കുരുന്നു ജീവൻ രക്ഷിച്ച ആയിഷക്ക് അഭിനന്ദനവുമായി സ്കൂളും അധ്യാപകരും
text_fieldsചേലേമ്പ്ര: സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പിൽനിന്ന് പഠിച്ച പ്രഥമ ശുശ്രൂഷയുടെ ആദ്യ പാഠങ്ങളിലൂടെ കുരുന്നു ജീവൻ രക്ഷിച്ച ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസിലെ വിദ്യാർഥിനി ആയിഷക്ക് അഭിനന്ദന പ്രവാഹം. ആയിഷയെ കാണാനും മധുരം കൊടുത്ത് അഭിനന്ദനങ്ങളറിയിക്കാനും അധ്യാപകരുമെത്തി. ചൊവ്വാഴ്ച രാത്രി സമീപത്തെ വീട്ടിൽ അബദ്ധത്തിൽ വെള്ളമുള്ള ബക്കറ്റിൽ വീണ് അബോധാവസ്ഥയിലായ കുട്ടിക്ക് ആയിഷ പ്രഥമ ശുശ്രൂഷ നൽകി ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു.
പള്ളിക്കൽ പഞ്ചായത്തിലെ യു.കെ.സിയിൽ താമസിക്കുന്ന തടത്തിൽ അബ്ദുസ്സലാം- ഫായിസ ദമ്പതിമാരുടെ മകളായ എമിനിനെയാണ് രക്ഷിച്ചത്. വീടിനകത്തെ കുളിമുറിയിൽ എത്തിയ കുട്ടി വെള്ളം നിറച്ച ബക്കറ്റിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാവ് നടത്തിയ തിരച്ചിലിലാണ് ബക്കറ്റിൽ തലകീഴായി മുങ്ങിക്കിടക്കുന്നത് കണ്ടത്. പെട്ടെന്നുതന്നെ പുറത്തെടുത്തെങ്കിലും അബോധാവസ്ഥയിലായിരുന്നു കുട്ടി.
ഓടിക്കൂടിയവർ പകച്ചുനിൽക്കുന്നതിനിടെ പ്ലസ് ടു വിദ്യാർഥിയായ ആയിഷ കുഞ്ഞിന് കൃത്രിമ ശ്വാസം ഉൾപ്പെടെ പ്രഥമശുശ്രൂഷ നൽകി. കുഞ്ഞ് കണ്ണു തുറന്ന് കരഞ്ഞതോടെ എല്ലാവർക്കും ആശ്വാസമായി. വിദ്യാർഥിനിയുടെ ഇടപെടലാണ് കുഞ്ഞിെൻറ ജീവൻ രക്ഷിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു.
ദേവകിയമ്മ മെമ്മോറിയൽ ഫാർമസി കോളജ് അസി. പ്രഫസർ ഡോ. വിമൽ കുമാറിെൻറ ക്ലാസ് രണ്ടു മാസങ്ങൾക്കു മുമ്പാണ് സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾക്ക് ലഭിച്ചത്. ഗൈഡ് വിദ്യാർഥിനിയായ ആയിഷക്ക് അഭിനന്ദനങ്ങളർപ്പിക്കാൻ പ്രിൻസിപ്പൽ മനോജ് കുമാർ, ക്ലാസ് അധ്യാപികയും ഗൈഡ്സ് ക്യാപ്റ്റനുമായ ശ്വേത അരവിന്ദ്, പി. സുഷ, സി. ഇന്ദു, ഇ. ബൈജീവ്, കെ. അർജുൻ എന്നിവർ വീട്ടിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.