വിദ്യാലയങ്ങൾ ആരവത്തിലേക്ക്
text_fieldsമലപ്പുറം: കലാരവ തിരക്കിലേക്ക് വിദ്യാലങ്ങൾ. അടുത്തമാസം ആദ്യത്തോടെ കലാ, കായിക, ശാസ്ത്ര-ഗണിത ശാസ്ത്ര മേളകളുമായി അധ്യാപകരും വിദ്യാർഥികളും സജീവമാകും. ഇതിനുള്ള ഒരുക്കം ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഈ വർഷത്തെ ജില്ല സ്കൂൾ കലാമേള നവംബർ 25 മുതൽ 29 വരെ കോട്ടക്കലിൽ നടത്താനാണ് തീരുമാനം. കോട്ടക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട് എന്നിവിടങ്ങളിൽ വേദിയൊരുക്കും. കഴിഞ്ഞതവണ കലാമേള തിരൂരിലെ വിദ്യാലയങ്ങളിൽ വെച്ചാണ് നടന്നത്. കോവിഡ് നിയന്ത്രണത്തിന് ശേഷമുള്ള ആദ്യമേളയായിരുന്നു കഴിഞ്ഞവർഷം. അതുകൊണ്ടുതന്നെ വിദ്യാർഥികളുടെ പങ്കാളിത്തം കുറവായിരുന്നു. ഈ വർഷം കൂടുതൽ മത്സരങ്ങളോടെ മേള വർണാഭമാകും.
ജില്ല സ്കൂൾ കായികമേള ഒക്ടോബർ അഞ്ചുമുതൽ ഏഴുവരെ ദിവസങ്ങളിൽ നടക്കും. കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയം, കാമ്പസ് സ്കൂൾ എന്നിവിടങ്ങളിലാണ് വേദിയൊരുക്കുക. ഈ വർഷം കായികമേളയിലും ഈ വർഷം കൂടുതൽ വിദ്യാർഥി പങ്കാളിത്തമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബർ അഞ്ചുമുതൽ എട്ടു വരെയാണ് ജില്ല ശാസ്ത്രമേള നടത്താൻ തീരുമാനം. തിരൂർ ഉപജില്ലയിലെ കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂർ, ജി.എൽ.പി.എസ് ബി.പി അങ്ങാടി, ജി.വി.എച്ച്.എസ്.എസ് തിരൂർ, ഡയറ്റ് തിരൂർ, ജി.എം.യു.പി.എസ് ബി.പി അങ്ങാടി എന്നീ സ്കൂളുകളിലാണ് വേദിയൊരുക്കുന്നതെന്ന് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. കഴിഞ്ഞവർഷം മഞ്ചേരി ഗേൾസ്, യതീംഖാന സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലായിരുന്നു പ്രധാന വേദികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.