ആറാം വർഷവും വ്രതം മുടക്കാതെ ശശികുമാർ
text_fieldsതാനൂർ: വ്രതാനുഷ്ഠാനത്തിലൂടെ നേടുന്ന ആത്മീയ ചൈതന്യത്തിന്റെ പൊരുളറിഞ്ഞ് താനൂരിലെ പൊതുപ്രവർത്തകനായ വി.പി. ശശികുമാറും. കോൺഗ്രസ് താനൂർ മണ്ഡലം പ്രസിഡന്റും മാധ്യമ പ്രവർത്തകനുമായ ശശികുമാർ തുടർച്ചയായ 19 നോമ്പുകൾ പൂർത്തിയാക്കാനായതിന്റെ ചാരിതാർഥ്യത്തിലാണ്.
റമദാൻ മാസത്തിൽ പാർട്ടി പരിപാടികളുടെ ഭാഗമായുള്ള യാത്രകളിൽ നോമ്പുകാരായ സഹപ്രവർത്തകരുടെ സാന്നിധ്യത്തിൽ ഭക്ഷണം കഴിക്കേണ്ടി വരുന്നത് ഒഴിവാക്കാനായാണ് ആദ്യമായി നോമ്പെടുത്ത് തുടങ്ങുന്നത്.
1997ൽ മൂന്ന് നോമ്പുകളെടുത്ത് തുടങ്ങിയെങ്കിലും പിന്നീടുള്ള വർഷങ്ങളിൽ തുടരാനായില്ല. പിന്നീട് 2018 മുതലാണ് വ്രതാനുഷ്ഠാനം പുനരാരംഭിക്കുന്നത്.
പിന്നീടങ്ങോട്ടുള്ള ഓരോ റമദാനും ശശികുമാറിന് ത്യാഗനിർഭരമായ നോമ്പ് കാലം കൂടിയായിരുന്നു. വർഷത്തിൽ പത്തും പതിനഞ്ചും നോമ്പുകൾ നോറ്റിരുന്ന പതിവിൽ നിന്നും മാറി ഇത്തവണ മുഴുവൻ നോമ്പുകളുമെടുക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. പുലർച്ചെ നാലിന് എഴുന്നേറ്റ് അത്താഴം കഴിച്ച് തുടങ്ങുന്ന വ്രതം അവസാനിപ്പിക്കുന്നത് മിക്കപ്പോഴും ഏതെങ്കിലും സംഘടനകളുടേയോ സുഹൃത്തുക്കളുടേയോ ഇഫ്താർ വിരുന്നുകളിലാകും. വ്രതാനുഷ്ഠാനം ശീലമാക്കിയതിലൂടെ ആത്മീയാനുഭൂതി നേടാനാകുന്നതോടൊപ്പം ആരോഗ്യപരമായ മെച്ചങ്ങളുമുണ്ടാകുന്നുണ്ടെന്നതാണ് ശശികുമാറിന്റെ അനുഭവം. കൂടാതെ സഹപ്രവർത്തകരോടും മുസ്ലിം സുഹൃത്തുക്കളോടുള്ള ഐക്യദാർഢ്യമായാണ് ശശികുമാർ നോമ്പിനെ കാണുന്നത്.
വ്രതാനുഷ്ഠാനത്തിന് എല്ലാവിധ പിന്തുണയുമായി കുടുംബവും കൂടെയുണ്ടെന്നതാണ് അദ്ദേഹത്തിന്റെ കരുത്ത്. താനൂർ നഗരസഭയിലെ 20ാം ഡിവിഷൻ കൗൺസിലർ കൂടിയായ ഭാര്യ രാധികയും ഈ വർഷം മുതൽ നോമ്പനുഷ്ഠിച്ച് തുടങ്ങിയിട്ടുണ്ട്. ബിരുദ വിദ്യാർഥിയായ അശ്വിനും സിവിൽ എൻജിനീയറിങ് അവസാന വർഷ വിദ്യാർഥിനിയായ അവിഷ്ണയുമടങ്ങുന്നതാണ് ശശികുമാറിന്റെ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.