പാലപ്പെട്ടി അമ്പലം ബീച്ചിൽ കടലാക്രമണം
text_fieldsപെരുമ്പടപ്പ്: അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദമായി മാറിയതോടെ പാലപ്പെട്ടി മേഖലയിൽ കടലാക്രമണം ശക്തമായി.പത്ത് വീടുകളിലാണ് വെള്ളം കയറിയത്. ചെറിയകത്ത് അലിക്കുട്ടി, മരക്കാരകത്ത് സൈനു, ഹാജ്യാരകത്ത് റസീന, കാക്കത്തറയിൽ ഹനീഫ, ഉണ്ണിയാംവീട്ടിൽ നഫീസു, കറുപ്പംവീട്ടിൽ സുലൈമാൻ, കുഞ്ഞിമാക്കാനകത്ത് മുസ്തഫ, കുഞ്ഞീരിയയത്ത് ഷംസുദ്ദീൻ, കിഴക്കേതിൽ സഫിയ, വടക്കേപ്പുറത്ത് ഹലീമ തുടങ്ങിയവരുടെ വീടുകളിലാണ് വെള്ളം കയറിയത്.
കുടുംബങ്ങളെ പാലപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഷെൽട്ടറിലേക്ക് മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിച്ചതായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. സിന്ധു പറഞ്ഞു. പാലപ്പെട്ടി അമ്പലം ബീച്ച്, കാപ്പിരിക്കാട്, അജ്മീർ നഗർ തുടങ്ങിയ മേഖലകളിലാണ് കടലാക്രമണമുണ്ടായത്. രാവിലെ മുതൽ വേലിയറ്റസമയങ്ങളിൽ വെള്ളം വീടുകളിലേക്ക് ഇരച്ചുകയറി. കടൽ ഭിത്തിയില്ലാത്ത മേഖലകളിലാണ് കടലാക്രമണം രൂക്ഷമായത്.
കടൽഭിത്തി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിന് മുകളിലൂടെയും തിരമാലകൾ ഇരച്ച് കയറുകയാണ്. കൂടാതെ പൊന്നാനി മുല്ലറോഡ്, മുറിഞ്ഞഴി, ജീലാനി നഗർ ഭാഗങ്ങളിലും തിരമാലകൾ തീരദേശ റോഡിലേക്ക് ഇരച്ചെത്തി. തീരദേശറോഡ് പൂർണമായി വെള്ളത്തിൽ മുങ്ങിയ നിലയിലാണ്.
കടലാക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ കുടുംബങ്ങളെ മാറ്റിപാർപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. തഹസിൽദാർ ഷാജി, പെരുമ്പടപ്പ് വില്ലേജ് ഓഫിസർ തുടങ്ങിയവർ കടലാക്രമണബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.