സ്കൂൾ ഉച്ചഭക്ഷണം: പ്രധാനാധ്യാപകർ നെട്ടോട്ടത്തിൽ
text_fieldsമലപ്പുറം: സ്കൂളിൽ ക്ലാസുകൾ മൂന്നാം വാരത്തിലേക്ക് പ്രവേശിച്ചതോടെ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണമൊരുക്കാൻ കാശില്ലാതെ പ്രധാനാധ്യാപകരുടെ നെട്ടോട്ടം. ഓരോ കുട്ടിക്കും പരമാവധി എട്ടുരൂപയാണ് പാലും മുട്ടയും ഉൾപ്പെടെ ഒരുനേരത്തേ ഭക്ഷണത്തിന് സർക്കാർ നൽകുന്നത്. അരി ഒഴിച്ച് മറ്റു വിഭവങ്ങൾക്കുള്ള ചെലവും പാചകവാതകവുമെല്ലാം ഈ തുകയിൽനിന്ന് കണ്ടെത്തണം. അവശ്യസാധനങ്ങളുടെ കനത്ത വിലക്കയറ്റവും ബാച്ചുകളായി ആറ് പ്രവൃത്തിദിനങ്ങളിൽ ക്ലാസ് നടക്കുന്നതും മൂലം വലിയ സാമ്പത്തിക ബാധ്യതയാണ് ഓരോ സ്കൂളും അഭിമുഖീകരിക്കുന്നത്.
അഞ്ച് രൂപയിലൊതുങ്ങണം കറിയും ഉപ്പേരിയും ഗ്യാസും
ഉച്ചഭക്ഷണത്തിലേക്ക് അരി മാവേലി സ്റ്റോറുകൾ വഴി സ്കൂളുകളിൽ നേരിട്ടെത്തിക്കും. ബാക്കിയുള്ളവക്കാണ് ഓരോ ദിവസവും ഒരുവിദ്യാർഥിക്ക് പരമാവധി എട്ടുരൂപ വരെ നൽകുന്നത്. കുട്ടി സ്കൂളിൽ ഹാജരുള്ള ദിവസം മാത്രമേ ഇത് ലഭിക്കൂ. പുതിയ ക്രമീകരണ പ്രകാരം ആഴ്ചയിൽ മൂന്നുദിവസം ക്ലാസിലെത്തുന്ന കുട്ടിയുടെ ഉച്ചഭക്ഷണ വിഹിതമായി സർക്കാർ 24 രൂപ അനുവദിക്കും. രണ്ടുദിവസം പാലും ഒരുദിവസം മുട്ടയും നൽകണമെന്നാണ്. 150 മില്ലിയാണ് പാലിെൻറ കണക്ക്. ഇതിന് ഏഴുരൂപ വരും. രണ്ട് ഗ്ലാസ് പാലും ഒരു മുട്ടയും ആവുമ്പോൾ 19 രൂപയോ അതിന് മുകളിലോ ആണ് ചെലവ്. ബാക്കി അഞ്ച് രൂപയിൽനിന്ന് വേണം ചോറിനുള്ള വിഭവങ്ങൾക്കും പാചക വാതകത്തിനും ഇവ കൊണ്ടുവരുന്നതിനുമുള്ള തുകയും വീതിക്കാൻ. ചോറിനൊപ്പം ഒരുകറിയും ഉപ്പേരിയും നിർബന്ധമാണ്.
കോവിഡ് കാലത്തെ അധികച്ചെലവുകൾ
ഓരോ ദിവസവും ആയിരക്കണക്കിന് രൂപയുടെ ബാധ്യതയാണ് വരുന്നതെന്ന് പ്രധാനാധ്യാപകർ പറയുന്നു. മുമ്പ് അഞ്ചായിരുന്നു പ്രവൃത്തിദിനങ്ങളെങ്കിൽ കോവിഡാനന്തരം സ്കൂൾ തുറന്നപ്പോൾ ആറായി. രണ്ടോ മൂന്നോ ബാച്ചുകൾ ഓരോ ക്ലാസിലുമുണ്ട്. മൂന്നിലൊന്ന് കുട്ടികളേ ഓരോ ദിവസവും സ്കൂളിലെത്തുന്നുള്ളൂവെങ്കിൽപോലും പാചകവാതക ഉപയോഗത്തിലടക്കം കുറവില്ല. പ്രവൃത്തിദിനം കൂടിയതോടെ ഇത് വർധിക്കുകയാണ് ചെയ്തിരിക്കുന്നത്. ഉച്ച വരെയേ ക്ലാസുള്ളൂ. എന്നാൽ, ഭൂരിഭാഗം സ്കൂളുകളിലും വിദ്യാർഥികൾക്ക് ഉച്ച ഭക്ഷണം നൽകുന്നുണ്ട്.
5,00,417 പേർക്ക് ഉച്ചഭക്ഷണം
ജില്ലയിൽ 1422 പൊതുവിദ്യാലയങ്ങളിലായി 5,00,417 വിദ്യാർഥികൾ ഉച്ച ഭക്ഷണ പദ്ധതിയുടെ ഭാഗമാണ്. 500 കുട്ടികൾ വരെയുള്ള സ്കൂളുകളിൽ ഒരാൾക്ക് ദിവസവും എട്ടു രൂപ, 500നു മുകളിൽ ഏഴു രൂപ, 1500ന് മുകളിൽ ആറു രൂപ എന്നിങ്ങനെയാണ് വിഹിതം. ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലാണ് ഉച്ച ഭക്ഷണം. 2012ന് മുമ്പ് തുടങ്ങി അംഗീകാരം ലഭിച്ച പ്രീ പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്കും നൽകുന്നുണ്ട്. ഇവർക്ക് ഇതുവരെ സ്കൂൾ തുറന്നിട്ടില്ല.
വകുപ്പിെൻറ ശ്രദ്ധയിൽപെടുത്തി
സ്കൂളുകളിൽ ഉച്ച ഭക്ഷണച്ചെലവ് വർധിച്ചതും ഫണ്ട് തികയാത്തതും പൊതുവിദ്യാഭ്യാസ വകുപ്പിെൻറ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. വിഷയം ഗൗരവതരമാണെന്ന് നൂൺമീൽ ഓഫീസർ പി. ദിനേശ് പറഞ്ഞു. വരുംദിവസങ്ങളിൽ തന്നെ പ്രശ്നത്തിന് പരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ധേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.