റെയും വളന്‍റിയർമാരുടെയുമെല്ലാം സൗകര്യവും കണക്കിലെടുത്ത് മൂന്നിലേക്ക് മാറ്റാൻ സംഘാടക സമിതി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനോട് അഭ്യർഥിച്ചിരിക്കുകയാണ്.
ഫൈനൽ രാത്രി എട്ടിന് നിശ്ചയിച്ചത് 7.30ന് ആക്കാനും ശ്രമിക്കുന്നുണ്ട്. സെമി ഫൈനൽ മത്സരങ്ങൾ എട്ടിൽ നിന്ന് 8.30ലേക്ക് മാറ്റണമെന്ന അഭ്യർഥനയും ഫുട്ബാൾ ഫെഡറേഷന് മുന്നിൽ വെച്ചിരിക്കുകയാണ് സംഘാടകർ.
കോട്ടപ്പടി സ്റ്റേഡിയത്തിലെ മത്സരങ്ങൾ അവസാനിച്ചു
ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫി ഫുട്ബാളിന് മലപ്പുറം ജില്ലയും കോട്ടപ്പടി സ്റ്റേഡിയവും ആതിഥ്യമരുളി. പയ്യനാട് സ്റ്റേഡിയത്തിൽ ഫെഡറേഷൻ കപ്പ്, സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങൾ മുമ്പ് നടന്നിട്ടുണ്ട്. ദേശീയ ചാമ്പ്യൻഷിപ്പ് കോട്ടപ്പടിയിലെത്തുന്നത് ആദ്യം. ഗ്രൂപ് റൗണ്ടിലെ പത്ത് മത്സരങ്ങൾ ഇവിടെ നടന്നു. കേരളമൊഴികെ ഒമ്പത് ടീമുകളും കളിച്ചു.
സെമിഫൈനലും ഫൈനലും പയ്യനാട്ടാണ്. മലപ്പുറം നഗരത്തിലെ കൈയടികൾ ഇന്നലത്തോടെ നിലച്ചു. മത്സരങ്ങൾ പ്രമാണിച്ച് കോട്ടപ്പടി സ്റ്റേഡിയം നവീകരിച്ചിരുന്നു. കേരളത്തിന്‍റെ കളി ഇല്ലാത്തതിനാൽ കാണികൾ പൊതുവെ കുറവായിരുന്നെങ്കിലും കുറ്റമറ്റ രീതിയിൽ മത്സരങ്ങൾ സംഘടിപ്പിക്കാനായി. ഏപ്രിൽ 16ന് രാവിലെ പഞ്ചാബ്-ബംഗാൾ പോരാട്ടത്തോടെയായിരുന്നു തുടക്കം.
തിങ്കളാഴ്ച വൈകീട്ട് ഒഡിഷ-സർവിസസ് മത്സരത്തോടെ അവസാനിച്ചു. മലപ്പുറം നഗര ഹൃദയത്തിലെ മികച്ചൊരു മൈതാനം കേടുപാടുകൾ സംഭവിക്കാതെ സൂക്ഷിക്കണമെന്നും കൂടുതൽ ചാമ്പ്യൻഷിപ്പുകൾ കൊണ്ടുവരണമെന്നും ആവശ്യമുയർന്നുകഴിഞ്ഞു.
നോവിന്‍റെ കയ്പൊന്നുമില്ല കളിചിരികളിൽ
മലപ്പുറം: വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിന്‍റെ മതിലുകൾക്ക് പുറത്തേക്കുപോവാൻ അത്യപൂർവമായി മാത്രം അവസരം ലഭിക്കുന്ന കുട്ടികൾക്ക് ഈ രാത്രി മറക്കാൻ കഴിയില്ല. രണ്ട് മണിക്കൂറോളം പയ്യനാട് സ്റ്റേഡിയത്തിലിരുന്ന് കളിയാരവങ്ങൾ സാക്ഷിയായാണ് അവർ മടങ്ങിയത്.
കുട്ടികൾക്ക് കളികാണാൻ അവസരമൊരുക്കണമെന്ന ചൈൽഡ് ലൈൻ കോഓഡിനേറ്റർമാരായ സി.പി. സലീമിൻറെയും അൻവർ കാരക്കാടന്‍റെയും അഭ്യർഥന സ്വീകരിച്ച് സന്തോഷ് ട്രോഫി ഇവൻറ് കോഓഡിനേറ്ററും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ യു. ഷറഫലിയാണ് സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. ഞായറാഴ്ച രാത്രി നടന്ന പഞ്ചാബ്-മേഘാലയ മത്സരം കാണാൻ ഹോമിലെ 28 കുട്ടികൾ ഗാലറിയിലുണ്ടായിരുന്നു. സംഘാടക സമിതി ഭാരവാഹിയും മുൻ ജില്ല പൊലീസ് മേധാവിയുമായ യു. അബ്ദുൽ കരീം സംഘത്തെ സ്വീകരിച്ചു.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അനുമതി ലഭിച്ച ശേഷമാണ് കുട്ടികളെ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്നത്. സ്വന്തം വേദനകൾ മറന്ന് നിറഞ്ഞ മനസ്സോടെ അവർ രണ്ട് ടീമിനെയും പ്രോത്സാഹിപ്പിച്ചു. ഹോം മാനേജർ ജസീന, ചൈൽഡ് ലൈൻ പ്രവർത്തകരായ മുഹ്സിൻ പരാരി, രാജുകൃഷ്ണൻ, ഫായിസ്, ആതിര, ഫാരിസ തുടങ്ങിയവർ കുട്ടികളെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.