കുട്ടികളെ വരവേൽക്കാൻ വിദ്യാലയങ്ങൾ ഒരുങ്ങി റെഡിയായി, ഇനി സ്റ്റഡിയാകാം
text_fieldsമലപ്പുറം: അലങ്കരിച്ചും തോരണങ്ങൾ തൂക്കിയും വിദ്യാലയങ്ങൾ കുട്ടികളെ വരവേൽക്കാൻ ഒരുങ്ങി. വർണാഭമായ ചടങ്ങുകളോടെ പുതിയ അധ്യയന വർഷത്തിന് വ്യാഴാഴ്ച തുടക്കമാകും. എൽ.പി, യു.പി, ഹൈസ്കൂൾ തലങ്ങളിൽ വിപുലമായ ഒരുക്കങ്ങളാണ് സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ നടത്തിയത്.
നവാഗതരെ മധുരം നൽകി വാദ്യ മേളങ്ങളോടെയാകും സ്കൂൾ പി.ടി.എ കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വീകരിക്കുക. മേയ് ആദ്യവാരം മുതൽ തന്നെ സ്കൂൾ തുറക്കാനുള്ള ഒരുക്കങ്ങൾ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. പ്രവേശനോത്സവത്തിന് ജില്ലയിലെ 1852 സ്കൂളുകളും സജ്ജമായി. 680 സർക്കാർ സ്കൂളും 930 എയ്ഡഡ് സ്കൂളും 242 അൺ എയ്ഡഡ് സ്കൂളുമാണ് ജില്ലയിലുള്ളത്.
തുറക്കുന്നതിന് മുന്നോടിയായി വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളെല്ലാം വിദ്യാഭ്യാസ വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്. പെയിന്റിങ്ങും അറ്റകുറ്റപ്പണികളും പൂർത്തിയാക്കി വിദ്യാലയങ്ങൾ കുട്ടികളെ കാത്തിരിക്കുകയാണ്. കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും സുരക്ഷ പരിശോധന പൂർത്തിയായി വരുകയാണ്.
പാചകത്തൊഴിലാളികൾ, പി.ടി.എ പ്രസിഡന്റുമാർ എന്നിവർക്കുള്ള പരിശീലനം പൂർത്തിയാക്കി. പ്രധാനാധ്യാപകർ, അധ്യാപകർ എന്നിവർക്കുമുള്ള പരിശീലനവും നടത്തിയിരുന്നു. ഉച്ചക്കഞ്ഞിക്കുള്ള അരി വിതരണം ആരംഭിച്ചിട്ടുണ്ട്.
പ്രീപ്രൈമറിയിൽ പ്രവർത്തന ഇടങ്ങൾ
മലപ്പുറം: ഇത്തവണ സർക്കാർ അംഗീകൃത പ്രീപ്രൈമറികളിൽ പ്രവർത്തന ഇടങ്ങൾ ഒരുക്കിയിട്ടുണ്ട്. ലോക ബാങ്കിന്റെ സഹായത്തോടെ കേന്ദ്ര സർക്കാറിന്റെ സ്റ്റാർസ് (സ്ട്രെങ്ത്തനിങ് ടീച്ചിങ്, ലേണിങ് ആൻഡ് റിസൾട്ട്സ് ഫോർ സ്റ്റേറ്റ്സ്) പദ്ധതിയിലൂടെ 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രവർത്തന ഇടങ്ങൾ സജ്ജമാക്കിയത്. ചെറിയ കുട്ടികൾക്ക് അവരുടെ പ്രവർത്തന മേഖലകളെ ശക്തിപ്പെടുത്താനുള്ള 13 ഇടങ്ങളാണ് പദ്ധതി വഴി ഒരുക്കുന്നത്.
സംഗീതം, അഭിനയം, ഭാഷ, കളിയിടം, ശാസ്ത്രം, ഗണിതം, ഹരിതോദ്യാനം, സാങ്കേതിക വിദ്യ ഇടം, നിർമാണ ഇടം, കരകൗശല ഇടം, വരയിടം തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. 2021-22ൽ ജില്ലയിൽ ഓരോ ബി.ആർ.സികളിൽനിന്നായി 15 സ്കൂളുകളാണ് തെരഞ്ഞെടുത്തിരുന്നത്. 2022-23ൽ 40 വിദ്യാലയങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.