വോട്ടോർമകളുടെ നിറവിൽ ബൂത്തിനരികെ മാതന്റെ ശിൽപം
text_fieldsനെടുങ്കയം (കരുളായി): നെടുങ്കയം പുഴയിലേക്ക് നോക്കിനിൽക്കുന്ന മാതന്റെ ശിൽപം വോട്ടെടുപ്പ് ദിനത്തിൽ നോവോർമയാകുന്നു. ഓരോ തെരഞ്ഞെടുപ്പിലും നെടുങ്കയത്തെ പോളിങ് ബൂത്ത് മാതനും ഭാര്യ കരിക്കയും വരുമ്പോൾ ശ്രദ്ധാകേന്ദ്രമാകാറുണ്ടായിരുന്നു. രാജ്യം ഒരു റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ ആദരിച്ച കരിമ്പുഴ മാതനും ഭാര്യ കരിക്കയും മാഞ്ചീരിയിലെ ഗുഹയിൽനിന്ന് കാട്ടിലൂടെ കിലോമീറ്ററുകൾ താണ്ടി ഇവിടെ വോട്ട് ചെയ്യാനെത്തുക പതിവായിരുന്നു.
ഒരു തെരഞ്ഞെടുപ്പിൽ പോലും മാതനും കരിക്കയും വോട്ട് മുടക്കിയില്ല. ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പ് ദിനത്തിൽ മാതന്റെയും കരിക്കയുടെയും കൂടെയുണ്ടാകാറുള്ള നായുടെയും പ്രതിമകളാണ് ഈ ബൂത്തിന് സമീപം. മാതൻ രണ്ട് വർഷം മുമ്പ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാണ്. ഇതോടെ കരിക്ക തളർന്നുപോയി. മാതനില്ലാത്ത തെരഞ്ഞെടുപ്പിൽ ഇത്തവണ കരിക്കയും വോട്ട് ചെയ്യാനെത്തിയില്ല. ഒരിക്കൽ പോലും മാതന്റെ കൂടെയല്ലാതെ കരിക്കയെ നാട്ടുകാർ കണ്ടിരുന്നില്ല.
കൂടെ നായുമുണ്ടാവും. അതുകൊണ്ടാണ് ജീവിച്ചിരിക്കുന്ന കരിക്കയുടെ ശിൽപവും മാതനൊപ്പം സ്ഥാപിച്ചത്. ചോലനായ്ക്കരുടെ മൂപ്പനായിരുന്നു മാതൻ. വലിയ ജനാധിപത്യവിശ്വാസി. കരുളായി വനമേഖലയിൽ മേൽവനങ്ങളിലെ അളകളിലാണ് ഇവർ താമസിച്ചത്. 2002ലാണ് ആദിമ ഗോത്രവിഭാഗത്തിൽനിന്നുള്ള മാതനും കരിക്കയും ദൽഹിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പങ്കെടുത്തത്. ഓരോ തെരഞ്ഞെടുപ്പുകാലത്തും മാതൻ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.