അശാസ്ത്രീയ നിർമാണം; ദേശീയപാതയോരത്തെ വീടുകളിൽ ചളിവെള്ളം
text_fieldsചേലേമ്പ്ര: ദേശീയപാതയിലെ അശാസ്ത്രീയ നിർമാണപ്രവർത്തനങ്ങൾ മൂലം ചേലേമ്പ്രയിലെ വിവിധ പ്രദേശങ്ങളിൽ വീടുകളിലേക്ക് ചളിവെള്ളം ഉൾപ്പെടെ ഒഴുകിയെത്തുന്നു.
മൂന്ന്, നാല്, ഒമ്പത് വാർഡുകളിലെ പാതയോരത്ത് താമസിക്കുന്നവരാണ് മണ്ണിടിച്ചിലും പ്രളയഭീഷണിയിലും കഴിയുന്നത്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ കക്കാട്ട് അയ്യപ്പക്ഷേത്ര പരിസരം, കക്കാട്ട് ഇടവഴി, ഇടിമുഴിക്കൽ പ്രദേശത്തെ നിരവധി വീടുകളിലേക്ക് മണ്ണും ചളിവെള്ളവും ഒഴുകിയെത്തി വീട്ടിൽ താമസിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. പല വീടുകളുടെയും മതിലുകൾ ഇടിഞ്ഞു. കിണർ വെള്ളം മലിനമായി.
അശാസ്ത്രീയമായ ഓട നിർമാണവും സർവിസ് റോഡുകളിൽ സംരക്ഷണത്തിനായി അരികുഭിത്തി നിർമിക്കാത്തതുമാണ് കാരണമെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ഇതുസംബന്ധിച്ച് നേരത്തേതന്നെ പഞ്ചായത്ത് വിളിച്ച സർവകക്ഷി യോഗത്തിൽ ഉണ്ടാകാൻ പോകുന്ന ഭവിഷ്യത്തുകൾ രേഖാമൂലം എഴുതി നൽകിയതാണ്. പഞ്ചായത്ത് അധികൃതർ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പ്രശ്നബാധിത പ്രദേശങ്ങൾ നേരിട്ട് കാണിച്ചുകൊടുത്തിരുന്നു. ദേശീയപാത അതോറിറ്റി ഡിവിഷനൽ പ്രോജക്ട് മാനേജർ കേശു സ്ഥലം സന്ദർശിച്ച് ജനങ്ങളുടെ പ്രയാസങ്ങൾ വിലയിരുത്തി.
ഉടൻ പരിഹാരനടപടി ഉണ്ടാക്കാൻ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് ശിപാർശ ചെയ്യാമെന്ന് ഉറപ്പുനൽകി.
പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജമീല, വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ്, സ്ഥിരം സമിതി അധ്യക്ഷരായ ഇക്ബാൽ പൈങ്ങോട്ടൂർ, ടി.പി. സമീറ, അംഗങ്ങളായ ജംഷീദ നൂറുദ്ദീൻ, എം. പ്രതീഷ്, എം.കെ. അസ്ലം എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
ദേശീയപാതയിലെ അശാസ്ത്രീയ
നിർമാണത്തെ തുടർന്ന് വീടുകളിലേക്ക്
മതിൽ തകർത്ത് ചളിയും മറ്റും
ഒഴുകിയെത്തിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.