സ്കൂൾ മുഴുവൻ സമയ പ്രവർത്തനം: ഒരുക്കങ്ങൾ വിലയിരുത്തി
text_fieldsമലപ്പുറം: ഫെബ്രുവരി 21 മുതല്‍ സ്കൂളുകൾ മുഴുവൻ സമയവും പ്രവർത്തിക്കുന്നതിന്റെ ഭാഗമായി സ്വീകരിക്കേണ്ട മുന്‍കരുതലുകളും ഒരുക്കങ്ങളും ജില്ല കലക്ടര്‍ വി.ആര്. പ്രേം കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിൽ രാവിലെ മുതൽ വൈകീട്ടു വരെ സാധാരണ ടൈംടേബ്ള് അനുസരിച്ചാണ് നടക്കുക. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പൊതു അവധി ദിവസങ്ങള്‍ ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കും.
എല്ലാ ശനിയാഴ്ചകളിലും സ്കൂള്‍തല എസ്.ആര്.ജി ചേര്‍ന്ന് പാഠഭാഗങ്ങളുടെ പൂര്‍ത്തീകരണം സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും കുട്ടികളുടെ പഠനനേട്ടം ഉറപ്പുവരുത്തുന്നതിന് അനുയോജ്യമായ മാര്‍ഗങ്ങള്‍ അവലംബിക്കാനും കലക്ടര്‍ നിര്‍ദേശം നല്കി. യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ. എം.സി. റെജില്‍, ഉപ വിദ്യാഭ്യാസ ഡയറക്ടര്‍ ജെ.എസ്. കുസുമം, കോവിഡ് സര്‍വൈലന്‍സ് ഓഫിസര്‍ ഡോ. നവ്യ, ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
യോഗ തീരുമാനങ്ങൾ
• കുട്ടികളെ കയറ്റാത്ത ബസുകള്‍ക്കെതിരെ നടപടി
കുട്ടികളെ കയറ്റാന്‍ വിസമ്മതിക്കുന്ന ബസ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്കി. കുട്ടികളുടെ യാത്രസൗകര്യം ഉറപ്പുവരുത്തുന്നതിന് പി.ടി.എ മുന്‍കൈയെടുക്കണം. സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും നിര്‍ദേശം നല്കി.
• ശുചിത്വം ഉറപ്പാക്കണം
സ്കൂളുകളിലെ ക്ലാസ് മുറികള്‍, ഓഫിസ്, സ്റ്റാഫ് റൂം, ശുചിമുറികള്‍ എന്നിവിടങ്ങളില്‍ ശുചിത്വം ഉറപ്പുവരുത്തണം. മാസ്ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം ഉറപ്പുവരുത്തും. ഡിസ്പോസബ്ള്‍ മാസ്കുകളുടെ പുനരുപയോഗം തടയും.
• ലഹരി ഉപയോഗം തടയാന്‍ നിരീക്ഷണം
കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിന് എക്സൈസ് വകുപ്പ് നടപടി സ്വീകരിക്കും. ഇതിനായി ബോധവത്കരണ ക്ലാസുകള്‍ നടത്തും. സ്കൂളുകള്‍ ആരംഭിക്കുന്ന സമയത്തും പൊലീസ് നിരീക്ഷണം ഉണ്ടാകും. പി.ടി.എ, ക്ലാസ് പി.ടി.എ എന്നിവ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താനും കലക്ടര്‍ നിര്‍ദേശം നല്കി. ആഴ്ചയില്‍ രണ്ട് ദിവസം ജില്ലതല മോണിറ്ററിങ് കമ്മിറ്റി യോഗം ചേരും.
• പഠന നിലവാരം ഉറപ്പുവരുത്തണം
എസ്.എസ്.എല്‍.സി പരീക്ഷയുമായി ബന്ധപ്പെട്ട് ഓരോ അധ്യാപകനും ഓരോ വിഷയത്തിന്റെയും പ്ലാന്‍ തയാറാക്കി എത്ര ശതമാനം പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചു എന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനാധ്യാപകര്‍ മുഖേന ബന്ധപ്പെട്ട ജില്ല വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് എല്ലാ ശനിയാഴ്ചയും നല്‍കണം. ക്രോഡീകരിച്ച റിപ്പോര്‍ട്ട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് എല്ലാ തിങ്കളാഴ്ചയും നല്‍കണം.
പ്ലസ് ടു പരീക്ഷയുമായി ബന്ധപ്പെട്ട് ഓരോ അധ്യാപകനും ഓരോ വിഷയത്തിന്റെയും പ്ലാന്‍ തയാറാക്കി എത്ര ശതമാനം പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചു എന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍മാര്‍ മുഖേന ബന്ധപ്പെട്ട റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് എല്ലാ ശനിയാഴ്ചയും നല്‍കണം.
• കുട്ടികള്‍ക്ക് പിന്തുണ നല്‍കണം
പഠന വിടവ് പരിഹരിക്കുന്നതിനുള്ള വ്യക്തിഗത പിന്തുണ കുട്ടികള്‍ക്ക് നല്‍കണം. ഭിന്നശേഷി കുട്ടികളുടെ കാര്യത്തില്‍ ഇതു സംബന്ധിച്ച് പ്രത്യേകമായ ഊന്നല്‍ നല്‍കാനും നിര്‍ദേശം നല്കി. ഡിജിറ്റല്‍/ഓണ്‍ലൈന്‍ ക്ലാസുകളും പിന്തുണ പ്രവര്‍ത്തനങ്ങളും ആവശ്യാനുസരണം തുടരണം.
അതിനനുസൃതമായ സമ്മിശ്രരീതിശാസ്ത്രം അധ്യാപകര്‍ അവലംബിക്കണം. വിദ്യാഭ്യാസ ഓഫിസര്‍മാര്‍ പരമാവധി സ്കൂളുകള്‍ സന്ദര്‍ശിച്ച് പാഠഭാഗങ്ങളുടെ വിനിമയം സംബന്ധിച്ചും പൊതുപരീക്ഷകളുടെ മുന്നൊരുക്കം സംബന്ധിച്ചും വിലയിരുത്തലുകള്‍ നടത്തണമെന്നും ജില്ല കലക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.